Random Posts

Tuesday, March 15, 2011

ശശി കുറ്റക്കാരന്‍: നടപടി തെരഞ്ഞെടുപ്പിനുശേഷം

തിരുവനന്തപുരം: പെരുമാറ്റദൂഷ്യത്തിന് ആരോപണവിധേയനായ സിപിഎം സംസ്ഥാനസെക്രട്ടറി പി.ശശി കുറ്റക്കാരാനാണെന്ന് ഇതുസംബന്ധിച്ച സിപിഎം അന്വേഷണകമ്മിഷന്‍. അതേസമയം തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കുന്നതിനാല്‍ ശശിക്കെതിരേയുള്ള നടപടി വൈകും. കണ്ണൂര്‍ ദേശാഭിമാനി യൂണിറ്റിലെ ഒരു ജീവനക്കാരിടെ പരാതിയാണ് സിപിഎമ്മിലെ ഈ കരുത്തന്റെ കരുത്ത് ചോര്‍ത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, എ.വിജയരാഘവന്‍ എന്നീ കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ഉള്‍പ്പെട്ട അന്വേഷണ കമ്മീഷനാണ് പി.ശശി കുറ്റക്കാരനാണെന്ന റിപ്പോര്‍ട്ട് പാര്‍ട്ടിയ്ക്കു നല്‍കിയത്. പരാതിക്കാരിയായ യുവതി പി.ശശിക്കെതിരെ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്നും കമ്മീഷന്‍ കണ്ടെത്തി.

പി.ശശിക്കെതിരെ പരാതി ലഭിച്ചുവെന്നും ഇതു സംബന്ധിച്ച് പരിശോധിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചുവെന്നും ഇതുവരെ സി.പി.എം. ഔദ്യോഗികമായി സമ്മതിച്ചിട്ടില്ലെന്നതാണ് ഇതിലെ വൈരുധ്യം. അതേസമയം താന്‍ തെറ്റുകാരനാണെന്ന അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ പി.ശശി തയ്യാറായില്ല. അത്തരം വാര്‍ത്ത തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നും പി.ശശി പറഞ്ഞു. അച്ചടക്കം ലംഘിച്ചുവെന്ന് പാര്‍ട്ടിക്ക് വ്യക്തമായ സാഹചര്യത്തില്‍ ശശിയെ സംസ്ഥാനക്കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തുകയോ പുറത്താക്കുകയോ ചെയ്യാനാണ് സാധ്യത. കണ്ണൂരില്‍ ശശിപ്രശ്‌നം യു.ഡി.എഫ് തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ സാധ്യതയുണ്ടെന്ന് സി.പി.എം കരുതുന്നു.

വി.എസ്.അച്യുതാനന്ദന്‍ കണ്ണൂരുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തേണ്ടിവരും. ഈ സാഹചര്യത്തില്‍ വി.എസ്സിന്റെ കടുത്ത എതിര്‍പ്പിന് വിധേയനായ ശശിക്കെതിരെ നടപടി വേണ്ടിവരുമെന്ന് ഔദ്യോഗിക വിഭാഗം തിരിച്ചറിഞ്ഞുകഴിഞ്ഞു. പിണറായി വിഭാഗത്തിന്റെ ശക്തനായ വക്താവ് കൂടിയായ ശശിയെ സെക്രട്ടറി സ്ഥാനത്തുനിന്ന് തല്ക്കാലത്തേക്ക് നീക്കി പകരം ചുമതല പി.ജയരാജന്‍ എം.എല്‍.എക്ക് നല്‍കിയത് കഴിഞ്ഞ ജനവരിയിലാണ്. അസുഖം കാരണം ചികിത്സയ്ക്കായി തല്ക്കാലം ശശി മാറിനില്ക്കുകയാണെന്നായിരുന്നു പാര്‍ട്ടി വിശദീകരണം. എന്നാല്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെത്തന്നെ ഒരു നേതാവിന്റെ പരാതിയെത്തുടര്‍ന്നാണ് ശശിക്കെതിരെ നടപടിയുണ്ടായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ശശിക്കെതിരായ ആരോപണം സി.പി.എം സംസ്ഥാനക്കമ്മിറ്റിയിലും ചുടുള്ള ചര്‍ച്ചയ്ക്കിടയാക്കി. വി.എസ്.പക്ഷത്തിന്റെ നോട്ടപ്പുള്ളിയായ ശശിക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹത്തെ സംസ്ഥാനക്കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നും വി.എസ്.വിഭാഗം ആവശ്യമുയര്‍ത്തി. കമ്മിറ്റിക്ക് പുറത്തും മാധ്യമങ്ങളിലും വിവാദം രൂക്ഷമായ സാഹചര്യത്തില്‍ ആരോപണത്തെക്കുറിച്ചന്വേഷിക്കാന്‍ സംസ്ഥാനസമിതി രണ്ടംഗ അന്വേഷണസമിതിയെ നിയോഗിക്കുകയാണുണ്ടായത്. അതിനിടെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുള്ള പി.ശശിയുടെ വിവാദമായ കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്.

