ക്രൈസ്തവ സഹോദരങ്ങളുടെ രണ്ട് വിശേഷദിവസങ്ങളാണല്ലൊ പെസഹാവ്യാഴവും ദുഃഖവെള്ളിയും. ഈ വര്‍ഷത്തെ കലണ്ടറില്‍ ഇതുരണ്ടും ആചരിക്കുന്നത് അടുത്തമാസത്തിലാണ്. ഏപ്രില്‍ 21,22 തീയതികളില്‍. എന്നാല്‍ വി.എസ്. വിഷയത്തില്‍ ഉണ്ടായ രാഷ്ട്രീയ സുനാമിയില്‍
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്ക് ഈ മാര്‍ച്ച് 17 (വ്യാഴം), 18 (വെള്ളി) തിയതികളില്‍ പെസഹയുടെയും ദുഃഖവെള്ളിയുടെയും അനുഭവമാണുണ്ടായത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അച്യുതാനന്ദന്റെ വയസ് അറിയിച്ചതും (89) അവസാനത്തെ അത്താഴം നല്കിയതും മാര്‍ച്ച് 17 വ്യാഴാഴ്ചയായയിരുന്നു. അവസാനത്തെ അത്താഴത്തെ അനുസ്മരിക്കാനാണല്ലൊ പെസഹ ആചരിക്കുന്നത്. അനാരോഗ്യംമൂലം അച്യുതാനന്ദന്‍ പിന്‍വാങ്ങിയ ദിനവുമായിരുന്നല്ലൊ 17, വ്യാഴം. പാര്‍ട്ടിയിലെ യൂദാസുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അത്താഴ വിരുന്നിലുണ്ടായിരുന്നതും ശ്രദ്ധേയമാണ്. പീബിയുടെ തീരുമാനം അട്ടിമറിച്ച് 'മുപ്പതു വെള്ളിക്കാശിനുവേണ്ടി' അച്യുതാനന്ദനെ അവര്‍ ഒറ്റിക്കെടുത്തു. പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, എസ്.ആര്‍.പി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച നടപടി പി.ബി അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയെന്നാണല്ലൊ വാര്‍ത്ത.
കള്ളി പുറത്താക്കിക്കൊണ്ട് പ്രകാശ് കാരാട്ട് നടത്തിയ കുമ്പസാരത്തില്‍ പിണറായി വിജയന്റെ നിലപാടും, ഭൂരിപക്ഷം അംഗങ്ങള്‍ എതിരായതുമാണ് നിശ്ശബ്ദത പാലിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് കാരാട്ട് പറയുന്നുണ്ട്. വി.എസ്. വിഷയത്തില്‍ നേരത്തെ പി.ബി. കൈക്കൊണ്ട തീരുമാനം പിണറായിയുടെ ഇടപെടല്‍മൂലം കാരാട്ട് സംസ്ഥാന സമിതിയില്‍ വ്യക്തമാക്കിയില്ലെന്ന കുറ്റപ്പെടുത്തല്‍ പി.ബിയില്‍ ഉയര്‍ന്നിരിക്കുന്നു. ഇതായിരുന്നല്ലൊ മാര്‍ച്ച് 17 വ്യാഴാഴ്ച നടന്ന സംസ്ഥാന തിരു അത്താഴത്തിലെ പ്രധാന സംഭവം.പെസഹ വ്യാഴം കഴിഞ്ഞാല്‍ ദുഃഖവെള്ളിയാണല്ലൊ. 18ന് വെള്ളിയാഴ്ച, സംസ്ഥാന സമിതി നാട്ടിയ കുരിശില്‍, പി.ബി, അച്യുതാനന്ദനെ തറക്കും എന്നുതന്നെ തിരു അത്താഴക്കാര്‍ കരുതി. പക്ഷേ പി.ബി തിരു അത്താഴക്കാരെത്തന്നെ കുരിശിലേറ്റിക്കളഞ്ഞു. ദയാപരനായ കര്‍ത്താവേ ഈ ആത്മാക്കള്‍ക്ക് കൂട്ടായിരിക്കേണമേ എന്ന പ്രാര്‍ത്ഥന വി.എസ് പക്ഷത്ത് ഉയരുകയും ചെയ്തു.
പിണറായിക്കും കൂട്ടര്‍ക്കും 'ഗുഡ്‌ഫ്രൈഡെ' ആകുമെന്ന് കരുതിയ വെള്ളിയാഴ്ച യഥാര്‍ത്ഥത്തില്‍ ദുഃഖവെള്ളി തന്നെയായിത്തീര്‍ന്നു. മാത്രമല്ല ദുഃഖവെള്ളിദിനം തന്നെ ഉയര്‍ത്തെഴുന്നേല്പിന്റെ 'ഞായറാഴ്ച' കൂടിയാകുകയും ചെയ്തു. രണ്ടാംനാള്‍ തന്നെ അച്യുതാനന്ദന്‍ മലമ്പുഴയില്‍ ഉയര്‍ത്തെഴുന്നേറ്റു. എ.കെ.ജി സെന്ററിലെ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലെ നക്ഷത്രം മങ്ങി. കാരാട്ടാകട്ടെ നക്ഷത്രക്കാലെണ്ണുന്ന അവസ്ഥയിലുമായി. അരിവാളില്‍ പിടിയുള്ളതുകൊണ്ട് പിണറായി വിജയന്റെ ചുറ്റിയ പ്രയോഗം അച്യുതാനന്ദന് അധികം ഏല്‍ക്കേണ്ടിവല്ലി. ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ! വാഴ്ത്തപ്പെട്ടവന് സ്‌ത്രോത്രം!!







