Random Posts

Thursday, March 17, 2011

ബഹ്‌റൈന്‍ പ്രതിപക്ഷ നേതാക്കളെ അറസ്റ്റുചെയ്തതായി റിപ്പോര്‍ട്ട്


ബഹ്‌റൈനില്‍ ആറ് പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്തതായി ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. അല്‍ ഹഖ് മൂവ്‌മെന്റ് നേതാവ് ഹസന്‍ മിശൈമീഅ്, വഫ നേതാവ് അബ്ദല്‍ വഹാബ് ഹുസൈന്‍, വഅദ് പാര്‍ട്ടി നേതാവ് ഇബ്രാഹിം ശരീഫ് എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

ഹമദ് രാജാവ് മാപ്പ് നല്‍കി വിട്ടയച്ചവരില്‍ പെട്ടയാളാണ് ഹുസൈന്‍ മിശൈമീഅ്. ലണ്ടനില്‍ കഴിഞ്ഞിരുന്ന അദ്ദേഹം പ്രക്ഷോഭത്തെതുടര്‍ന്നാണ് മൂന്നാഴ്ച മുമ്പ് തിരിച്ചെത്തിയത്. പ്രക്ഷോഭകാരികള്‍ക്കിടയിലെ തീവ്രവാദ വിഭാഗത്തിന്റെ നേതാവാണ് അദ്ദേഹം.

ദിവസങ്ങള്‍ക്കുശേഷം ഇന്ന് മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് തുറന്നു. രാവിലെ മാര്‍ക്കറ്റില്‍ വലിയ തിരക്കായിരുന്നു. പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പച്ചക്കറികളും അവശ്യസാധനങ്ങളും തീര്‍ന്നുതുടങ്ങി. സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ വന്‍ തിരക്കാണ്. മനാമയിലും മറ്റിടങ്ങളിലും സ്ഥിതി ശാന്തമാണ്. പലയിടത്തും കടകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍, ചില വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ചില ഉള്‍ഭാഗങ്ങളില്‍ മാര്‍ഗതടസം സൃഷ്ടിച്ച് സായുധസംഘം കാവല്‍ നില്‍ക്കുന്നുണ്ട്.

ബഹ്‌റൈനിലെ ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിച്ചുകൊണ്ടുപോകാന്‍ ബ്രിട്ടന്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങള്‍ അയക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. വ്യാഴാഴ്ച മുതല്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ നാട്ടിലേക്കുമടങ്ങാന്‍ പൗരന്മാര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

അതിനിടെ, ആരോഗ്യ മന്ത്രി ഡോ. നിസാര്‍ അല്‍ ബഹാര്‍ന, പാര്‍പ്പിട മന്ത്രി ഡോ. മജീദ് ബിന്‍ മുഹ്‌സിന്‍ അല്‍അലവി എന്നിവര്‍ രാജി വെച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. രാജാവിന്റെ നിയമകാര്യ ഉപദേഷ്ടാവും ഇസ്‌ലാമിക കാര്യ ഉന്നതാധികാര സമിതി ഉപാധ്യക്ഷനുമായ ഡോ. മുഹമ്മദ് അലി മന്‍സൂര്‍ അസ്സിത്‌രി തന്റെ പദവിയില്‍ നിന്ന് ഒഴിവായതായി റിപ്പോര്‍ട്ടുണ്ട്.

ഹൈക്കോടതി ഉപദേശഷ്ടാവ് ശൈഖ് അഹ്മദ് അല്‍ അസ്ഫൂര്‍ രാജിവെച്ചതായും അഭ്യൂഹമുണ്ട്. ജഅ്ഫരീ കോടതി ജഡ്ജിമാരും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നാണ് ആരോപിച്ചാണ് രാജികളെന്നാണ് റിപ്പോര്‍ട്ട്.