Random Posts

Sunday, March 20, 2011

ബാപ്പയെ രക്ഷിച്ച ഉമ്മന്‍ ചാണ്ടിക്ക് ആലിയയുടെ സ്‌നേഹചുംബനം

തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ ഔദ്യോഗികവസതിയിലാണ് താനെത്തിയതെന്ന് ആലിയയ്ക്ക് അറിയില്ല. പക്ഷെ തന്റെ ഉപ്പയുടെ ജീവന്‍ രക്ഷിച്ച ഒരാള്‍ ഈ വീട്ടിലുണ്ടെന്ന് അവള്‍ക്ക് അറിയാം.
വീടിനുള്ളില്‍ നിരവധി പേരുണ്ട്. ആരൊക്കെയോ വന്നുപോകുന്നു. എല്ലാവരെയും ആലിയ നന്നായി നോക്കുന്നുണ്ട്. കടലിനക്കരെയുള്ള ജയിലില്‍ തടവില്‍ കഴിയുന്ന ഉപ്പയുടെ ജീവന്‍ രക്ഷിച്ചയാളെ കണ്ടെത്താനുള്ള ആകാംക്ഷ അതിരുകടന്നപ്പോള്‍ അവള്‍ ഉമ്മയോട് ചോദിച്ചു; ''ആരാണുമ്മാ അത്. എന്നെ ഒന്നു കാണിച്ചു താ, ഞാന്‍ ഒരു മുത്തം കൊടുക്കട്ടെ!.'' ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ഉമ്മന്‍ചാണ്ടി, കാറില്‍ വന്നിറങ്ങി വീടിനകത്തേക്ക് പോകുമ്പോഴാണ് ഉമ്മറത്ത് നില്‍ക്കുന്ന ഏഴുവയസ്സുകാരിയായ ആലിയയെ കാണുന്നത്. അടുത്തെത്തി അല്‍പ്പം കുനിഞ്ഞുനിന്ന് ഉമ്മന്‍ചാണ്ടി അവളുടെ കവിളില്‍ തട്ടി സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍ ആലിയ ഉറക്കെ വിളിച്ചുകൂവി; ''എനിക്ക് മനസ്സിലായി! ഇതുതന്നെയല്ലേ ആ ആള്.'' കാര്യമൊന്നും മനസ്സിലായില്ലെങ്കിലും അതുകേട്ട് ഉമ്മന്‍ചാണ്ടി ചിരിച്ചു. അപ്പോഴും ആലിയയുടെ ഉമ്മ ഫൗസിയയുടെ കണ്ണില്‍നിന്ന് ആനന്ദക്കണ്ണീര്‍ പൊഴിഞ്ഞുകൊണ്ടിരുന്നു.

സൗദിയിലെ ജയിലില്‍ കഴിയുന്ന വാപ്പയ്ക്ക് വധശിക്ഷയില്‍ ഇളവുകിട്ടിയതിന്റെ നന്ദി പ്രതിപക്ഷനേതാവിനെ അറിയിക്കാനെത്തിയതാണ് ആലിയയും കുടുംബവും. ആലിയയുടെ വാപ്പ മുസ്തഫ സൗദിയിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നിരന്തര പരിശ്രമത്തെ തുടര്‍ന്ന് വധശിക്ഷയില്‍ നിന്ന് മുസ്തഫയ്ക്ക് ഇളവു ലഭിച്ചു. ഇവര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടി രക്ഷപ്പെടുത്തിയ മറ്റ് മൂന്നു മലയാളികളുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.
മംഗലാപുരം സ്വദേശി മുഹമ്മദ് അഷ്‌റഫ്  സൗദിയില്‍ കൊല്ലപ്പെട്ട കേസില്‍ കണ്ണൂര്‍ ഇരിട്ടി കല്ലുമുട്ടി സ്വദേശി സജ്‌ന മന്‍സിലില്‍ ഫസലുദ്ദീന്‍, തിരുവനന്തപുരം പെരിങ്ങമ്മല കൊച്ചുവിള മാമ്മൂട്ട് കരിക്കകം സ്വദേശി ബീനാ മന്‍സിലില്‍ സക്കീര്‍ ഹുസൈന്‍, മലപ്പുറം പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശി കുന്നത്തുഹൗസില്‍ മുഹമ്മദ് മുസ്തഫ, പാലക്കാട് മണ്ണാര്‍ക്കാട് കൊടക്കാട് സ്വദേശി മണ്ണില്‍ ഹൗസില്‍ മുഹമ്മദ് മുസ്തഫ എന്നിവര്‍ക്കാണ് വധശിക്ഷയില്‍ ഇളവ് കിട്ടിയത്.

