തിരുവനന്തപുരം: പാമൊയില്‍ കേസില്‍ പ്രതികൂലപരാമര്‍ശം ഉണ്ടായാല്‍ മത്സരിക്കില്ലെന്നതുള്‍പ്പെടെ നടപടികളിലേക്ക് പ്രതിപക്ഷനേതാവ് നീങ്ങിയതോടെ വെട്ടിലായത് പിണറായി വിജയന്‍. ലാവ്‌ലിന്‍ കേസില്‍
ഇതിലും ഗുരുതരമായ നടപടിക്രങ്ങളെ നേരിടേണ്ടിവന്നിട്ടും കേസിനെക്കുറിച്ച് പിണറായി പ്രതികരിക്കാത്തതെന്തേ എന്ന ചോദ്യത്തിന് ഉത്തരംകിട്ടാതെ കുഴങ്ങുകയാണ് സിപിഎം നേതൃത്വം. വരുംദിവസങ്ങളില്‍ സജീവമാകുന്ന തെരഞ്ഞെടുപ്പുവേദികളിലും പാമൊയില്‍ കേസിലെ ഉമ്മന്‍ചാണ്ടിയുടെ നിലപാടും ലാവ്‌ലിന്‍ കേസിലെ പിണറായിയുടെ നിലപാടും ജനംതാരതമ്യം ചെയ്യുമെന്ന് ഉറപ്പാണ്. ഇതിനെ എങ്ങനെ ഫലപ്രദമായി നേരിടണമെന്ന ആലോചനയിലാണ് സിപിഎം ഔദ്യോഗികവിഭാഗം.
എന്തായാലും കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കിയ വിജിലന്‍സ് കോടതിവിധി സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവിനു കളമൊരുക്കുമെന്നുറപ്പായിക്കഴിഞ്ഞു. കോടതി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും പ്രചാരണ രംഗത്ത് പാമൊലിന്‍ കേസ് ചര്‍ച്ചാവിഷയമാക്കാനായിരുന്നു സിപിഎം തീരുമാനം. യു.ഡി.എഫ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന നേതാവെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണം ഇടതുപക്ഷം ആഘോഷിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എന്ന ഉമ്മന്‍ചാണ്ടിയുടെ തന്ത്രം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കേസിനെ ധാര്‍മികമായും നിയമപരമായും നേരിടുമെന്നും പ്രതിചേര്‍ക്കപ്പെട്ടാല്‍ സ്വീകരിക്കുന്ന നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. വേണ്ടിവന്നാല്‍ തിരഞ്ഞെടുപ്പു രംഗത്തുനിന്നു മാറിനില്‍ക്കാന്‍ തയ്യാറാണെന്ന സന്ദേശമാണ് ഉമ്മന്‍ചാണ്ടി നല്‍കുന്നത്. എന്നാല്‍, ഉമ്മന്‍ചാണ്ടിയെ മല്‍സരരംഗത്തു നിന്നു മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു തീരുമാനം കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്നുണ്ടാവുകയില്ല. തെരഞ്ഞെടുപ്പില്‍ മാറിനില്‍ക്കുന്നതിനുപകരം ജനങ്ങള്‍ക്ക് മുന്നില്‍ എല്ലാംതുറന്നുപറയുക എന്ന വഴിയാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. പിണറായി വിജയന്‍ ഒരിക്കലും സ്വീകരിക്കാത്ത ആവഴിയാണ് സിപിഎമ്മിനെ ഇപ്പോള്‍ ധര്‍മസങ്കടത്തിലാക്കുന്നത്. കേസില്‍ തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കഴിഞ്ഞദിവസം അനുമതി നല്‍കിയത്. വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി വി.ജഗദീശാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിചാരണ നിര്‍ത്തിവെക്കാനും പുനരന്വേഷണം നടത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ശേഷമായിരിക്കും കേസില്‍ വിചാരണ പുനരാരംഭിക്കുക. അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണം.
വിജിലന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി അന്നത്തെ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ടി.എച്ച്.മുസ്തഫ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയുടെ ചുവടുപിടിച്ചാണ് കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മുസ്തഫയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. പിന്നീട് മറ്റ് പ്രതികള്‍ സമര്‍പ്പിച്ച ഹരജികളിലും ഉമ്മന്‍ചാണ്ടിക്കെതിരെ പേരെടുത്ത് പറഞ്ഞ് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ മുസ്തഫ ഉള്‍പ്പെടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ ഇന്നലത്തെ വിധിയോടൊപ്പം അസ്ഥിരിപ്പെട്ടു.കേസില്‍ വിജിലന്‍സ് എസ്.പി സപ്ലിമെന്ററി റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പാമോയില്‍ കേസിനെക്കുറിച്ച് തനിക്കറിയാമായിരുവെന്ന് ഉമ്മന്‍ ചാണ്ടി 2005 ജനുവരി 21 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് എസ്.പി റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും കേസിലെ പ്രതിയുമായ സക്കറിയ മാത്യുവിന്റെ വിടുതല്‍ ഹരജി, അന്നത്തെ സിവില്‍ സപ്ലൈസ് സെക്രട്ടറി സിറിയക് ജോസ് നല്‍കിയ റിപ്പോര്‍ട്ട് എന്നിവയും അന്വേഷണത്തില്‍ പരിഗണിക്കാതെ പോയിട്ടുണ്ടെന്ന് വിജിലന്‍സ് എസ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ കേസ് വിചാരണ തുടരുന്നതിനുള്ള സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പാമോയില്‍ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പി.ജെ. തോമസിനെ കേന്ദ്ര വിജിലന്‍സ് കമീഷണറായി നിയമിച്ചത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ കോടതിയില്‍ എത്തിയത്.
രണ്ടു പതിറ്റാണ്ട് പഴക്കമുള്ള പാമോയില്‍ കേസിന്റെ വിചാരണ അനിശ്ചിതമായി നീണ്ടു പോകുന്നത് പ്രതികള്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം കൂടി നഷ്ടപ്പെടുത്തുമെന്ന് സര്‍ക്കാര്‍ അപേക്ഷയില്‍ പറയുന്നു. മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ 2007 ആഗസ്റ്റ് മൂന്നിനാണ് വിചാരണ കോടതിയിലെ പാമോയില്‍ കേസ് നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. അതിന് ശേഷം തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല. പി.ജെ. തോമസിനെതിരായ നിയമ നടപടികളുടെ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തിയത് നിയമ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.






