Random Posts

Sunday, March 20, 2011

സിപിഎമ്മില്‍ വീണ്ടും കലാപകാലം

> ബാലാരിഷ്ടത മാറാത്ത പാര്‍ട്ടിക്ക് വി.എസിന്റെ തെറ്റുതിരുത്തല്‍ രേഖയും വിപ്ലവാരിഷ്ടവും

തിരുവനന്തപുരം: ജനവികാരമെന്ന ആണി കൈയ്യില്‍പ്പിടിച്ച് വി.എസ് സിപിഎമ്മിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയുമടിച്ചു.അനാരോഗ്യമാണ് ,

മത്സര രംഗത്തു നിന്നും  ഒഴിവാക്കണമെന്ന് താന്‍  ആവശ്യപ്പെട്ടുവെന്ന പ്രചരണങ്ങളെ വി.എസ് തള്ളിപ്പറഞ്ഞു.ഇതോടെ സിപിഎം ഔദ്യോഗിക വിഭാഗം പ്രചരിപ്പിച്ച വാര്‍ത്തകള്‍ നനഞ്ഞ പടക്കമാവുകയും ചെയ്തു.മല്‍സരിക്കണമെന്നു തന്നെയായിരുന്നു തന്റെ തീരുമാനമെന്നും വി.എസ് വ്യക്തമാക്കി. പാര്‍ട്ടി അനുഭാവികളുടെ  പ്രകടനങ്ങള്‍ കണക്കിലെടുത്തല്ല വി.എസിനെ  സ്ഥാനാര്‍ഥിയാക്കിയതെന്ന കോടിയേരിയുടേയും പ്രകടനങ്ങള്‍ നടത്തിയത് പാര്‍ട്ടിക്കാരല്ലെന്നുള്ള പിണറായി വിജയന്റെയും പ്രസ്താവനകളെ മുഖ്യമന്ത്രി പുച്ഛിച്ചു തള്ളുകയും ചെയ്തു.പാര്‍ട്ടി എടുക്കുന്ന തീരുമാനം അനുകൂലമെന്നോ, പ്രതികൂലമെന്നോ ഉള്ള വികാരം ജനങ്ങളിലുണ്ടാക്കും.തെറ്റു മനസിലാക്കി അപ്പോള്‍ തിരുത്തലിന് പാര്‍ട്ടി തയാറാകണം.ജനവികാരം അതിന് ഉപകാരപ്പെടുമെന്നാണ് കേരളത്തിലെ  പിബി അംഗങ്ങളുടെ പ്രസ്താവനയ്ക്ക് വി.എസ് നല്‍കിയ മറുപടി.
 
പാര്‍ട്ടിക്ക് ബാലാരിഷ്ടത മാറിയിട്ടില്ലെന്ന സൂചന നല്‍കിയ വി.എസ് ഇതു പരിഹാരമായി തെറ്റു തിരുത്തല്‍ രേഖയും വിപ്ലവാരിഷ്ടവുമാണ് വേണ്ടതെന്ന് വ്യംഗ്യമായി സൂചിപ്പിക്കുകയും ചെയ്തു.
പ്രകടനം നടത്തുന്നവര്‍ക്കെതിരേ ഇടപെടുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യേണ്ടതില്ലെന്ന വി.എസിന്റെ വാക്കുകള്‍ പിണറായി വിജയന്‍ അച്ചടക്കനടപടിയെന്ന കൊമ്പുകുലുക്കേണ്ടതില്ലെന്നതിന്റെ  സൂചനയുമാണ്.പാര്‍ട്ടിയുടെ സമീപനം തെറ്റാണെന്നു തന്നെയാണ് പാര്‍ട്ടി തീരുമാനം അനുസരിക്കുന്നുവെന്ന പ്രഖ്യാപനത്തോടൊപ്പം വി.എസ് വ്യക്തമാക്കിയിരിക്കുന്നത്.പാര്‍ട്ടി അച്ചടക്കം എന്ന ഭീഷണി കയ്യില്‍ വച്ചിരുന്നാല്‍ മതിയെന്ന സൂചനയും ഇതോടൊപ്പം വി.എസ് പ്രകടിപ്പിച്ചു.പാര്‍ട്ടി തീരുമാനം ജനഹിതമനുസരിച്ചായിരിക്കണം. തെറ്റായ തീരുമാനമെന്ന് വരുമ്പോള്‍ ജനങ്ങള്‍ അതിനെ ചോദ്യം ചെയ്യും.അതു മനസിലാക്കി പ്രവര്‍ത്തിക്കേണ്ടത് പാര്‍ട്ടിയാണെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

