
കാരാട്ടിന് നല്‍കിയ പരാതിയിലെ പ്രധാന ഇനങ്ങള്‍
>അഴിമതിക്കാരെ രക്ഷിക്കാന്‍ തന്നെക്കൊണ്ട് കോടതിയില്‍ വി.എസ്. മൊഴിമാറ്റിച്ചു അബ്കാരി കരാറുകാരനില്‍ നിന്ന് അഞ്ചുലക്ഷം കോഴ നേരിട്ട് വി.എസിന് കൈമാറി
>ഇ.എം.എസിന്റെയും നയനാരുടെയും സംസാരം രഹസ്യ ശബ്ദലേഖനം ചെയ്യിപ്പിച്ചു പാര്‍ട്ടി രഹസ്യങ്ങള്‍ വി.എസിന് അനുകൂലമായി താന്‍വഴി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും മകന്‍ അരുണ്‍കുമാറിനുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയുടെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ 'ചിന്ത' വാരികയുടെ മുന്‍മാനേജരുടെ പരാതി. വി.എസിന്റെ വിശ്വസ്തനും ചിന്തയുടെ സര്‍ക്കുലേഷന്‍ മാനേജരുമായിരുന്ന ആലപ്പുഴ കുന്നംകരി സ്വദേശി എം.ആര്‍ ഷാജിയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പരാതിയയച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവും പുലിമുഖത്ത് ഉപ്പായി (ഗ്രിഗറി) കൊലക്കേസില്‍ പ്രതിയായി ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചയാളുമായിരുന്ന എം.എന്‍ രാഘവന്റെ മകനാണ് എം.ആര്‍ ഷാജി. 2001ല്‍ കൈക്കൂലിക്കേസില്‍ പ്രതിയായ രണ്ടു ഡോക്ടര്‍മാരെ രക്ഷിക്കാന്‍ നേരിട്ട് വി എസ് ഇടപെട്ട് തന്നെക്കൊണ്ട് മൊഴിമാറ്റി പറയിച്ചു രക്ഷപ്പെടുത്തിയെന്നതാണ് ഒരാരോപണം. മാരാരിക്കുളത്ത് നിന്ന് വി.എസ് മല്‍സരിച്ച 1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അബ്കാരി കരാറുകാരനില്‍നിന്ന് അഞ്ചു ലക്ഷം രൂപ തന്നെ കൊണ്ട് വാങ്ങിപ്പിച്ചതായാണ് മറ്റൊരു പരാതി. ഈ തുക വി.എസിന്റെ പറവൂരിലെ വീട്ടില്‍ വച്ചാണ് അദ്ദേഹത്തിന് കൈമാറിയതത്രേ. അബ്കാരി കരാറുകാരനായ എന്‍ കെ നാരായണനെന്ന അബ്കാരിയില്‍ നിന്ന് വി.എസ് പണം വാങ്ങിയ വിവരം പുറത്തായതോടെ വിഷയം സംസ്ഥാന കമ്മിറ്റിയില്‍ കെ.എം സുധാകരന്‍ ഉന്നയിച്ചിരുന്നു. അന്നത്തെ സംസ്ഥാന കമ്മിറ്റിയുടെ മിനിറ്റ്‌സ് പരിശോധിച്ചാല്‍ ഇതു സംബന്ധിച്ച വിവരം കണ്ടെത്താനാവുമെന്നും കത്തില്‍ വിശദീകരിക്കുന്നു.
ചിന്ത സര്‍ക്കുലേഷന്‍ മാനേജരായിരിക്കെ എ.കെ.ജി സെന്ററില്‍ ഇ.എം.എസ്, ഇ.കെ നായനാര്‍, എം.എം ലോറന്‍സ് തുടങ്ങിയവരുടെ സംഭാഷണങ്ങള്‍ രസഹ്യമായി ചോര്‍ത്താന്‍ ടേപ്പ് റിക്കോര്‍ഡര്‍ നല്‍കി വി.എസ് തന്നെ നിയോഗിച്ചിരുന്നതായുള്ള ഷാജിയുടെ വെളിപ്പെടുത്തല്‍ നേരത്തെ തന്നെ വിവാദം ഉയര്‍ത്തിയിരുന്നു. എ.കെ.ജി സെന്ററിലെ ഒരു ജീവനക്കാരന്റെ സഹായത്തോടെയാണ് സംഭാഷണം ചോര്‍ത്തിയിരുന്നത്. പാര്‍ട്ടി തീരുമാനങ്ങള്‍ വി.എസിന് അനുകൂലമായി പത്രങ്ങള്‍ക്ക് ചോര്‍ത്തി കൊടുക്കുന്നതിന് തന്നെ ഉപയോഗിച്ചിരുന്നതായും സി.പി.എം ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്. പൈല്‍സ് ശസ്ത്രക്രിയക്ക് വേണ്ടി തന്നോട് 2000 രൂപ കൈക്കൂലി ചോദിച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറെ വിജിലന്‍സിനെ ഉപയോഗിച്ച് കുടുക്കിയ സംഭവത്തിലും വി.എസ് ഇടപെട്ടു. തന്റെ ഭാര്യയുടെ ഗര്‍ഭാശയ സംബന്ധമായ രോഗത്തിന് ചികില്‍സ നല്‍കാന്‍ കൈക്കൂലി വാങ്ങിയ വനിത ഡോക്ടറെ വിജിലന്‍സ് പിടികൂടിയ സംഭവം ഒതുക്കി തീര്‍ക്കാനും വി.എസ് ഇടപ്പെട്ടു.






