Random Posts

This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Saturday, April 28, 2012

വാഹനങ്ങളില്‍ കറുത്ത ഗ്ലാസ് നിരോധിച്ചു

വാഹനങ്ങളില്‍ കാഴ്ച മറയ്ക്കും തരത്തില്‍ കറുത്ത ഗ്ലാസ് ഘടിപ്പിക്കുന്നത് നിരോധിച്ച് സുപ്രീംകോടതി ഉത്തരവായി. മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ഗ്ലാസ് മാത്രമേ വാഹനങ്ങളില്‍ ഉപയോഗിക്കാവൂവെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. സുരക്ഷയുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കറുത്ത ഗ്ലാസ് വാഹനങ്ങളില്‍ ഉപയോഗിക്കാം. ഇതിനുള്ള മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാക്കണം. വാഹനങ്ങളുടെ മുന്നിലും പിന്നിലുമുള്ള ഗ്ലാസുകള്‍ 70 ശതമാനം സുതാര്യവും വശങ്ങളിലുള്ള ഗ്ലാസുകള്‍ 50 ശതമാനം സുതാര്യവുമായിരിക്കണമെന്ന് മോട്ടോര്‍ വാഹന ചട്ടം നിര്‍ദേശിക്കുന്നു. കാഴ്ച മറയ്ക്കുന്ന ഫിലിമുകളും ഗ്ലാസ്സുകളും നിരോധിക്കണമെന്ന ഹര്‍ജിയിലാണ് ഉത്തരവ്. ഇത്തരം ഗ്ലാസ്സുകളുള്ള കാറുകളിലാണ് അക്രമങ്ങള്‍ നടക്കുന്നതെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിരുന്നു.

Friday, April 27, 2012

മുന്നൂറ് യൂണിറ്റുവരെ വൈദ്യുതിനിരക്ക് കൂടില്ല

പരിധികടന്നാല്‍ യൂണിറ്റിന് പത്തു രൂപ അധികനിരക്ക് ഒരുലക്ഷം ഉപയോക്താക്കളെ ബാധിക്കും കടകള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും പത്തു ശതമാനം പവര്‍കട്ട് നിയന്ത്രണം ഏപ്രില്‍ 26 മുതല്‍ മെയ് 31 വരെ - വീടുകളില്‍ മാസം 300 യൂണിറ്റുവരെയുള്ള വൈദ്യുതിക്ക് വില കൂട്ടേണ്ടതില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചു. ഇതില്‍കൂടുതലുള്ള ഓരോ യൂണിറ്റിനും പത്തുരൂപ ഈടാക്കണം. ഏപ്രില്‍ 26 മുതല്‍ മെയ് 31 വരെ അധികം ഉപയോഗിക്കുന്ന വൈദ്യുതിക്കാണ് ഈ വില നല്‍കേണ്ടത്. ദിവസം അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് തുടരും. മാസം 150 യൂണിറ്റിന് മുകളില്‍ 10 രൂപ ഈടാക്കാനുള്ള ബോര്‍ഡിന്റെ ശുപാര്‍ശ കമ്മീഷന്‍ തള്ളി. എന്നാല്‍ കടകള്‍,ചെറുകിട വ്യവസായങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാവിഭാഗം ലോടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്താനുള്ള ബോര്‍ഡിന്റെ നിര്‍ദേശം കമ്മീഷന്‍ അതേപടി അംഗീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉപയോഗിച്ച ശരാശരിയുടെ 90 ശതമാനത്തില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാല്‍ അധികമുള്ള യൂണിറ്റിന് പത്തുരൂപ ഇവരും നല്‍കണം. എന്നാല്‍ അധിക ഉപഭോഗത്തിന് സര്‍ച്ചാര്‍ജ് നല്‍കേണ്ടതില്ല. കൃഷിക്കുള്ള വൈദ്യുതിക്കും തെരുവുവിളക്കുകള്‍ക്കും നിയന്ത്രണമില്ല. മാസം 150 യൂണിറ്റില്‍ കൂടുതലുള്ളതിന് അധികനിരക്ക് ചുമത്തിയാല്‍ ബില്‍ത്തുകയില്‍ 40 മുതല്‍ 97 ശതമാനംവരെ വര്‍ധനയുണ്ടാകുമെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇത് 'താരിഫ് ഷോക്ക്' ആവും. അതുകൊണ്ട് കമ്മീഷന്‍ നിയന്ത്രണ പരിധി ഉദാരമാക്കി. ബോര്‍ഡിന്റെ നിര്‍ദേശം സാധാരണക്കാരെയടക്കം 10 ലക്ഷത്തോളം ഉപയോക്താക്കളെ ബാധിക്കുമായിരുന്നു. എന്നാല്‍ ഒരുലക്ഷംപേരെ മാത്രം ബാധിക്കുന്ന തരത്തിലാണ് തങ്ങളുടെ തീരുമാനമെന്ന് കമ്മീഷന്‍ അറിയിച്ചു. ലോഡ്‌ഷെഡ്ഡിങ്ങും വ്യവസായങ്ങള്‍ക്ക് പവര്‍കട്ടുംകൊണ്ട് തൃപ്തിപ്പെടാനായിരുന്നു നേരത്തെ ബോര്‍ഡ് തീരുമാനിച്ചത്. എന്നാല്‍ നിയന്ത്രണം എല്ലാവിഭാഗത്തിനും വേണമെന്ന് നിര്‍ദേശിച്ചത് കമ്മീഷനാണ്. ഇതനുസരിച്ച് പിന്നീട് ബോര്‍ഡ് ശുപാര്‍ശ നല്‍കി. എന്നാല്‍ ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ആഘാതം വിലയിരുത്താതെയുള്ള നിര്‍ദേശമാണ് ബോര്‍ഡ് നല്‍കിയതെന്നായിരുന്നു കമ്മീഷന്റെ കുറ്റപ്പെടുത്തല്‍. നിര്‍ദേശം ചോദിച്ച് വാങ്ങിയശേഷം രൂക്ഷവിമര്‍ശനം നടത്തിയതില്‍ വൈദ്യുതി ബോര്‍ഡിന് പ്രതിഷേധമുണ്ട്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ പത്തുശതമാനം പവര്‍കട്ട് കടകള്‍, ഹോട്ടലുകള്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, കോളനികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവിഭാഗങ്ങള്‍ക്കും ബാധകമാണ്.

