Random Posts

Wednesday, April 25, 2012

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 2ന്‌

നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിന് ശനിയാഴ്ച നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഗോവയിലെ കോര്‍ട്ടാലിം മണ്ഡലത്തിലും ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കും. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ലോക്‌സഭാ മണ്ഡലം, വിവിധ സംസ്ഥാനങ്ങളിലെ 27 നിയമസഭാ മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 12നാണ് ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്. വോട്ടെണ്ണല്‍ എല്ലായിടത്തും ജൂണ്‍ 15 നാണ്. നെയ്യാറ്റിന്‍കരയില്‍ മെയ് 16 വരെ പത്രിക സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന 17 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം 19 ആണ്. തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം മെയ് ഒമ്പതിന് പുറപ്പെടുവിക്കും. തിരുവനന്തപുരം ജില്ലയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൊവ്വാഴ്ചതന്നെ നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പെരുമാറ്റച്ചട്ടം ഒരുപോലെ ബാധകമാണ്. ഇക്കൊല്ലം ജനവരി ഒന്നിന് പ്രാബല്യത്തില്‍വന്ന വോട്ടര്‍പ്പട്ടികയുടെ അടിസ്ഥാനത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വോട്ടര്‍പ്പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്സവങ്ങള്‍, വേനലവധി തുടങ്ങി എല്ലാ ഘടകങ്ങളും പരിശോധിച്ചശേഷമാണ് വോട്ടെടുപ്പ് ജൂണ്‍ രണ്ടിന് നടത്തുമെന്ന് പ്രഖ്യാപിച്ചത്. സി.പി.എം. എം.എല്‍.എ. ആയിരുന്ന ആര്‍. ശെല്‍വരാജ് രാജിവെച്ചതിനെത്തുടര്‍ന്നാണ് നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഇപ്പോള്‍ രംഗത്തുള്ളത് അദ്ദേഹമാണ്. സി.പി.എമ്മിലെ എഫ്. ലോറന്‍സ്, ബി.ജെ.പി.യിലെ ഒ. രാജഗോപാല്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. ചൊവ്വാഴ്ച പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പുകളില്‍ നെല്ലൂരിലും ആന്ധ്രപ്രദേശിലെ 18 നിയമസഭാ മണ്ഡലങ്ങളിലും നടക്കുന്ന വോട്ടെടുപ്പ് നിര്‍ണായകമാണ്. തെലുങ്കാന ആവശ്യമുയര്‍ത്തി ആ മേഖലയില്‍നിന്നുള്ളവര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. പുതുക്കോട്ട (തമിഴ്‌നാട്), കാജി (മഹാരാഷ്ട്ര), മഹേശ്വര്‍ (മധ്യപ്രദേശ്), നല്‍ച്ചര്‍ (ത്രിപുര), ദസ്​പൂര്‍, ബാങ്കുര (പഞ്ചിമ ബംഗാള്‍), മാന്ദ് (യു.പി.), ഹാതിയ (ജാര്‍ഖണ്ഡ്) എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങള്‍.