തന്റെ അഞ്ചു വര്‍ഷത്തെ പെര്‍ഫോമന്‍സ് ജനങ്ങളില്‍ മതിപ്പുണ്ടാക്കിയെന്ന് വ്യക്തമാക്കിയ വി.എസ് അച്യുതാനന്ദന്‍ തന്നെ പാര്‍ട്ടി വിലയിരുത്തിയത് പൂര്‍ണമായും തെറ്റാണെന്നു വിളിച്ചു പറയുകയായിരുന്നു.പാര്‍ട്ടിക്ക് തെറ്റു മാത്രമേ പറ്റിയിട്ടുള്ളുവെന്നും അഞ്ചു വര്‍ഷവും താന്‍ പ്രയത്‌നിച്ചതിന്റെ ക്രെഡിറ്റ് പാര്‍ട്ടിക്ക് നല്‍കാനാകില്ലെന്നുമാണ് സ്വന്തം പെര്‍ഫോമന്‍സിനെ പറ്റി വി.എസ് പറഞ്ഞുവച്ചത്.കഴിഞ്ഞ 50 വര്‍ഷത്തെ ഭരണത്തിനേക്കാള്‍ ഏറ്റവും മികച്ചതായിരുന്നു തന്റേതെന്നു പറഞ്ഞ വി.എസ് ഫലത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടി മുഖ്യമന്ത്രിമാരായിരുന്ന ഇഎംഎസ്, നായനാര്‍ എന്നിവര്‍ കഴിവുകെട്ടവന്‍മാരാണെന്ന് വ്യംഗ്യമായി വ്യക്തമാക്കുകയായിരുന്നു. പാര്‍ട്ടി പോളിറ്റ് ബ്യൂറോ എന്നതു വലിയ ആനക്കാര്യമല്ലെന്നും വി.എസ് പറഞ്ഞുവച്ചു.തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ താന്‍ തന്നെ നയിക്കുമെന്നും പിബി അംഗമായ കോടിയേരി മത്സരിച്ചാലും സീനിയോരിറ്റിയും ഭരണ പരിചയവുമാണ് നേതൃത്വത്തിന്റെ മാനദണ്ഡമെന്നും വി.എസ് വ്യക്തമാക്കി.
 
ഭരണത്തിലിരിക്കെ നീണ്ട അഞ്ചു വര്‍ഷം തമ്മില്‍ തമ്മില്‍ തല്ലി ജനത്തെ വെള്ളം കുടിപ്പിച്ച അതേ അവസ്ഥ തന്നെ ഇനിയും തുടരുമെന്ന് വ്യക്തമാക്കുന്നതാണ് സിപിഎമ്മിലെ സ്ഥാനാര്‍ഥി നിര്‍ണയവും വി.എസ് ഇന്നലെ നടത്തിയ വെളിപ്പെടുത്തലുകളും. സിപിഎമ്മിനെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിപ്ലവകാരികളായി വരെ വേഷം കെട്ടുമെന്നാണ് വി.എസിനെ ലക്ഷ്യമാക്കി പിണറായി വിജയന്‍ ഇന്നലെ ഇഎംഎസ് അനുസ്മരണ ചടങ്ങില്‍ പറഞ്ഞത്.ഇഎംഎസിനു ശേഷം പാര്‍ട്ടി ഒറ്റക്കെട്ടല്ല എന്ന് പിണറായിക്ക് സമ്മതിക്കേണ്ടിയും വന്നു.സിപിഎം തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പാര്‍ട്ടിയല്ലെന്നുള്ള കോടിയേരിയുടെ വാക്കുകളും പരാജയം സമ്മതിക്കല്‍ തന്നെയായിരുന്നു. പരാജയത്തിന്റെ കയ്പ്പ് മറക്കാന്‍ മാധ്യമങ്ങള്‍ക്ക് മേല്‍ കുതിര കയറിയ പാര്‍ട്ടി സെക്രട്ടറി വി.എസിന് വ്യംഗ്യമായി പ്രഹരമേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.പണം വാങ്ങി വാര്‍ത്ത നല്‍കുന്ന സമ്പ്രദായം കേരളത്തിലുമുണ്ടെന്നാണ് പിണറായി വിജയന്‍ ആരോപിച്ചിരിക്കുന്നത്. തെറ്റായ വാര്‍ത്തകള്‍ നല്‍കാന്‍ ചില മാധ്യമപ്രവര്‍ത്തകര്‍ അതീവ താല്‍പര്യം കാണിക്കുന്നു.
 
