Random Posts

Tuesday, August 30, 2011

ഓണസമ്മാനമായി സര്‍ക്കാര്‍ നല്‍കിയത് 264 കോടിയുടെ സഹായം -മന്ത്രി മാണി

പെന്‍ഷനുകളുടെ കുടിശ്ശികയും മറ്റ് സാമൂഹിക സഹായവും ഉള്‍പ്പെടെ ഓണസമ്മാനമായി 264 കോടിയാണ് വിതരണം ചെയ്യുന്നതെന്ന് ധനമന്ത്രി കെ.എം. മാണി. കയര്‍മേഖല ഉള്‍പ്പെടെ പരമ്പരാഗത മേഖലയിലും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുമാണ് ഇത് നല്‍കുന്നത്.

എല്ലാവിധ ബാധ്യതകളും തീര്‍ത്ത് ക്ളീന്‍ സ്ളേറ്റില്‍ ഭരണം ആരംഭിക്കുക എന്ന തത്വമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 5064 കോടിയാണ് ഇടത് സര്‍ക്കാര്‍ യു.ഡി.എഫ് സര്‍ക്കാറിന് ബാധ്യതയാക്കി വെച്ചത്. ബജറ്റില്‍ ഡോ. തോമസ് ഐസക് പ്രഖ്യാപനം നടത്തിയതല്ലാതെ ഒരുകാര്യത്തിലും തുക വകയിരുത്തിയിരുന്നില്ല. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് മുമ്പില്ലാത്ത സഹായമാണ് താന്‍ പ്രഖ്യാപിച്ചത്. നേര്‍മ, പമ്പിങ് സബ്സിഡി കാര്യങ്ങളില്‍ മാത്രമല്ല, കര്‍ഷകരുടെ പെന്‍ഷനിലും സര്‍ക്കാര്‍ ആത്മാര്‍ഥത കാണിച്ചു.

കാര്‍ഷിക മേഖലയില്‍ വേണ്ടത്ര പരിഗണന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്നില്ളെന്ന് യോഗത്തില്‍ സംസാരിച്ച മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. വ്യവസായ മേഖലയില്‍ എട്ടുശതമാനം വര്‍ധനവ് കാണിക്കുമ്പോള്‍ കാര്‍ഷികമേഖലയില്‍ മൂന്നുശതമാനത്തില്‍ താഴെയാണ്. ജില്ലാ പ്രസിഡന്‍റ് ജേക്കബ് തോമസ് അരികുപുറം അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എസ്. ഭാസ്കരന്‍പിള്ള, അഡ്വ. തോമസ് എം. മാത്തുണ്ണി, വി.ടി. ജോസഫ്, എ.സി. മാത്യു എടയാടി, ജില്ലാ ജനറല്‍ സെക്രട്ടറി വി.സി. ഫ്രാന്‍സിസ്, കെ. വര്‍ഗീസ്, ബേബി പാറക്കാടന്‍, വിക്ടര്‍ പി. തോമസ്, ജേക്കബ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.