Random Posts

Monday, March 28, 2011

അക്രമസമരങ്ങളുടെ ഇരയാണ് താനെന്ന് സിന്ധുജോയി


വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സി.പി.എം നടത്തിവന്ന അക്രമസമരങ്ങളുടെ ഇരയാണ് താനെന്ന് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്ധു ജോയി. 'വീക്ഷണ'ത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിന്ധുജോയി എസ്.എഫ്.ഐ നടത്തിയ അക്രമസമരങ്ങളെക്കുറിച്ച് പറയുന്നത്.
''അന്നത്തെ സമരങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് സി.പി.എമ്മിന്റെ കപടമുഖം കൂടുതല്‍ വ്യക്തമാകുന്നത്. വിദ്യാര്‍ത്ഥി സമരങ്ങളെ പാര്‍ട്ടി വിദഗ്ധമായി ഉപയോഗിക്കുകയായിരുന്നു. കല്ലെറിയാനും തീവെയ്ക്കാനും മുന്നില്‍ നിന്ന ഞങ്ങളെ പാര്‍ട്ടി കരുവാക്കി. പൊലീസ് മര്‍ദ്ദനവും കേസും വക്കാണവുമായി എത്രകാലം കഷ്ടപ്പെടേണ്ടി വന്നു. വിദ്യാര്‍ത്ഥികള്‍ ഇനിയെങ്കിലും തിരിച്ചറിയണം, അക്രമസമരം വേണോ വേണ്ടയോ എന്ന്. ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി നടത്തിയ അക്രമ സമരങ്ങളുടെ ഇരയാണ്. കല്ലെറിഞ്ഞതും തീവെയ്പ്പ് നടത്തുന്നതുമൊന്നും നാടിന് ഗുണമുണ്ടാക്കിയിട്ടില്ല. പകരം നഷ്ടങ്ങളുടെ പരമ്പരയാണുണ്ടാക്കിയത്. സമരത്തിനിറങ്ങുന്ന മക്കളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും തിരിച്ചറിവുണ്ടാകണം. വഴിയില്‍ കിടന്ന് തല്ലുവാങ്ങാനും ജയിലില്‍ കിടക്കാനും പാര്‍ട്ടി അവരെ ഉപയോഗിക്കുകയാണ്.'' -സിന്ധു ജോയി പറയുന്നു.2005 ജൂലൈയില്‍ നടന്ന സ്വാശ്രയ വിരുദ്ധ സമരങ്ങളിലൂടെയാണു സിന്ധു നഗരത്തെയും അതുവഴി സംസ്ഥാനത്തെയും വിദ്യാര്‍ഥിസമരങ്ങളിലൂടെ ആളിക്കത്തിച്ചത്. പ്രഫഷനല്‍ കോളജ് പ്രവേശന കൗണ്‍സലിങ്ങിനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ നിയമസഭാ മാര്‍ച്ചും എസ്.എഫ്.ഐ വിവിധ സ്ഥലങ്ങളില്‍ നടത്തിയ സമരവും അക്രമാസക്തമായതിനെത്തുടര്‍ന്നു തലസ്ഥാന നഗരിയും ജില്ലാ ആസ്ഥാനങ്ങളും കലാപഭൂമിയാകുകയായിരുന്നു. പൊലീസിനെ കല്ലെറിഞ്ഞും വാഹനങ്ങള്‍ തീവച്ചും സമരക്കാര്‍ രണ്ടുമണിക്കൂറിലേറെ തലസ്ഥാന നഗരം യുദ്ധഭൂമിയാക്കി. കൗണ്‍സലിംഗ് നടന്ന എന്‍ജിനീയറിംഗ് കോളജിനു മുന്നില്‍ ഭീകരമായ ഏറ്റുമുട്ടലില്‍ പൊലീസിന്റെ കണ്ണീര്‍വാതക ഷെല്‍ കാലില്‍ തുളച്ചുകയറിയ സിന്ധു ജോയിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയയാക്കുകയായിരുന്നു. ക്രച്ചസിലായിരുന്നു ഒരു വര്‍ഷത്തിലധികം സിന്ധുവിന്റെ ജീവിതം പിന്നീട്.
സ്ത്രീ എന്നനിലയില്‍ പാര്‍ട്ടി ഒരു പരിഗണനയും തന്നില്ല. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായി വ്യക്തിപരമായ അക്രമണമുണ്ടായപ്പോള്‍ സംരക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പുകാലത്തു ജയിലില്‍ കിടന്നപ്പോള്‍ വന്നു കെട്ടിപ്പിടിച്ച പി. കെ ശ്രീമതി പോലും അക്കാലത്തൊന്നും ആശ്വസിപ്പിക്കുകയോ അടുത്തുവരികയോ ചെയ്തിട്ടില്ല. വ്യക്തിപരമായി ആരെയും ആക്രമിക്കാന്‍ എനിക്ക് ഇഷ്ടമില്ല. എങ്കിലും വിഎസില്‍ പൊള്ളത്തരമുണ്ട്. പൊതുസമൂഹത്തിനു മുമ്പില്‍ എങ്ങനെ പ്രത്യക്ഷപ്പെടുമോ അതല്ല യഥാര്‍ഥ അച്യുതാനന്ദന്‍. എന്നോടാവട്ടെ എപ്പോഴും മുഖംതിരിക്കുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പ് കാണാന്‍പോയപ്പോള്‍ ഒന്ന് ഇരുത്താന്‍ പോലും തയാറായില്ല. ആ രീതിയില്‍ അവഗണിക്കുന്ന ആളാണ് സഖാവ് അച്യുതാനന്ദന്‍. പാര്‍ട്ടിക്കകത്ത് ഒരു സ്ത്രീയെ സംരക്ഷിക്കാന്‍ കഴിയാത്ത വി.എസ് എങ്ങനെയാണു കേരളത്തിലെ സ്ത്രീകളെ സംരക്ഷിക്കുന്നതെന്നും സിന്ധു ചോദിക്കുന്നു.