സച്ചിനും രേഖയും രാജ്യസഭയിലേക്ക്‌

ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറും ഹിന്ദി ചലച്ചിത്രതാരം രേഖ, വ്യവസായ പ്രമുഖ അനു ആഗ എന്നിവര്‍ രാജ്യസഭയിലേക്ക്. ഇവരെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള സര്‍ക്കാറിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചവരെ ഭരണഘടനയുടെ പ്രത്യേക വകുപ്പുപ്രകാരം രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാം. 12 അംഗങ്ങളാണ് ഇത്തരത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. ഇതില്‍ അഞ്ച് ഒഴിവുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. മറ്റ് രണ്ടുപേരുകള്‍ പുറത്തുവന്നിട്ടില്ല. നാമനിര്‍ദേശം ചെയ്യേണ്ടവരുടെ പേരുകള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് മന്ത്രാലയം അയച്ചിരുന്നു. അത് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അംഗീകരിച്ച തിനെത്തുടര്‍ന്നാണ് വിജ്ഞാപനം വന്നത്. അതിനിടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. ഭാര്യ അഞ്ജലിക്കൊപ്പം പത്താം നമ്പര്‍ ജന്‍പഥിലെ സോണിയയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് സച്ചിന്‍ സോണിയയെ കണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ച്വറികള്‍ തികച്ച സച്ചിനെ വ്യക്തിപരമായി അഭിനന്ദിക്കാന്‍ സോണിയ ആഗ്രഹിച്ചിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് ഔദ്യോഗിക വിശദീകരണം. കേന്ദ്രമന്ത്രിയും ബി.സി.സി.ഐ. ഭാരവാഹിയുമായ രാജീവ് ശുക്ലയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്കിടെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള സര്‍ക്കാറിന്റെ താത്പര്യം സോണിയ സച്ചിനെ അറിയിച്ചതായാണ് സൂചന. നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ട സച്ചിന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതോടെ കായിക രംഗത്ത് സജീവമായി നില്‍ക്കുമ്പോള്‍ത്തന്നെ രാജ്യസഭയില്‍ അംഗമാകുന്ന ആദ്യ ക്രിക്കറ്റ്, കായിക താരമായി. സച്ചിന്‍ രാജ്യസഭയിലേക്ക് വരുന്നത് സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് വക്താവ് രേണുകാ ചൗധരി പറഞ്ഞു. ഹിന്ദി ചലച്ചിത്രലോകത്ത് ഒരുകാലത്ത് ഏറെ തിളങ്ങി നിന്ന നടി രേഖയ്ക്ക് നിരവധി ദേശീയപുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഹിന്ദി ചലച്ചിത്ര താരമായിരുന്ന ജയാ ബച്ചന്‍ ഇപ്പോള്‍ രാജ്യസഭയില്‍ അംഗമാണ്. സമാജ്‌വാദി പാര്‍ട്ടി അംഗമാണ് അവര്‍. പ്രമുഖ ഹിന്ദി ടെലിവിഷന്‍ താരമായ സ്മൃതി ഇറാനിയും രാജ്യസഭയിലുണ്ട്. ബി.ജെ.പി. അംഗമാണ് സ്മൃതി. അടുത്തകാലംവരെ ഹേമമാലിനിയും രാജ്യസഭയില്‍ അംഗമായിരുന്നു. വനിതാ വ്യവസായ പ്രമുഖയും സാമൂഹികപ്രവര്‍ത്തകയുമായ അനു ആഗ 1996 മുതല്‍ 2004 വരെ വ്യവസായസ്ഥാപനമായ തെര്‍മാക്‌സ് ഇന്ത്യയുടെ ചെയര്‍പേഴ്‌സണായിരുന്നു.

Thursday, April 26, 2012

എസ്.എസ്.എല്‍.സി. ഫലം ഇന്ന്

എസ്.എസ്.എല്‍.സി. പരീക്ഷാഫലം വ്യാഴാഴ്ച രാവിലെ 11.30ന് പ്രഖാപിക്കും, ഇതോടൊപ്പം ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി. (സ്‌പെഷ്യല്‍ സ്‌കൂള്‍), എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിക്കും. മുന്‍ വര്‍ഷങ്ങളിലെപ്പോലെ 90 ശതമാനത്തിനു മുകളിലാണ് ഇക്കുറിയും വിജയമെന്നാണ് സൂചന. ഫിസിക്‌സ്, സോഷ്യല്‍ സയന്‍സ്, ഹിന്ദി വിഷയങ്ങള്‍ താരതമ്യേന കുട്ടികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഈ വിഷയങ്ങള്‍ക്ക് താരതമ്യേന വിജയശതമാനം കുറവാണെന്നാണ് കരുതുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മോഡറേഷന്‍ നല്‍കിയിരുന്നില്ല. ബുധനാഴ്ച ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം ഫലം അംഗീകരിച്ചു. മന്ത്രി പി.കെ.അബ്ദുറബ്ബ് പത്രസമ്മേളനത്തിലാണ് വ്യാഴാഴ്ച ഫലം പ്രഖ്യാപിക്കുക. http://keralapareekshabhavan.in , http://results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http: //results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം കിട്ടും.