ഇന്നലെ പന്ത്രണ്ട് മണിയോടെ കന്റോണ്‍മെന്റ് ഹൗസിലെത്തിയ കുടുംബാംഗങ്ങളോട് സൗദിയിലുള്ളവരുടെ വിവരങ്ങള്‍ ഉമ്മന്‍ചാണ്ടി ചോദിച്ചറിഞ്ഞു. തന്നോടല്ല, കൊല്ലപ്പെട്ട അഷ്‌റഫിന്റെ കുടുംബത്തിന് 80 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുന്നതിന് മനസ് കാട്ടിയ പ്രമുഖ ഗള്‍ഫ് വ്യവസായി സി.കെ മേനോനെയാണ് നന്ദി അറിയിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഉടന്‍തന്നെ മേനോന് കത്തെഴുതണമെന്ന് പറഞ്ഞു. ഫോണില്‍ സംസാരിക്കുന്നതിനായി അവസരം ഒരുക്കാന്‍ പേഴ്‌സണല്‍ സ്റ്റാഫിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. സക്കീര്‍ ഹുസൈന്റ മാതാപിക്കളായ മൂസാക്കുഞ്ഞ്, റുഹാലത്ത് ബീവി, മുസ്തഫയുടെ മാതാപിതാക്കളായ സെയ്തലവി, ഫാത്തിമ, ഭാര്യ ഫൗസിയ, മകള്‍ അലിയ, മുഹമ്മദ് മുസ്തഫയുടെ മാതാപിതാക്കളായ അലവി, സഫിയ, ഭാര്യ ഫാത്തിമ സുഹ്‌റ, മക്കളായ റാസിക്, റാഷിദ്, ഫസലുദ്ദീന്റെ ഉമ്മ റാബിയ, ഭാര്യ റസിയ, മകന്‍ ഫയസ് എന്നിവരാണ് എത്തിയിരുന്നത്. ഇവക്കൊപ്പം മറ്റ് അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു. ശിക്ഷയില്‍ ഇളവ് കിട്ടി വൈകാതെ ഇവര്‍ ജയില്‍ മോചിതരാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. റിയാദ് മലസ് സെന്‍ട്രല്‍ ജയിലിലാണ് നാല് പേരും കഴിയുന്നത്.

മുഹമ്മദ് അഷ്‌റഫിനെ (24) സുഹൃത്തുക്കളായ നാലു പ്രതികളും ചേര്‍ന്ന് 2008 ഏപ്രില്‍ ഏഴിന് കൊലപ്പെടുത്തിയെന്നാണ് കേസ്. റിയാദിന്റെ തെക്ക് ഭാഗമായ അസീസിയയിലെ ഒരു ഫഌറ്റിലാണത്രെ കൊലപാതകം നടന്നത്. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലയില്‍ കലാശിക്കുകയായിരുന്നു. രണ്ടരവര്‍ഷം മുമ്പാണ് കോടതി വിധിയുണ്ടായത്. കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ മാപ്പ് കൊടുക്കാന്‍ സന്നദ്ധരായാല്‍ വധശിക്ഷ ഒഴിവാകുമെന്ന ശരീഅത്ത് നിയമത്തിലെ വ്യവസ്ഥ കണക്കിലെടുത്ത് റിയാദിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതാണ് വഴിത്തിരിവായത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇവരുടെ കുടുംബാംഗങ്ങള്‍ പ്രതിപക്ഷ നേതാവിനെ നേരിട്ട് കണ്ട് സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് സൗദിയിലെ ഒ.ഐ.സി.സി പ്രവര്‍ത്തകരുമായും സാമൂഹിക പ്രവര്‍ത്തകരുമായും മറ്റും ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ വീട്ടുകാരുമായി സംസാരിക്കാന്‍ വഴിയുണ്ടാക്കുകയായിരുന്നു.
 
നിരന്തര ശ്രമങ്ങളെ തുടര്‍ന്ന് 80 ലക്ഷം രൂപ നല്‍കിയാല്‍ മാപ്പ് നല്‍കാമെന്ന് കൊല്ലപ്പെട്ട മുഹമ്മദ് അഷ്‌റഫിന്റെ പിതാവ് സമ്മതിച്ചു. അതേ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി വിദേശ മലയാളികളുടെ സഹായം അഭ്യര്‍ഥിച്ചു. സി.കെ. മേനോന്‍ മുഴുവന്‍ തുകയും നല്‍കാന്‍ തയാറായി. കൊല്ലപ്പെട്ട അഷ്‌റഫിന്റെ പിതാവ് മംഗലാപുരം ബാജ്‌പെ കര്‍ണബാര്‍ കരമ്പാര്‍ അബ്ദുല്‍ ഖാദര്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കിയതോടെയാണ് വധശിക്ഷ ഒഴിവായിക്കിട്ടിയത്. റിയാദില്‍ ജോലിചെയ്യുന്ന അദ്ദേഹം കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെത്തി മാപ്പ് നല്‍കുന്നതിനുള്ള രേഖകള്‍ കൈമാറിയിരുന്നു. ഇതിനായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മാസങ്ങളായി  ശ്രമിച്ചുവരികയായിരുന്നു. തന്റെ പേഴസണല്‍ സ്റ്റാഫ് അംഗം ശിവദാസനെ ഗള്‍ഫിലേക്ക് അയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 19-ന് സുപ്രീംകോടതി വധശിക്ഷ ഇളവ് അംഗീകരിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് വധശിക്ഷ ഇളവ് ചെയ്തത്.