
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മെഡിക്കല്‍കോളേജ് ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ 470 കോടി രൂപ വകയിരുത്തി.
അടുത്ത രണ്ടു വര്‍ഷത്തിനകം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ തീരുമാനമായത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തുടര്‍വര്‍ഷങ്ങളില്‍ പാലക്കാട്, കൊല്ലം ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാനത്തെ നാലു പിന്നോക്ക ജില്ലകളില്‍ ഓരോ മെഡിക്കല്‍കോളേജുകള്‍ അനുവദിച്ചിരുന്നു. തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ പുതിയ ദന്തല്‍കോളേജുകള്‍ ഈ വര്‍ഷം ആരംഭിക്കും. ഇതിനായി അഞ്ചു കോടി രൂപയും സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാതൃ-ശിശു മരണ നിരക്കുകള്‍ വളരെ കുറവഉള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്തീകളുടെയും കുട്ടികളുടെയും ആശുപത്രകളില്ലാത്ത എട്ട് ജില്ലകളില്‍ അവ സ്ഥാപിക്കാനായി 35 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വാഹനാപകടങ്ങളില്‍ ഇരയാവുന്നവരെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കുന്നതിനായി ഒരു തൃതീയ പരിചരണ ശൃംഖല ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ ജില്ലകളിലും 108 ആബുലന്‍സ് സംവിധാനം ഏര്‍പ്പടുത്തും. ഇതിനായി 40 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ട്രോമാ കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി 25 കോടി രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
അടുത്ത സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 50 ഹോമിയോ ഡിസ്പന്‍സറികള്‍ ആരംഭിക്കും. ഇതിനായി 3.42 കോടി രൂപ കവകയിരുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഹോമിയോ ആശുപത്രികള്‍ ഇല്ലാത്ത ജില്ലകളില്‍ 25 കിടക്കകളുള്ള പുതിയ ഹോമിയോ ആശുപത്രികള്‍ ആരംഭിക്കും. കണ്ണൂര്‍ ജില്ലയിലെ ആദിവാസി മേഘലയില്‍ 10 കിടക്കളുള്ള ഹോമിയോ ആശുപത്രിക്ക് 35 ലക്ഷം രൂപ വകയിരുത്തി. വരുന്ന നടപ്പു സാമ്പത്തിക വര്‍ത്തില്‍ ആശുപത്രിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ സ്തീകളുടെയും കുട്ടികലുടെയും ക്യാന്‍സര്‍, പുകയില ജന്യ കാന്‍സര്‍, മറ്റ് ക്യന്‍സര്‍ എന്നിവ മുന്‍കൂട്ടികാണുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇതിനായി 22 കോടി രൂപ വകയിരുത്താനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ തിരുവനന്തപുരം ക്യാമ്പസില്‍10 നിലകെട്ടിടത്തിന്റെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. സ്‌കൂള്‍കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നടപ്പാക്കിയിരുന്ന സ്‌കൂള്‍ ഹെല്‍ത്ത് പദ്ധതി എല്ലാ ദില്ലകളിലേക്കും വ്യാപിപ്പിക്കാനും തീരുമാനമായി. എന്‍ഡോള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാറിന് ഒരു പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാനവിഹിതം 25 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്.
തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ പുതിയ ലബോറട്ടറി ബ്ലോക്ക് സ്ഥാപിക്കുന്നതിനും, 4 ഡി സ്‌കാനറും, ഡിജിറ്റല്‍ മാമോഗ്രാഫി മെഷീനും സ്ഥാപിക്കുന്നതിനുമായി 15 കോടി രുപ വകയിരുത്തിയിട്ടുണ്ട്. എം ജി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള തലപ്പാടി സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രത്തിനും വൈറോളജി ഗവേഷണകേന്ദത്തിനുമായി ഒരുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ന്യായ വിലക്ക് മരുന്നു വിതരണം ചെയ്യുന്നതിനായി തുടക്കം കുറിച്ച കാരുണ്യ ഫാര്‍മസിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും ബഡ്ജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ജനങ്ങളുടെ സാമൂഹിക ക്ഷേമം ലക്ഷ്യമാക്കിയാണ് ബജറ്റിലെ ഓരോ നിര്‍ദ്ദേശങ്ങളും. ഒരു വ്യക്തിയുടെ അനാരോഗ്യം മനസിനാണെങ്കിലും ശരീരത്തിനാണെങ്കിലും അത് യഥാസമയം ചികിത്സിച്ച് ഭേദമാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുകയെന്നത് പൊതു സമൂഹത്തിന്റെ ധര്‍മ്മമാണ്. ഇതു മനസിലാക്കി പൊതുജന താല്‍പര്യവും ക്ഷേമവും മുന്നില്‍കണ്ടാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധനമന്ത്രി കെ എം മാണി തന്റെ ജനപ്രിയ ബജറ്റില്‍ വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.