ആര്‍.സെല്‍വരാജ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ആര്‍.സെല്‍വരാജ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, സെല്‍വരാജിന് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം നല്‍കി. വി.എസ്.ഡി.പി പ്രവര്‍ത്തകര്‍ വഴിതടയല്‍ സമരം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മേളനത്തില്‍ പങ്കെടുത്തില്ല. നെയ്യാറ്റിന്‍കര നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃതല യോഗത്തിലാണ് രമേശ് ചെന്നിത്തല, ആര്‍. സെല്‍വരാജിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. ''സി.പി.എം നേതാക്കളുടെ താന്‍പോരിമയ്‌ക്കെതിരെ ധീരമായ ചുവടുവെയ്പു നടത്തിയ സെല്‍വരാജ് നാല് ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം വേണമെന്ന് എന്നോട് അഭ്യര്‍ഥിച്ചിരുന്നു. പ്രാദേശിക നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഞാന്‍ ഈ തീരുമാനമെടുത്തത്. അഭയം ചോദിച്ച ഒരാളേയും കോണ്‍ഗ്രസ് തള്ളിക്കളഞ്ഞിട്ടില്ല. ഇന്ദിരാഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചയാളെപ്പോലും മന്ത്രിയാക്കിയ ചരിത്രമാണ് കോണ്‍ഗ്രസ്സിന്. ഇന്ദിരാജി ഉയര്‍ത്തിപ്പിടിച്ച കൈപ്പത്തി ചിഹ്നം സെല്‍വരാജിന് നല്‍കുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ നിലനിര്‍ത്താന്‍ നിങ്ങള്‍ സെല്‍വരാജിന് വോട്ടുനല്‍കണം''- രമേശ് ചെന്നിത്തല പറഞ്ഞു. സെല്‍വരാജിന്റെ പാതയില്‍ ജ്ഞാതരും അജ്ഞാതരുമായ ഒട്ടേറെപ്പേര്‍ സി.പി.എം. ഉപേക്ഷിക്കുന്ന കാലമാണ് വരുന്നതെന്നു രമേശ് പറഞ്ഞു. ''നാല് പതിറ്റാണ്ട് സി.പി.എമ്മില്‍ പ്രവര്‍ത്തിച്ച് നാലേകാല്‍ വര്‍ഷം ബാക്കിയിരിക്കെ എം.എല്‍.എ സ്ഥാനം രാജിവെച്ചയാളാണ് സെല്‍വരാജ്. സെല്‍വരാജിനെപ്പോലെ പലരും സി.പി.എമ്മില്‍ പീഡനം അനുഭവിക്കുന്നുണ്ട്. അബ്ദുള്ളക്കുട്ടിയും കെ.എസ്.മനോജും ശിവരാമനും പീഡനം സഹിക്കാതെ പാര്‍ട്ടി വിട്ടവരാണ്. അച്യുതാനന്ദന്‍ നേരിട്ടേക്കാവുന്ന ക്യാപ്പിറ്റല്‍ പണിഷ്‌മെന്റില്‍ നിന്ന് രക്ഷപ്പെട്ടുവന്ന സെല്‍വരാജിനെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ്സിന് ഉത്തരവാദിത്വമുണ്ട്. സെല്‍വരാജിനെ ജയിപ്പിക്കാന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഒരു പോരാളിയെപ്പോലെ പ്രവര്‍ത്തിക്കണം'' -രമേശ് പറഞ്ഞു. ''സി.പി.എമ്മിനകത്ത് പരിഹരിക്കാമായിരുന്ന എന്റെ പല പ്രശ്‌നങ്ങളോടും നേതാക്കള്‍ മുഖംതിരിച്ചു. ഈ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന ജീര്‍ണതയേയും പാര്‍ട്ടിയെ ഉപയോഗിച്ച് സ്വന്തം കാര്യം നേടുന്ന ചില നേതാക്കളേയും സഹിക്കാനാവാതെ ഞാന്‍ എം.എല്‍.എ.സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു. അഞ്ചുകോടി രൂപ വാങ്ങി പാര്‍ട്ടിയെ ഒറ്റുകൊടുത്തവനെന്നാണ് എന്നെ അവര്‍ വിളിച്ചത്. യഥാര്‍ഥ വഞ്ചകര്‍ ആരെന്ന് ജനം തെളിയിക്കും. തുടര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഞാന്‍ കോണ്‍ഗ്രസ്സിനെ സമീപിച്ചു. കോണ്‍ഗ്രസ് എന്നെ സ്വീകരിച്ചു. അഭിമാനത്തോടെ ഞാനീ സ്വീകരണം ഏറ്റുവാങ്ങുന്നു''- സെല്‍വരാജ് പറഞ്ഞു. തമ്പാനൂര്‍ രവി അധ്യക്ഷനായിരുന്നു. മന്ത്രി വി.എസ്.ശിവകുമാര്‍, എം.എല്‍.എമാരായ എ.ടി.ജോര്‍ജ്, എം.എ. വാഹിദ്, നേതാക്കളായ എസ്.കെ.ജയചന്ദ്രന്‍, മോഹന്‍കുമാര്‍, ജോര്‍ജ് മെഴ്‌സിയര്‍, ശരത് ചന്ദ്രപ്രസാദ്, ജെറോം, ബിന്ദുകൃഷ്ണ, ലതികാ സുഭാഷ്, സി.പി.ജോണ്‍, ചെല്ലക്കണ്ണന്‍ നാടാര്‍, നെയ്യാറ്റിന്‍കര ശശി, സോളമന്‍ അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിസഭയില്‍ നാടാര്‍ സമുദായത്തിന് പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വി.എസ്.ഡി.പി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വഴിതടയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടി.ബി.ജങ്ഷനില്‍ തടിച്ചുകൂടിയ വി.എസ്.ഡി.പി പ്രവര്‍ത്തകരെ വന്‍ പോലീസ് സന്നാഹം പ്രതിരോധിച്ചു. മുഖ്യമന്ത്രി ചടങ്ങിനെത്തിയില്ല.

