
കാസര്‍കോട്: സാന്റിയാഗോ മാര്‍ട്ടിന്റെ പണം കൊണ്ടാണ് സി.പി.എം. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനാണ് സി.പി.എമ്മിന്റെ സ്‌പോണ്‍സറെന്നും ചെന്നിത്തല പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ബംഗാളില്‍ സി.പി.എം. നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹെലികോപ്റ്റര്‍ ഉപയോഗിക്കുമ്പോള്‍ അതു കണ്ടില്ലെന്ന് നടിച്ച് കേരളത്തില്‍ ഹെലികോപ്റ്റര്‍ വന്നപ്പോള്‍ അതിനെ വിമര്‍ശിക്കുന്നു. മുമ്പ് കമ്പ്യൂട്ടറിനെ എതിര്‍ത്ത പിണറായി വിജയന്‍ ഇപ്പോള്‍ ലാപ്‌ടോപ്പുമായാണ് നടക്കുന്നത്. ട്രാക്ടറിനെയും കൊയ്ത്തുയന്ത്രത്തേയും എതിര്‍ത്തവര്‍ ഇപ്പോഴതിന്റെ പിന്നാലെയാണ്. ഭരണനേട്ടം പറയാനില്ലാഞ്ഞിട്ടാണ് ഇപ്പോള്‍ ഹെലികോപ്റ്റര്‍ വിവാദമാക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും വി.എസും പിണറായിയും ഹെലികോപ്റ്റര്‍ ഉപയോഗിക്കുമെന്നും രമേശ് പരിഹസിച്ചു. കള്ളപ്പണം കൊണ്ട് ഹെലിക്കോപ്റ്റര്‍ വാങ്ങേണ്ട ഗതികേട് കോണ്‍ഗ്രസ്സിനില്ല. എ.ഐ.സി.സി. നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്നതാണ് ഹെലിക്കോപ്റ്റര്‍. അത് ആവശ്യമെങ്കില്‍ ഉപയോഗിക്കും.
അഞ്ചുവര്‍ഷം കൊണ്ട് ഭരണത്തിന്റെ കെടുതിയനുഭവിച്ച ജനങ്ങള്‍ ഈ ഗവണ്‍മെന്റിനെ താഴെയിറക്കും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പും. മുഖ്യമന്ത്രിയും പാര്‍ട്ടിയും തമ്മിലുള്ള തമ്മിലടി മൂലം അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ 15 വര്‍ഷം പിന്നോട്ടടിപ്പിച്ചു. അതിനാല്‍ പാവപ്പെട്ടവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. വ്യാവസായിക രംഗത്ത് ഒന്നും ചെയ്യാന്‍ സാധിക്കാത്ത സര്‍ക്കാറാണിത്. സി.പി.എം.-ബി.ജെ.പി. രഹസ്യ ബാന്ധവം പല മണ്ഡലത്തിലും ഉണ്ടെന്നും രമേശ് ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സര്‍വകലാശാലയ്ക്ക് മൂന്നു വര്‍ഷമായിട്ടും സ്ഥലം തിട്ടപ്പെടുത്തിക്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനായില്ല. അവസാനം പടിയിറങ്ങുന്നതിന് തൊട്ടുമുമ്പാണ് അതെപ്പറ്റി ബോധോദയം വന്നത്.
യു.ഡി.എഫിന് 100 സീറ്റെങ്കിലും ലഭിക്കുമെന്നും മുഖ്യമന്ത്രി ആരാണെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള, കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ എന്നിവരും രമേശിനൊപ്പം ഉണ്ടായിരുന്നു.






