Random Posts

Monday, March 14, 2011

അന്വേഷണത്തിനോട് സഹകരിക്കും: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പാമോയില്‍ കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി.

അന്വേഷണത്തിനോട് പൂര്‍ണമായും സഹകരിക്കും. നിയമം പാലിക്കുന്ന പൗരന്‍ എന്ന നിലയില്‍ അത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. 1991-ല്‍ ഈ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ തന്നെ കേസ് അന്വേഷിക്കണമെന്ന് സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനടപടികളെ രാഷ്ട്രീയമായി കാണില്ലെന്നും അന്ന് വ്യക്തമാക്കി.

പതിനഞ്ച് വര്‍ഷം മുമ്പ് രജിസ്ട്രര്‍ ചെയ്ത കേസാണിത്. കുറ്റപത്രം നല്‍കിയിട്ട് പത്തു വര്‍ഷം കഴിഞ്ഞു. അപ്പോഴെല്ലാം കേസില്‍ സാക്ഷിയായിരുന്ന തന്നെ ഇപ്പോള്‍ പ്രതിയാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം എന്ത് ഉദ്ദേശിച്ചാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം- ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇപ്പോള്‍ കേസ് തുടരന്വേഷിക്കണമെന്ന കോടതിയുടെ വിധിയെ മാനിച്ച് യാതൊരു സാങ്കേതികത്വവും പറഞ്ഞ് അതില്‍ നിന്നൊഴിവാകില്ല. ഇന്നത്തെ കോടതിവിധി ചൊവ്വാഴ്ച മാത്രമേ കൈയ്യില്‍ കിട്ടുകയുള്ളൂ. അത് കിട്ടിയതിന് ശേഷം വിശദമായി പഠിച്ച് വീണ്ടും മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.