കേരളം ഗള്‍ഫായി മാറുന്നതെത്ര വേഗം


കേരളം പെട്ടെന്നൊരു ദിവസം ഗള്‍ഫായി മാറുന്നത്‌ സ്വപ്‌നം കാണാത്ത ഭരണാധികാരികളും സാധാരണക്കാരും കുറവായിരിക്കും. സമ്പദ്‌സമൃദ്ധിയുടെയും പളപളപ്പിന്റെയും ലോകത്തേയ്‌ക്ക്‌ മനസുകൊണ്ടൊരു യാത്ര. കണ്ണു തുറക്കുമ്പോള്‍ മുന്നില്‍ കാണുന്നത്‌ കുണ്ടും കുഴിയുമാണെങ്കിലും സ്വപ്‌നത്തിലെന്തിന്‌ അര്‍ധരാജ്യം എന്ന്‌ പണ്ടാരോ ചോദിച്ചുവച്ചിട്ടുണ്ടല്ലോ.
ഏതായാലും പെട്ടെന്നൊരു ദിവസം ഗള്‍ഫ്‌ രാജ്യത്തെ നിയമം കേരളത്തിലും ബാധമാക്കിയ മട്ടിലുള്ള വാര്‍ത്തയും വിശേഷവും കണ്ട്‌ കുറേപ്പേരെങ്കിലും ഞെട്ടിയിരിക്കുകയാണ്‌. ആരെങ്കിലും കൊല്ലപ്പെട്ടാല്‍, അവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ കൊലയാളിക്ക്‌ മാപ്പുകൊടുത്താല്‍ വധശിക്ഷയില്‍ നിന്നൊഴിവാക്കുന്ന നിയമമുള്ളത്‌ ഗള്‍ഫ്‌ നാടുകളിലാണല്ലോ. അതത്ര എളുപ്പം നടക്കുന്ന കാര്യമല്ലെന്നും നുലാമാലകള്‍ ഒരുപാടുണ്ടെന്നും മാധ്യമങ്ങളിലൊക്കെ വന്നിട്ടുമുണ്ട്‌. പോരാഞ്ഞിട്ട്‌ കമല്‍ സംവിധാനം ചെയ്‌ത പെരുമഴക്കാലം എന്ന സിനിമയില്‍ അക്കഥ നേരിട്ടു കണ്ടതുമാണ്‌. ഗള്‍ഫില്‍വച്ച്‌ ദിലീപിന്റെ കൈകൊണ്ട്‌ മരിക്കുന്ന വിനീതിന്റെ ഭാര്യയുടെ മാപ്പു ലഭിക്കാന്‍ ദിലീപിന്റെ ഭാര്യ മീരാ ജാസ്‌മിന്‍ നടത്തുന്ന വേദന നിറഞ്ഞ യാത്രയും അനുഭവങ്ങളുമാണല്ലോ പെരുമഴക്കാലം.
ഏതായാലും ജനാധിപത്യ ഇന്ത്യയില്‍ അങ്ങനൊരു നിയമമില്ല. ഇവിടെ കുറ്റം ചെയ്‌തവരെ നിയമപരമായി കോടതി വിചാരണ ചെയ്‌തു ശിക്ഷിക്കും. വല്ല അതിര്‍ത്തിത്തര്‍ക്കക്കേസിലോ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സൗന്ദര്യപ്പിണക്കം കോടതി കയറിയ കേസിലോ ഒക്കെ കോടതിക്ക്‌ പുറത്ത്‌ ഒത്തുതീര്‍പ്പുണ്ടാക്കുന്നതല്ലാതെ, കൊലക്കേസില്‍ അങ്ങനെയൊരു ഏര്‍പ്പാടില്ല. കോടതിക്കു പുറത്തുമില്ല, അകത്തുമില്ല.
പക്ഷേ, കൊല്ലം നീണ്ടകര പുറംകടലില്‍ കൊല്ലപ്പെട്ട രണ്ടു മല്‍സ്യത്തൊഴിലാളികളുടെ ആശ്രിതരുമായി, കൊലക്കേസ്‌ പ്രതികളായ നാവികര്‍ക്കു വേണ്ടി ഇറ്റലി സര്‍ക്കാരും കപ്പലുടമകളും ഒത്തുതീര്‍പ്പിലെത്തിയിരിക്കുന്നു. രണ്ടു കോടി രൂപ കൊടുക്കും. പകരം കേസ്‌ എന്നിനി മിണ്ടരുത്‌. മരിച്ച ഒരാളുടെ ഭാര്യയ്‌ക്കും മകനും മകള്‍ക്കുമായി ഒരു കോടി, മരിച്ച മറ്റേയാളുടെ രണ്ട്‌ സഹോദരിമാര്‍ക്കുമായി ഒരുകോടി. പകരം അവര്‍ ദൈവനാമത്തില്‍ കൊലക്കേസ്‌ പ്രതികള്‍ക്ക്‌ മാപ്പുകൊടുത്തു. മാത്രമല്ല, ജയിലിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെ നീങ്ങി എത്രയും വേഗം പാവം നാവികര്‍ ബന്ധുക്കളോടൊത്തു ചേരട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്‌തു. പണത്തിനു മീതെ പറക്കാത്ത പരുന്തിന്റെ കഥ ആരോ എവിടെയോ ഇരുന്ന്‌ ഓര്‍മിപ്പിക്കുന്നു. മരിച്ചവരോ പോയി, ഇനി ജീവിച്ചിരിക്കുന്നവര്‍ക്ക്‌ സ്വന്തം കാര്യം നോക്കണ്ടേ എന്ന ആപ്‌തവാക്യം പറയാതെ പറയുന്ന ചിലര്‍ ടിവി ചാനലുകളില്‍ വന്ന്‌ ഒത്തുതീര്‍പ്പു ധാരണാപത്രം വായിക്കുന്നു.
യഥാര്‍ത്ഥത്തില്‍ എന്താണു സംഭവിക്കാന്‍ പോകുന്നത്‌? കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ വാദി സര്‍ക്കാരാണ്‌. അതുകൊണ്ടുതന്നെ മരിച്ചവരുടെ ബന്ധുക്കള്‍ മാപ്പു കൊടുത്തതുകൊണ്ടു മാത്രം കേസ്‌ തീരില്ല. പക്ഷേ, കേസില്‍ തുടര്‍ന്നു താല്‍പര്യം കാണിക്കുന്നതില്‍ നിന്ന്‌, കുറ്റവാളികള്‍ക്ക്‌ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നിര്‍ബന്ധ ബുദ്ധിയില്‍ നിന്ന്‌ കൊല്ലപ്പെട്ടവരുടെ വേണ്ടപ്പെട്ടവര്‍ മാറിനടക്കുന്നു. പക്ഷേ, രാജ്യം മുഴുവന്‍ ശ്രദ്ധിച്ച, രണ്ടു രാജ്യങ്ങള്‍തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളില്‍പോലും ഇടംപിടിച്ച കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കു വേണ്ടി നമ്മുടെ നിയമസംഹിത അങ്ങനെയങ്ങ്‌ വളഞ്ഞുകൊടുക്കുമോ?അങ്ങനെ ചെയ്‌താല്‍ ഇനിയുള്ളകാലത്ത്‌ സമാനമായ നിരവധി കേസുകളില്‍ ഇത്തരം ഒത്തുതീര്‍പ്പുകള്‍ക്ക്‌ കളമൊരുങ്ങില്ലേ, അതൊന്നും വേണ്ടെന്നു പറയാന്‍ കോടതിക്കോ മാധ്യമങ്ങള്‍ക്കോ സാധിക്കുമോ?
ചോദ്യങ്ങളാണ്‌ ഇവയെല്ലാം, ഇപ്പോള്‍. ഉത്തരം, കടല്‍ക്കൊലക്കേസിനു നാളെ എന്തു സംഭവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും.

