Random Posts

Thursday, March 24, 2011

പടവെട്ടാന്‍ സംസ്ഥാന നേതൃനിര, ആലപ്പുഴയ്ക്ക് താരത്തിളക്കം

ആലപ്പുഴ: തെരഞ്ഞെടുപ്പ് ചിത്രത്തിന് വ്യക്തത കൈവന്നതോടെ സംസ്ഥാനത്തെ പ്രമുഖരുടെ മത്സരം കൊണ്ട് ദേശീയ രാഷ്ട്രീയം പോലും ഉറ്റുനോക്കുന്ന ജില്ലയായി ആലപ്പുഴ മാറിക്കഴിഞ്ഞു. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ അമരക്കാരന്‍ മുതല്‍ സംസ്ഥാനത്തെ
വിവിധ യുവജന പ്രസ്ഥാനങ്ങളുടെ നേതൃനിരവരേയും സംസ്ഥാനത്തെ രണ്ട് മന്ത്രിമാരും മാറ്റുരയ്ക്കുന്ന ആലപ്പുഴ ജില്ല തന്നെയാണ് ഇത്തവണത്തെ ശ്രദ്ധാ കേന്ദ്രവും. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് വി ഐ പി മണ്ഡലമായ ഹരിപ്പാട്, ജെ എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗൗരിയമ്മ മാറ്റുരയ്ക്കുന്ന ചേര്‍ത്തല, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് ജനവിധി തേടുന്ന ചെങ്ങന്നൂര്‍, വൈസ് പ്രസിഡന്റ് എം ലിജു ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന അമ്പലപ്പുഴ, എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദ് രണ്ടാം തവണയും അങ്കത്തിനിറങ്ങുന്ന ഹരിപ്പാട് എന്നീ മണ്ഡലങ്ങളാണ് ജില്ലയ്ക്ക് പുറത്തും ചര്‍ച്ചയാകുന്നത്. ഇടതു മുന്നണിയിലെ മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരനും ആലപ്പുഴയില്‍ നിന്നു തന്നെയാണ് ഇത്തവണയും ജനവിധി തേടുന്നത്. ഹരിപ്പാട് മണ്ഡലത്തില്‍ 1982-ല്‍ കന്നിയങ്കം കുറിച്ച് നിയമസഭയിലെത്തിയ കെ പി സി സി പ്രസിഡന്റ് വലിയൊരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ഹരിപ്പാട് മത്സരിക്കാനെത്തുന്നത്.എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണ പ്രസാദാണ് ചെന്നിത്തലയോട് ഏറ്റുമുട്ടുന്നത്.കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്നും എ എ ഷുക്കൂറിനോട് പരാജയപ്പെട്ടയാളാണ് കൃഷ്ണപ്രസാദ്.
 
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ് തന്റെ പഴയ തട്ടകമായ ചെങ്ങന്നൂരില്‍ മുന്‍ എം പി സി എസ് സുജാതയോട് ഏറ്റുമുട്ടുമ്പോള്‍ കന്നിയങ്കക്കാരനായ വൈസ് പ്രസിഡന്റ് അഡ്വ എം ലിജു മന്ത്രി ജി സുധാകരന് അമ്പലപ്പുഴയില്‍ വെല്ലുവിളി ഉയര്‍ത്തി മുന്നേറുന്നു. കേന്ദ്രമന്ത്രിമാരായ എ കെ ആന്റെണിയുടേയും വയലാര്‍രവിയുടേയും തട്ടകമായ ചേര്‍ത്തലയില്‍ നിന്നും കെ ആര്‍ ഗൗരിയമ്മയാണ് യു ഡി എഫ് ടിക്കറ്റില്‍ മത്സരിക്കുന്നത്. സി പി ഐയിലെ പി തിലോത്തമനാണ് ഗൗരിയമ്മയുടെ എതിരാളി. മണ്ഡല വിഭജനത്തോടെ മാരാരിക്കുളം മണ്ഡലം ചരിത്രത്തിന് വഴിമാറിയെങ്കിലും ഇതിലെ ചിലഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന പുതിയ ആലപ്പുഴ മണ്ഡലത്തിലാണ് ധനകാര്യമന്ത്രി തോമസ് ഐസക് മത്സരിക്കുന്നത്.യു ഡി എഫിലെ അഡ്വ പി ജെ മാത്യുവാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി.ആകെയുളള ഒന്‍പത് മണ്ഡലങ്ങളില്‍ ആറ് സ്ഥലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.മാവേലിക്കരയില്‍ ജെ എസ് എസിലെ കെ കെ ഷാജുവും കായംകളത്ത് കോണ്‍ഗ്രസിലെ എം മുരളി എം എല്‍ എയും കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസിലെ ഡോ കെ സി ജോസഫും അരൂരില്‍ കോണ്‍ഗ്രസിലെ എ എ ഷുക്കൂര്‍ എം എല്‍ എയുമാണ് സ്ഥാനാര്‍ത്ഥികള്‍. ഏവരും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത്  ഇറങ്ങിയതോടെ താരത്തിളക്കമുളള ജില്ലയായി ആലപ്പുഴ മാറിയിരിക്കുകയാണ്.