
തിരുവനന്തപുരം: യു.ഡി.എഫിന്റെ ഇലക്ഷന്‍ പ്രചരണ വെബ്‌സൈറ്റ് കേന്ദ്രപ്രതിരോധവകുപ്പുമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്തു. www.udf.org.in എന്നതാണ് വെബ്‌സൈറ്റിന്റെ അഡ്രസ്. വെബ്‌സൈറ്റില്‍ വോട്ടര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും സംവദിക്കുന്നതിനുള്ള സംവിധാനമുണ്ട്.
വിദേശമലയാളികളായ വോട്ടര്‍മാര്‍ക്കുവേണ്ടി 'എന്‍.ആര്‍.കെ. സോണ്‍' എന്ന പേരില്‍ ഒരു പ്രത്യേക സെക്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍.ആര്‍.കെ. സോണില്‍ വിദേശ വോട്ടര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങളും അതോടൊപ്പം അഭിപ്രായങ്ങളും ഫീഡ് ബാക്കുകളും രേഖപ്പെടുത്താനുള്ള സംവിധാനവും ഉണ്ട്. ഇത്തരത്തിലുള്ള ഒരു വെബ്‌സൈറ്റ് ആദ്യമായാണ് പുറത്തിറങ്ങുന്നത്. അതോടൊപ്പം യുവാക്കള്‍ക്കായി ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളായ ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കൂട്ട് കമ്മ്യൂണിറ്റീസ്, യൂ ട്യൂബ് തുടങ്ങിയവയുമായി സഹകരിച്ച് പ്രത്യേക ലിങ്കുകള്‍ തന്നെ ഒരുക്കിയിട്ടുണ്ട്. അതാതു ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ന്യൂസ് ലെറ്ററുകള്‍, പിക്ചറുകള്‍, വീഡിയോകള്‍ തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഏറ്റവും പുതിയ ഇലക്ഷന്‍ പ്രചരണ വിവരങ്ങളും അഭിപ്രായങ്ങളും യു.ഡി.എഫിന്റെ ഈ സൈറ്റില്‍ ലഭ്യമാണെന്ന് വെബ്‌സൈറ്റിന്റെ ഉള്ളടക്കം വിശദീകരിച്ചുകൊണ്ട് കെ.പി.സി.സി.യുടെ ഐ.ടി. ഉപദേഷ്ടാവ് രഞ്ജിത് ബാലന്‍ പറഞ്ഞു. ഹോട്ട് ഡിബേറ്റ്, യു.ഡി.എഫ്. ഹൈലൈറ്റ്‌സ്, കാര്‍ട്ടൂണ്‍, ബ്ലോഗ്, ലേഖനങ്ങള്‍ എന്നിവ ഈ വെബ്‌സൈറ്റിന്റെ പ്രത്യേകതകളാണ്. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി, സെക്രട്ടറി സഞ്ജയ് നിരുപം, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ജെ.എസ്.എസ്. നേതാവ് കെ.ആര്‍. ഗൗരി അമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.