Wednesday, April 25, 2012

എസ്.എസ്.എല്‍.സി.ഫലം നാളെ

എസ്.എസ്.എല്‍.സി. ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. രാവിലെ 11.30ന് വിദ്യാഭ്യാസ മന്ത്രി നടത്തുന്ന പത്രസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ഷാജഹാന്‍ അറിയിച്ചു. മാര്‍ച്ച് 26നാണ് എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞത്. കൃത്യം ഒരു മാസമാകുമ്പോള്‍ത്തന്നെ ഫലം പ്രഖ്യാപിക്കാനുമായെന്നത് ഈ വര്‍ഷത്തെ നേട്ടമാണ്. മൂല്യനിര്‍ണയം കഴിഞ്ഞ് പ്രഖ്യാപനത്തിനു തയ്യാറായ ഫലം ബുധനാഴ്ച ചേരുന്ന പരീക്ഷാബോര്‍ഡ് യോഗം അംഗീകരിക്കും. മോഡറേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബോര്‍ഡ് യോഗമാണ് തീരുമാനമെടുക്കുക.

കടലിലെ കൊല: ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കി

കേസുകളെല്ലാം പിന്‍വലിക്കും കടലിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം കൈമാറി. ഹൈക്കോടതിയുടെ ലോക് അദാലത്തിലാണ് ഈ തുകയ്ക്കുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. അദാലത്തില്‍ ഒപ്പുവെച്ച കരാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇത് ജസ്റ്റിസ് എ.എം. ഷഫീക് സ്വീകരിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരത്തിലേക്കായി കപ്പലുടമകള്‍ കെട്ടിവെച്ച മൂന്നു കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് അവര്‍ക്ക് തിരിച്ചു നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ജെലസ്റ്റിന്റെ ഭാര്യ ഡോറമ്മയ്ക്കും മക്കളായ ഡെറിക്കിനും ജീനിനും 33,33,334 രൂപ വീതമാണ് കിട്ടുക. മരിച്ച അജീഷ് പിങ്കിന്റെ സഹോദരിമാര്‍ക്ക് 50 ലക്ഷം രൂപ വീതം കിട്ടും. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകും വരെ തുക ബാങ്കില്‍ നിക്ഷേപിക്കും. ജെലസ്റ്റിന്റെ ഭാര്യ ഡോറമ്മയും അജീഷിന്റെ പിതൃസഹോദരി ജാനറ്റ് മേരിയുമാണ് കരാറില്‍ ഒപ്പിട്ടത്. ഇറ്റലിക്കു വേണ്ടി കോണ്‍സല്‍ ജനറല്‍ ജിയാംപാലോ ക്യുട്ടിലോ ഒപ്പുവെച്ചു. സുപ്രീം കോടതി, ഹൈക്കോടതി, കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി എന്നിവിടങ്ങളിലെ പരാതികളും നിയമ നടപടികളും പിന്‍വലിക്കുന്നതായികരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റലിയുടെ സാന്‍മാര്‍ക്കോ റെജിമെന്റിലെ ചീഫ് മാസ്റ്റര്‍ സാര്‍ജന്റ് മസിമിലാനോ ലത്തോറെ, സാര്‍ജന്റ് സാല്‍വത്തോറെ ജിറോനെ എന്നിവര്‍ക്കെതിരായ നിയമ നടപടികളാണ് ബന്ധുക്കള്‍ കരാറിലൂടെ പിന്‍വലിക്കുന്നത്. കപ്പലില്‍ നിന്ന് ഇവരുടെ വെടിയേറ്റാണ് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതെന്നാണ് കേസ്. സംഭവം നടന്നത് കടലില്‍ 33 നോട്ടിക്കല്‍ മൈല്‍ വിട്ടുമാറിയാണെന്നാണ് പറയപ്പെടുന്നതെന്നാണ് ബന്ധുക്കള്‍ ഒപ്പിട്ട കരാറില്‍ പറയുന്നത്. കരാറിലേര്‍പ്പെടാന്‍ ആരുടെ ഭാഗത്തുനിന്നും സമ്മര്‍ദമോ സ്വാധീനമോ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നുമുണ്ട്. റിട്ട. ജസ്റ്റിസ് കെ. ജോണ്‍ മാത്യുവും അഭിഭാഷകയായ കെ. ശ്രീലതാ ദേവിയും ഉള്‍പ്പെട്ട ബെഞ്ചാണ് അദാലത്തില്‍ കരാര്‍ പരിഗണിച്ച് അംഗീകരിച്ചത്. ജെലസ്റ്റിന്റെ ഭാര്യ ഡോറമ്മയും അജീഷ് പിങ്കിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്കു വേണ്ടി പിതൃസഹോദരി ജാനറ്റ് മേരിയും ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഏറ്റുവാങ്ങി. ഡോറമ്മയ്ക്കു വേണ്ടി അഡ്വ. സി. ഉണ്ണികൃഷ്ണനും അജീഷിന്റെ സഹോദരിമാര്‍ക്കു വേണ്ടി അഡ്വ. ശ്യാംകുമാറും ഇറ്റാലിയന്‍ സര്‍ക്കാരിനു വേണ്ടി സുഹെയ്ല്‍ ദത്തും ഹൈക്കോടതിയില്‍ നടന്ന സ്ഥിരം അദാലത്തില്‍ ഹാജരായി. ഉച്ചയോടെയാണ് അദാലത്തില്‍ കരാര്‍ രേഖകള്‍ ഒപ്പുവെച്ച ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൈമാറിയത്. തുടര്‍ന്ന് ഇത് ഹൈക്കോടതിയില്‍ ഹാജരാക്കി. അതിന്റെ അടിസ്ഥാനത്തില്‍ കപ്പലുടമകള്‍ കെട്ടിവെച്ച ഡി.ഡി. തിരിച്ചുനല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസ് റദ്ദാക്കല്‍ ഹര്‍ജിയില്‍ നാവികര്‍ക്കെതിരായ വാദം പിന്‍വലിക്കുന്നു: ബന്ധുക്കള്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ എല്ലാ നിയമ നടപടികളും ഹര്‍ജികളിലെ വാദങ്ങളും പിന്‍വലിക്കുന്നതായി ബന്ധുക്കള്‍ നല്‍കിയ ഉപ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാരും നാവികരും നല്‍കിയ ഹര്‍ജിയിലാണ് ഇത്. ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ ഈ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരിക്കുകയായിരുന്നു. കേസ് റദ്ദാക്കണമെന്ന നാവികരുടെ ആവശ്യത്തിനെതിരെ ഹര്‍ജിയില്‍ കക്ഷിചേര്‍ന്ന് ഉന്നയിച്ചിരുന്ന വാദങ്ങളും സത്യവാങ്മൂലങ്ങളുമാണ് പിന്‍വലിക്കുന്നത്. ഇക്കാര്യം കോടതിക്കു പുറത്ത് പരിഹരിക്കപ്പെട്ടതിനാലാണിത്. ഈ ഹര്‍ജിയില്‍ വിധി പറയുമ്പോള്‍ ഇക്കാര്യം പരിഗണിക്കണമെന്നാണ് അപേക്ഷ.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 2ന്‌

നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിന് ശനിയാഴ്ച നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഗോവയിലെ കോര്‍ട്ടാലിം മണ്ഡലത്തിലും ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കും. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ലോക്‌സഭാ മണ്ഡലം, വിവിധ സംസ്ഥാനങ്ങളിലെ 27 നിയമസഭാ മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 12നാണ് ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്. വോട്ടെണ്ണല്‍ എല്ലായിടത്തും ജൂണ്‍ 15 നാണ്. നെയ്യാറ്റിന്‍കരയില്‍ മെയ് 16 വരെ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന 17 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം 19 ആണ്. തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം മെയ് ഒമ്പതിന് പുറപ്പെടുവിക്കും. തിരുവനന്തപുരം ജില്ലയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൊവ്വാഴ്ചതന്നെ നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പെരുമാറ്റച്ചട്ടം ഒരുപോലെ ബാധകമാണ്. ഇക്കൊല്ലം ജനവരി ഒന്നിന് പ്രാബല്യത്തില്‍വന്ന വോട്ടര്‍പ്പട്ടികയുടെ അടിസ്ഥാനത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടര്‍പ്പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്സവങ്ങള്‍, വേനലവധി തുടങ്ങി എല്ലാ ഘടകങ്ങളും പരിശോധിച്ചശേഷമാണ് വോട്ടെടുപ്പ് ജൂണ്‍ രണ്ടിന് നടത്തുമെന്ന് പ്രഖ്യാപിച്ചത്. സി.പി.എം. എം.എല്‍.എ. ആയിരുന്ന ആര്‍. ശെല്‍വരാജ് രാജിവെച്ചതിനെത്തുടര്‍ന്നാണ് നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഇപ്പോള്‍ രംഗത്തുള്ളത് അദ്ദേഹമാണ്. സി.പി.എമ്മിലെ എഫ്. ലോറന്‍സ്, ബി.ജെ.പി.യിലെ ഒ. രാജഗോപാല്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. ചൊവ്വാഴ്ച പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പുകളില്‍ നെല്ലൂരിലും ആന്ധ്രപ്രദേശിലെ 18 നിയമസഭാ മണ്ഡലങ്ങളിലും നടക്കുന്ന വോട്ടെടുപ്പ് നിര്‍ണായകമാണ്. തെലുങ്കാന ആവശ്യമുയര്‍ത്തി ആ മേഖലയില്‍നിന്നുള്ളവര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. പുതുക്കോട്ട (തമിഴ്‌നാട്), കാജി (മഹാരാഷ്ട്ര), മഹേശ്വര്‍ (മധ്യപ്രദേശ്), നല്‍ച്ചര്‍ (ത്രിപുര), ദസ്​പൂര്‍, ബാങ്കുര (പഞ്ചിമ ബംഗാള്‍), മാന്ദ് (യു.പി.), ഹാതിയ (ജാര്‍ഖണ്ഡ്) എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങള്‍.

Tuesday, April 24, 2012

പാര്‍ട്ടിക്കാര്യങ്ങളില്‍ സമുദായ നേതാക്കളുടെ ഇടപെടല്‍ അംഗീകരിക്കില്ല -പി.സി. വിഷ്ണുനാഥ്

ജാതിമത ശക്തികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ദൈനംദിനമെന്നോണം ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ വ്യക്തമാക്കി. സമുദായ നേതാക്കള്‍ എല്ലാവരെയും നിയന്ത്രിക്കാന്‍ ശ്രമിക്കുകയും രാഷ്ട്രീയകക്ഷികളുടെ തീരുമാനങ്ങളില്‍ ഇടപെടുകയും ചെയ്യുന്നത് കേരളത്തില്‍ പതിവായിരിക്കുകയാണെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഇതിന് ഉത്തരവാദികളാണെന്നും യുവജനയാത്രാ പര്യടനവുമായി കോഴിക്കോട്ടെത്തിയ വിഷ്ണുനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരക്കാര്‍ എല്ലാ പരിധിയും ലംഘിക്കുകയാണ്. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഇച്ഛാശക്തിയുള്ള സമീപനം സ്വീകരിക്കണം. സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് രാഷ്ട്രീയമായും ജനങ്ങള്‍ക്കുവേണ്ടിയുമാകണം. മറ്റു താല്‍പര്യങ്ങളനുസരിച്ചായിരിക്കരുത്. പി.സി.വിഷ്ണുനാഥിന് ചെങ്ങന്നൂരില്‍ തിരിച്ചടിയുണ്ടാകുമെന്ന എന്‍.എസ്.എസ് നേതാക്കളുടെ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ താന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെന്നും രണ്ടുതവണ ജയിച്ചപോലെ ഇനിയും ജയിക്കുമെന്ന വിശ്വാസമുണ്ടെന്നുമായിരുന്നു വിഷ്ണുനാഥിന്റെ മറുപടി. മുസ്ലിം ലീഗുമായുള്ള പ്രശ്നത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് യൂത്ത് ലീഗുകാര്‍ യൂത്ത്കോണ്‍ഗ്രസ് ബോര്‍ഡ് നശിപ്പിച്ചത് അംഗീകരിക്കാനാവില്ല. പ്രവര്‍ത്തകരെ നേതൃത്വം നിയന്ത്രിക്കണം. അല്ലെങ്കില്‍ ഇപ്പോഴുണ്ടാക്കിയിരിക്കുന്ന എല്ലാ ധാരണകളെയും അത് അട്ടിമറിക്കും. മുഖ്യമന്ത്രിയെക്കുറിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ് നടത്തിയ മോശം പ്രസ്താവനയോടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ പ്രതികരണം അച്യുതാനന്ദനെ സ്വരാജ് അവഹേളിച്ചപ്പോള്‍ സി.പി.എമ്മില്‍നിന്നുണ്ടായതുപോലെ ദുര്‍ബലമായിരിക്കില്ലെന്ന് വിഷ്ണുനാഥ് പറഞ്ഞു. സ്വരാജിനെ സി.പി.എം നേതാക്കള്‍ നിയന്ത്രിക്കണം. യൂത്ത്കോണ്‍ഗ്രസില്‍ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോടെ നേതാക്കള്‍ നിലനിന്ന കാലം കഴിഞ്ഞെന്നും പ്രവര്‍ത്തിക്കാത്തവരെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുവജനയാത്ര മൂന്നു ജില്ലകള്‍ പിന്നിട്ടപ്പോള്‍തന്നെ കുടിവെള്ള ക്ഷാമവും ആശുപത്രികളില്‍ ഡോക്ടര്‍മാരില്ലാത്ത പ്രശ്നവും സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചെന്നും ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പി.ജി ഡോക്ര്‍മാരുടെ സമരം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. കാലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ ഭൂമി ഇടപാട് സര്‍ക്കാര്‍ ഇടപ്പെട്ട് റദ്ദാക്കണമെന്ന് വിഷ്ണുനാഥ് ആവശ്യപ്പെട്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ആദം മുല്‍സി, ഡി.വി. വിനോദ്കൃഷ്ണ, മനോജ് മൂത്തേടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

