Random Posts

Friday, August 26, 2011

ഓണ്‍ലൈന്‍ വോട്ടിങ് തന്ത്രവുമായി ഹസാരെ സംഘം

ജനപിന്തുണയുണ്ടെന്ന് വരുത്തി സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാന്‍ അണ്ണാ ഹസാരെ സംഘം ഓണ്‍ലൈന്‍ വോട്ടിങ് തന്ത്രം വ്യാപിപ്പിക്കുന്നു. കുറഞ്ഞത് 25 കോടി ജനങ്ങളെങ്കിലും ആവശ്യപ്പെട്ടാലേ ജന ലോക്പാല്‍ ബില്‍ പാസാക്കൂ എന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുണ്ടെന്ന വ്യാജപ്രചാരണം വഴിയാണ് സംഘം ഓണ്‍ലൈന്‍ വോട്ട് നേടുന്നത്. ലോക്പാല്‍ ബില്‍ പാസാക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞെന്നും രാജ്യത്തെമ്പാടും പ്രചരിപ്പിക്കുന്ന മൊബൈല്‍ , ഇമെയില്‍ സന്ദേശങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം നല്‍കിയ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ ഒരു ബെല്ലിന് ശേഷം തനിയെ വിച്‌ഛേദിക്കപ്പെടുമെന്നും പിന്നീട് നന്ദി രേഖപ്പെടുത്തിയ മറുസന്ദേശം ലഭിക്കുമെന്നുമുള്ള അറിയിപ്പുണ്ട്. ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും ഓണ്‍ലൈന്‍ വോട്ടിങ് നടത്താമെന്നിരിക്കെ ഹസാരെ സംഘത്തിന് ഈ വോട്ടുകള്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനുള്ള ഉപായം മാത്രമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതേ സംവിധാനം ഒരുക്കി സ്വകാര്യ ഓണ്‍ലൈന്‍ സംഘങ്ങളും ഇന്റര്‍നെറ്റ് പോര്‍ട്ടലുകളും മറ്റും രംഗത്തെത്തിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യം നല്‍കുന്ന ഇത്തരം സൈറ്റുകള്‍ ലക്ഷക്കണക്കിന് രൂപയുടെ വരുമാനവും നേടുന്നുണ്ട്.