വി.എസ്.തന്നോട് കുടിപ്പക കാണിക്കുകയാണെന്ന് ശശി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങളായി കടുത്ത അസുഖം കാരണം വന്‍ സാമ്പത്തിക ബാധ്യതയിലായതിനെക്കുറിച്ചും തനിക്ക് ചെലവേറിയ ചികിത്സ ഇനിയും ആവശ്യമാണെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിരുന്നു. തനിക്കെതിരെ ആസൂത്രിതമായി ദുരാരോപണങ്ങള്‍ ചില കേന്ദ്രങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉന്നയിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ പിണറായിക്കെഴുതി എന്നു പറയുന്ന ശശിയുടെ കത്തിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പിണറായി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് കത്ത് നല്കിയതിനെക്കുറിച്ചും പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

പി.ശശിക്കെതിരായ റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിച്ചത്. സെക്രട്ടേറിയറ്റ് ഇത് അംഗീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സമിതിയിലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണ സമിതിയുടെ ശുപാര്‍ശ പാര്‍ട്ടി അംഗീകരിച്ച സാഹചര്യത്തില്‍ പി.ശശിയോട് വിശദീകരണം തേടും. വിശദീകരണം പരിശോധിച്ചശേഷം ശശിക്കെതിരെ പാര്‍ട്ടിതല അച്ചടക്ക നടപടി ഉടന്‍ ഉണ്ടാകുമെന്നു തന്നെയാണ് സൂചന. കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജസ്റ്റിസ് മോഹന്‍ കുമാറിനെ മുഖ്യമന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ശശിയുടെ ആരോപണം തെറ്റെന്ന് സ്ഥാപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്താക്കിയത്. ശശിക്കെതിരേ നടപടിയെടുക്കുമെന്ന് വ്യക്തമായ സൂചന നല്‍കി വി.എസിന്റെ നയമാണ് ശരിയെന്ന ധാരണ പരത്താന്‍ പാര്‍ട്ടി തയാറായിക്കഴിഞ്ഞു. രണ്ടാമത്തേത് ആരോപണവിധേയനായ പി.ശശിക്കെതിരേ തങ്ങള്‍ നടപടിയെടുത്തുവെന്നു കാട്ടി യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഗൂഡതന്ത്രവും.

അതേസമയം സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ഔദ്യോഗികമായി മത്സരാര്‍ഥികളെ തീരുമാനിക്കുന്ന കാര്യവും ചര്‍ച്ച ചെയ്തു. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം രഹസ്യമാക്കി വക്കുന്നതിനായി സിന്‍ഡിക്കേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ സംഗതികള്‍ വഴി തിരിച്ചു വിടുകയായിരുന്നു ചെയ്തത്.മൂന്നു ദിവസമായി നടന്നു വന്ന യോഗത്തില്‍ ശക്തമായ വാദപ്രതിവാദങ്ങളാണ് പിണറായി പക്ഷവും വി.എസ് അച്യുതാനന്ദനും തമ്മില്‍ നടന്നത്. ഇതോടെ പോളിറ്റ് ബ്യൂറോയില്‍ എടുത്ത രഹസ്യതീരുമാനം കൂടുതല്‍ സംരക്ഷിക്കേണ്ട ബാധ്യതയിലേക്ക് പിണറായി വിജയന്‍ മാറുകയായിരുന്നു. വി.എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ആവശ്യം ജില്ലാഘടകങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വരട്ടെ എന്ന പരസ്യ നിലപാടിലാണ് ഇപ്പോള്‍ പാര്‍ട്ടി.

ഇന്നലെ സമാപന ദിനം നടന്ന യോഗവും മുഖ്യമന്ത്രിയും മന്ത്രി തോമസ് ഐസക്കും തമ്മില്‍ വാഗ്വാദത്തിന് വേദിയായി. സിബിഐ അന്വേഷണത്തിനു വിഎസ് നിരന്തരമായി ആവശ്യപ്പെടുക വഴി പാര്‍ട്ടിയെ ഒറ്റിക്കൊടുക്കാനുള്ള നീക്കമാണ് അദ്ദേഹം നടത്തുന്നതെന്ന വിമര്‍ശനം മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക പക്ഷം ഉന്നയിച്ചു. പാര്‍ട്ടി ഇക്കാര്യത്തില്‍ വിയോജിപ്പു വ്യക്തമാക്കിയിട്ടും കേന്ദ്രത്തിനു വിഎസ് കത്തുകള്‍ അയച്ചുകൊണ്ടേയിരിക്കുകയാണ്. ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് വിഎസ് ഈ നീക്കളെല്ലാം നടത്തുന്നത്.

ഒരു മുഖ്യമന്ത്രി ഇങ്ങനെയൊരു സമീപനം എടുക്കുന്നതു മന്ത്രിസഭയ്ക്ക് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഔദ്യോഗിക പക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ സാന്റിയാഗോ മാര്‍ട്ടിനെതിരെ നടപടിയെടുക്കുന്നത് എങ്ങനെ പാര്‍ട്ടിക്കെതിരാകുമെന്നു വിഎസ് ചോദിച്ചു. ഭരണത്തലവനെന്ന നിലയില്‍ താന്‍ കേന്ദ്രത്തിനു കത്തെഴുതിയത് ഭരണപരമായി സ്വീകരിക്കേണ്ട കാര്യം തന്നെയാണ്. ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടിയതു തന്റെ നടപടികളാണെന്നു വിഎസ് വാദിക്കുകയായിരുന്നു.