യൂത്ത്‌ലീഗിന്റെ അണികളെ നിയന്ത്രിക്കണം -വിഷ്ണുനാഥ്

മുസ്‌ലിംയൂത്ത് ലീഗിന്റെ അണികളെ അടക്കിനിര്‍ത്താന്‍ നേതൃത്വം തയ്യാറാവണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്‍റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. ആവശ്യപ്പെട്ടു. യുവജനയാത്രയുടെ കോഴിക്കോട്ടെ സ്വീകരണത്തിനുശേഷം നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എടുത്ത തീരുമാനങ്ങള്‍ നടപ്പാകുന്നില്ലെങ്കില്‍ ലീഗ് നേതൃത്വം അക്കാര്യം പരിശോധിക്കണം.കണ്ണൂര്‍ ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രചാരണബോര്‍ഡുകള്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ തകര്‍ത്തത് അംഗീകരിക്കാന്‍ കഴിയില്ല -വിഷ്ണുനാഥ് പറഞ്ഞു. വി.എസ്. അച്യുതാനന്ദനെ അപമാനിക്കുന്നതുപോലെയാവില്ല കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപമാനിച്ചാലുള്ള അനുഭവമെന്ന് ഡി.വൈ.എഫ്.ഐ. പ്രസിഡന്‍റ് എം. സ്വരാജ് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. വി.എസ്സിനെ അപമാനിച്ചാല്‍ നീലേശ്വരത്തുമാത്രമേ എതിര്‍പ്രതികരണമുണ്ടാകൂ. ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞാല്‍ നീലേശ്വരം മുതല്‍ തിരുവനന്തപുരം വരെ ഓടേണ്ടിവരും. കേരളത്തിന്റെ പൊതു രാഷ്ട്രീയമണ്ഡലത്തിന് ചേരാത്ത ഭാഷ ഉപയോഗിക്കുന്നതില്‍നിന്ന് സ്വരാജിനെ സി.പി.എം. നേതാക്കള്‍ തടയണം. സി.പി.എമ്മില്‍ ഡി.വൈ.എഫ്.ഐ.യുടെ ചുമതലയുള്ളത് ഇ.പി. ജയരാജനായതിനാല്‍, സ്വരാജിനെക്കുറിച്ച് അവിടെ പരാതിപ്പെട്ടിട്ട് കാര്യമില്ല. അതുകൊണ്ട്, പക്വതയുള്ള മറ്റ് നേതാക്കള്‍ ഇടപെടണം -വിഷ്ണുനാഥ് ആവശ്യപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ സി.എച്ച്. ചെയറിനുവേണ്ടി പത്തേക്കര്‍ ഭൂമി കൊടുക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം പുനപ്പരിശോധിക്കണം. മറ്റ് ചെയറുകള്‍ക്കെല്ലാം 20 സെന്‍റ് വീതമാണ് നല്‍കിയതെന്നിരിക്കെ, സി.എച്ച്. ചെയറിനുമാത്രം കൂടുതല്‍ ഭൂമി നല്‍കിയത് ന്യായീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി ഇടപെട്ട് തീരുമാനം റദ്ദാക്കണമെന്ന് വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ജാഥാംഗങ്ങളായ ഡി.വി. വിനോദ്കൃഷ്ണ, മനോജ് മൂത്തേടന്‍, യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ലോക്‌സഭാമണ്ഡലം പ്രസിഡന്‍റ് എം.പി. ആദംമുല്‍സി, രാജേഷ് കീഴരിയൂര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രശസ്ത നിര്‍മാതാവ് നവോദയ അപ്പച്ചന്‍ അന്തരിച്ചു

