
മുല്ലപ്പെരിയാറില്‍ പുതിയ സംരക്ഷണ അണക്കെട്ട് നിര്‍മ്മിക്കുന്നതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി അമ്പത് കോടിരൂപ ബജറ്റില്‍ മാറ്റിവെച്ചു.
കേരളത്തിലെ അമൂല്യമായ ജലസമ്പത്ത് ജാഗ്രതയോടെ സംരക്ഷിച്ച് മെച്ചപ്പെട്ട ജല മാനേജ്‌മെന്റിലൂടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ദുര്‍ബ്ബലാവസ്ഥ കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന അതീവ ഗുരുതരവും സ്‌ഫോടനാത്മകവുമായ പ്രശ്‌നമാണ്. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെളളവും ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഈ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനു 1300 അടി താഴെ പുതിയൊരു സംരക്ഷണ അണക്കെട്ട് നിര്‍മ്മിക്കേണ്ടതുണ്ടെന്ന് കെഎം മാണി പറഞ്ഞു.
ജലനിധി പദ്ധതിയുടെ രണ്ടാംഘട്ടം 8 ജില്ലകളിലെ 200 പഞ്ചായത്തുകളില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. 2012-17 കാലഘട്ടത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ആകെ ചെലവ് 1022 കോടി രൂപയാണ്. ജലനിധിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിനായി 110 കോടി രൂപ വകയിരുത്തി. കൊല്ലം-കോട്ടപ്പുറം ദേശീയപാത 2012-13ല്‍ തന്നെ യാഥാര്‍ത്ഥ്യമാക്കും. ഇതോടൊപ്പം ദീര്‍ഘിപ്പിക്കല്‍ നടപടികളും ആരംഭിക്കും. ദേശീയ ജലപാത കോട്ടപ്പുറം മുതല്‍ നീലേശ്വരം വരെയും, കൊല്ലം മുതല്‍ കോവളം വരെയും ദീര്‍ഘിപ്പിക്കുന്നതിനുള്ള പ്രാരംഭ പഠനങ്ങള്‍ നാറ്റ്പാക്കില്‍ പൂര്‍ത്തിയായി വരികയാണ്. ദേശീയ ജലപാതയുമായി ബന്ധപ്പെടുത്തി നടയറ മുതല്‍ കൊല്ലം വരെയുള്ള ഭാഗം ഗതാഗതയോഗ്യമാക്കുന്നതിനായി കൊല്ലം തോടിന്റെ അവശേഷിക്കുന്ന പണികള്‍ പൂര്‍ത്തീകരിക്കും. നബാര്‍ഡ് സഹായത്തോടെ വടകര-മാഹി കനാലിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങും.
കോഴിക്കോട് ജില്ലയിലെ ഇ.കെ കനാലിന്റെ ഭാഗികമായ പുനരുദ്ധാരണം നബാര്‍ഡ് സഹായത്തോടെ ഏറ്റെടുക്കും. ദേശീയ ജലപാതാ പദ്ധതികള്‍ക്കായി 90 കോടി രൂപ വകയിരുത്തി. സംസ്ഥാന ജലപാതയുടെ തൃശ്ശൃര്‍ ജില്ലയിലെ പൂവത്തുംകടവ് മുതല്‍ മലപ്പുറം ജില്ലയിലെ പൊന്നാനി വരെയും മലപ്പുറം ജില്ലയിലെ വെട്ടം മുതല്‍ കോരപ്പുഴ വരെയും (ഏകദേശം 75.35 കി.മി) ഉള്ള കനാല്‍ നവീകരിച്ച് ഗതാഗത യോഗ്യമാക്കും. ഇതിനായി 13-ാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കും. തീരദേശ സംരക്ഷണത്തിനായി നൂതനവും, പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലുമുളള ജിയോ ട്യൂബ് ഉപയോഗിച്ചുളള സൈറ്റ് സ്‌പെസിഫിക്ക് സബ്‌മേര്‍ജ്ഡ് റീഫ്-ന്റെ നിര്‍മ്മാണത്തിനായി പദ്ധതി നടപ്പിലാക്കും. ഇതിനായി 40 ലക്ഷം രൂപ വകയിരുത്തി.
സ്വകാര്യ-പൊതുമേഖലകളില്‍ ഉള്‍പ്പെടുന്ന ചെറുതും വലുതുമായ 14,000 കുളങ്ങളും, ജലസംഭരണികളും കേരളത്തില്‍ ഉണ്ട്. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്റെ ആദ്യപടിയായി ഓരോ പഞ്ചായത്തിലെയും ഓരോ കുളം വീതം പുനരുദ്ധരിക്കുന്നതിനുളള പദ്ധതി നടപ്പിലാക്കും. ഇതിനായി 47 കോടി രൂപ വകയിരുത്തി. ജല സ്രോതസ്സുകളുടെ ലഭ്യതയ്ക്കും ഇവയുടെ ഫലപ്രദമായ വിനിയോഗത്തിനുമായി നദീതട വികസന പദ്ധതികള്‍ നടപ്പിലാക്കും. 2012-13-ല്‍ ഭാരതപ്പുഴ, ചാലിയാര്‍, പമ്പ നദീതട വികസനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കും. ഇതിനായി 13 കോടി രൂപ വകയിരുത്തി. ഡാം സൈറ്റുകളില്‍ പൂന്തോട്ടങ്ങള്‍ നിര്‍മ്മിച്ച് മലമ്പുഴ മാതൃകയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിപ്പിക്കും. കുറ്റിയാടി, മങ്കര, പേപ്പാറ തുടങ്ങിയ ഡാം സൈറ്റുകളെ ടൂറിസ്റ്റ് ആകര്‍ഷക കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും മോടി പിടിപ്പിക്കുന്നതിനും ഒരു കോടി രൂപ വകയിരുത്തി. മീനച്ചില്‍ വാലി ഇറിഗേഷന്‍ പദ്ധതി നടപ്പാക്കുന്നതിന് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.