ദശാബ്ദങ്ങളായി പൊതുപ്രവര്‍ത്തനത്തിലുള്ള കമ്യൂണിസ്റ്റുകാരെ ആക്രമിച്ചു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്.പൊയ്മറകള്‍ ഉണ്ടാക്കിയതു കൊണ്ടു തകര്‍ന്നു പോകുന്നതല്ല സിപിഎം. സിപിഎമ്മിനെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിപ്ലവകാരികളായി വരെ വേഷം കെട്ടുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം പോലും മറന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നല്‍കിയ ഇഎംഎസിനെ എല്ലാവരും മാതൃകയാക്കണമെന്ന പിണറായിയുടെ പ്രസ്താവന വി.എസ് മത്സര രംഗത്തു നിന്നുമാറി പ്രചരണ രംഗത്ത് സജീവണമാകമായിരുന്നു എന്നതിന്റെ സൂചനയുമാണ്.
ആനത്തലവട്ടം ആനന്ദന്‍, ശിവദാസ മേനോന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വി.എസ് സംസ്ഥാന കമ്മിറ്റിയില്‍ അനാരോഗ്യം മൂലം തന്നെ ഒഴിവാക്കണമെന്നു പറഞ്ഞെന്നാണ് വ്യക്തമാക്കിയത്.വി.എസ് അപേക്ഷ വച്ചിരുന്നുവെന്നു കൂടി ശിവദാസമേനോന്‍ പറഞ്ഞു.പാര്‍ട്ടി കീഴ്ഘടകങ്ങളിലും അനാരോഗ്യം മൂലം മാറി നല്‍ക്കാന്‍ അനുവദിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടതിനാല്‍ മാറ്റി നിര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ടിംഗ് നടന്നിട്ടുള്ളത്.വി.എസ് ഇത്തരം പ്രസ്താവനകളും പ്രചരിപ്പിക്കലുകളുമെല്ലാം തള്ളിക്കളഞ്ഞതോടെ പാര്‍ട്ടിക്കുള്ളില്‍ അടുത്ത ആഭ്യന്തര യുദ്ധത്തിന് കളമൊരുങ്ങുകയാണ്.

ഇതിനിടെ വി.എസ് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രതികരണങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്നാവശ്യപ്പെട്ട് കാരാട്ടിന്റെ സന്ദേശം ക്ലിഫ് ഹൗസില്‍ എത്തിക്കഴിഞ്ഞു.പാര്‍ട്ടിക്ക് മേലേയല്ല വ്യക്തിയെന്ന ചിന്തയോടെ പ്രവര്‍ത്തിക്കണമം എന്ന നിര്‍ദേശമാണ് വി.എസിനു ലഭിച്ചിരിക്കുന്നത്.വിരുദ്ധ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള നിര്‍ദേശത്തിനൊപ്പം  ഉടന്‍ പിബിയിലേക്ക് മടക്കിക്കൊണ്ടു വരാം എന്ന വാഗ്ദാനവും മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്.വി.എസിനെ ഒഴിവാക്കാന്‍ വി.എസ് അനുകൂലികളെ സ്ഥാനാര്‍ഥി പട്ടികയില്‍ കുത്തി നിറച്ച പിണറായി ഇപ്പോള്‍ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന മട്ടിലുമായിരിക്കുകയാണ്.