ബി.പി.എല്‍ വിഭാഗത്തിലെ അന്ത്യോദയ അന്നയോജന പദ്ധതിയില്‍പ്പെടുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കുടുംബശ്രീ വഴി നടന്ന സര്‍വേയുടെ റിപ്പോര്‍ട്ട് കൂടി ലഭിക്കുമ്പോള്‍ 32 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജപ്പെടുമെന്നാണ് കണക്ക്. കേന്ദ്രസര്‍ക്കാര്‍ 6.70 രൂപക്ക് നല്‍കുന്ന അരിയാണ് സബ്‌സിഡി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഒരുരൂപക്ക് കൊടുന്നത്. കേന്ദ്രം 8.90 രൂപക്ക് അനുവദിക്കുന്ന അരിയാണ് രണ്ടുരൂപക്ക് എ.പി.എല്ലുകാര്‍ക്ക് നല്‍കുന്നതെന്നും മന്ത്രി അറിയിച്ചു.ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഒരുരൂപ കണക്കില്‍ 25 കിലോ അരി വീതം നല്‍കുമ്പോള്‍ പ്രതിവര്‍ഷം നൂറു കോടിയിലേറെ രൂപ സര്‍ക്കാറിന് സബ്‌സിഡിയായി നല്‍കേണ്ടിവരും. എ.പി.എല്‍ വിഭാഗത്തിന് രണ്ട് രൂപക്കുള്ള അരി വിതരണത്തിന് 1346 കോടി രൂപ സബ്‌സിഡിയായി ചെലവാകും. എ.പി.എല്‍ വിഭാഗത്തിന് എത്ര കിലോ അരി നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മുഴുവന്‍ ബി.പി.എല്ലുകാര്‍ക്കും ഓണക്കിറ്റ് സൗജന്യമായി നല്‍കും. ഇതിന് 19 കോടി ചെലവുണ്ടാകും. ഓണം പ്രമാണിച്ച് പ്ലസ്ടുതലം വരെയുള്ള മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും അഞ്ചുകിലോ അരി സൗജന്യമായി നല്‍കും. സബ്‌സിഡി നിരക്കില്‍ റേഷന്‍കടകള്‍ വഴി ഓണക്കാലത്ത് പഞ്ചസാരയും അനുവദിക്കും.
അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം റേഷന്‍കാര്‍ഡ് നല്‍കുന്ന പദ്ധതി ഉടനാരംഭിക്കും. 50 ദിവസത്തിനുള്ളില്‍ അഞ്ചു ലക്ഷത്തോളം റേഷന്‍കാര്‍ഡുകള്‍ സിവില്‍ സപ്ലൈസ്‌വകുപ്പ് പുതുതായി നല്‍കി..