മലയാള സിനിമയുടെ കാരണവരും പ്രമുഖ നിര്‍മാതാവുമായ നവോദയ അപ്പച്ചന്‍ (87) അന്തരിച്ചു. ലേക്‌ഷോര്‍ ആസ്പത്രിയില്‍ തിങ്കളാഴ്ച വൈകിട്ട് 6.45 നായിരുന്നു അന്ത്യം. അഞ്ച് ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു. ഏഴ് പതിറ്റാണ്ട് മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്ത അപ്പച്ചന്റെ വിയോഗത്തോടെ ഒരു യുഗം അവസാനിക്കുകയാണ്. മാളിയംപുരക്കല്‍ ചാക്കോ പുന്നൂസ് എന്ന അപ്പച്ചന്‍ 1925 ഫിബ്രവരി ആറിന് ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിലാണ് ജനിച്ചത്. മൂത്ത സഹോദരന്‍ കുഞ്ചാക്കോയോടൊപ്പം കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ചത് 1946ലാണ്. ഉദയായുടേയും നവോദയയുടേയും ബാനറുകളില്‍ നിര്‍മിച്ചത് നൂറോളം സിനിമകള്‍. സംഘാടകന്‍, നിര്‍മാതാവ്, വിതരാണാവകാശി, വ്യവസായി തുടങ്ങിയ വിവിധ റോളുകളില്‍ അപ്പച്ചന്‍ നിറഞ്ഞുനിന്നു. നവോദയ സ്റ്റുഡിയോയുടേയും കിഷ്‌കിന്ധ തീം പാര്‍ക്കിന്‍േറയും ഉടമയായ അപ്പച്ചന്‍ പങ്കാളിയായിരുന്ന അമ്പതോളം സിനിമകളില്‍ പ്രേംനസീര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രശസ്ത നടി ശാരദ ഉദയായുടെ ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ 70 എം. എം. ചിത്രമായ പടയോട്ടം, ഇന്ത്യയിലെ ആദ്യത്തെ ത്രീ-ഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മലയാളത്തിലെ ആദ്യത്തെ സിനിമാ സേ്കാപ്പ് ചിത്രമായ തച്ചോളി അമ്പു എന്നിവ നിര്‍മിച്ചത് അപ്പച്ചനാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെഗാ ടെലിവിഷന്‍ സീരിയലായ ബൈബിള്‍ കഥകളുടെ നിര്‍മാതാവും ഇദ്ദേഹമാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, പൂവേ പൂ ചൂടവാ, ചാണക്യന്‍ തുടങ്ങിയവ അപ്പച്ചന്റെ പ്രമുഖ ചിത്രങ്ങളില്‍ പെടുന്നു. ഫാസില്‍, സിബി മലയില്‍, പ്രിയദര്‍ശന്‍, രാജീവ് കുമാര്‍, മോഹന്‍ലാല്‍, രഘുനാഥ് പലേരി, പൂര്‍ണിമ ജയറാം, ശാലിനി, ജെറി അമല്‍ദേവ്, മോഹന്‍ സിത്താര തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അപ്പച്ചന്റെ സിനിമകളിലൂടെ രംഗപ്രവേശം ചെയ്തവരാണ്. ഏഴ് വര്‍ഷം കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്‍റായിരുന്നു. 1990-91ല്‍ സൗത്തിന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രഡിഡന്‍റായും പ്രവര്‍ത്തിച്ചു. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമ അപ്പച്ചന് രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിക്കൊടുത്തു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് അദ്ദേഹത്തിന് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം ലഭിച്ചു. 1995ലാണ് ചെന്നൈയില്‍ താംബരത്ത് ഡിസ്‌നി ലാന്‍ഡിന്റെ മാതൃകയില്‍ കിഷ്‌കിന്ധ തീം പാര്‍ക്ക് തുടങ്ങിയത്. 115 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ സാഹസിക സ്വപ്ന സാക്ഷാത്കാരം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. ബേബിയാണ് അപ്പച്ചന്റെ ഭാര്യ. മക്കള്‍ : ജിജോ, ജോസ് (സംവിധായകര്‍) ജിസ്, ജിഷ. മരുമക്കള്‍ : മാമച്ചന്‍, ബാബു, ലിസ, സുനിത. സഹോദരന്‍ കുഞ്ചാക്കോയുടെ കൊച്ചുമകനാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. മറ്റു സഹോദരങ്ങള്‍: സിസ്റ്റര്‍ സെലിന്‍, അന്നമ്മ ആന്‍റണി, തങ്കമ്മ ജോണ്‍, പരേതരായ ലൂക്കോസ്, ജോസഫ്, സിസ്റ്റര്‍ എമിറിന്‍സ്രാന. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണി, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, നടന്‍ മോഹന്‍ലാല്‍ തുടങ്ങിയ പ്രമുഖര്‍ ആസ്പത്രിയിലെത്തി അപ്പച്ചന് അന്ത്യോപചാരമര്‍പ്പിച്ചു. മൃതദേഹം ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ആറുവരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. പിന്നീട് ചെന്നൈയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് താംബരം ദര്‍ക്കാള്‍ അസംപ്ഷന്‍ പള്ളി സെമിത്തേരിയില്‍.

Monday, April 23, 2012

അണ്‍ എക്കണോമിക് സ്‌കൂളില്‍ ജൂണിനുശേഷം നിയമിച്ചവര്‍ക്ക് അംഗീകാരമില്ല

ഇവരെ തസ്തികയില്ലാത്തവരാക്കി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തും 2011 ജൂണ്‍ ഒന്നിന് ശേഷം എയ്ഡഡ് അണ്‍ എക്കണോമിക് സ്‌കൂളുകളില്‍ നിയമിതരായ അധ്യാപകര്‍ക്ക് ഇപ്പോള്‍ അംഗീകാരം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇവരെ ഇപ്പോള്‍ ദിവസവേതനക്കാരായി പരിഗണിച്ച് തസ്തികയില്ലാത്തവരുടെ വിഭാഗത്തിലാക്കി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തും. അടുത്ത വര്‍ഷം മുതലേ ഇവര്‍ക്ക് അംഗീകാരം കിട്ടു. അധ്യാപക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് വിശദീകരിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ഈ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ത്തരത്തില്‍ നിയമനം കിട്ടിയവരെ മരണവും വിരമിക്കലും വഴിയുണ്ടായ തസ്തികകളില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇങ്ങനെ മൂന്നു മാസത്തോളം ഇവര്‍ക്ക് അംഗീകൃത പദവി ലഭിച്ചിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമുള്ള സ്‌കൂളുകളിലും ഇത്തരത്തില്‍ പുതിയ അധ്യാപകരെ നിയമിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ഇത്തരത്തില്‍ എത്ര അധ്യാപകരുണ്ടെന്ന വിവരം സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഈ നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇത്തരം സ്‌കൂളുകളില്‍ വേണ്ട മിനിമം തസ്തികകളേ നിലനിര്‍ത്തേണ്ടതുള്ളൂ. ില കോര്‍പ്പറേറ്റ് മാനേജ്‌മെന്‍റുകള്‍ സീനിയര്‍ അധ്യാപകരെ തങ്ങളുടെ നിയന്ത്രണത്തിലുള്ള മറ്റ് സ്‌കൂളുകളിലേക്ക് മാറ്റിയിട്ടുണ്ട്. എയ്ഡഡ് അധ്യാപകനിയമനം നിരോധിച്ചിരുന്ന സമയത്താണ് ഇത്തരത്തില്‍ മാറ്റിയിരുന്നത്. എന്നാല്‍ ഈ അധ്യാപകരുടെ നിയമന സാധ്യത സ്ഥലം മാറ്റത്തിനു മുമ്പ്, 2011 ജൂണ്‍ ഒന്നുവരെ ജോലിചെയ്ത സ്‌കൂളിലായിരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.