Random Posts

Sunday, August 21, 2011

12 ലക്ഷം വീടുകള്‍ നിര്‍മിക്കും -മന്ത്രി കെ.എം.മാണി

പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിക്കാലത്ത്, കുറവുള്ള 12 ലക്ഷം വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന ലക്ഷ്യവുമായി സംസ്ഥാന പാര്‍പ്പിടനയത്തിന്റെ കരട് അഭിപ്രായ രൂപവത്കരണത്തിനായി വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി കെ.എം.മാണി അറിയിച്ചു.www.hsgcomr.kerala.gov.in, www.nirmithi.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പാര്‍പ്പിടനയത്തിന്റെ കരട് ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു. പൊതുജനാഭിപ്രായത്തിന്റെ വെളിച്ചത്തില്‍ ആവശ്യമായ ഭേദഗതികളോടെ പാര്‍പ്പിടനയം അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സുരക്ഷിത വീട് നമ്മുടെ അവകാശം എന്നതാണ് പാര്‍പ്പിടനയത്തിന്റെ മുദ്രാവാക്യം. എസ്.സി/ എസ്.ടി, മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, ദുര്‍ബലവിഭാഗക്കാര്‍ എന്നിവര്‍ക്ക് പാര്‍പ്പിടം ഉറപ്പാക്കും. ഗുണഭോക്താവിന്റെ പങ്കാളിത്തത്തോടുകൂടിയുള്ള പാര്‍പ്പിട നിര്‍മാണത്തിന് ഊന്നല്‍ നല്‍കും. ജനങ്ങള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ സാനിറ്റേഷന്‍, കുടിവെള്ളം, വൈദ്യുതി, മാലിന്യ നിര്‍മാര്‍ജനം, ഗതാഗതം തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ ഉറപ്പുവരുത്തും.

ദുര്‍ബലവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് വീട് ഉറപ്പാക്കുന്നതിനായി ആവശ്യമായ ഫണ്ട് സ്വരൂപിക്കും. നിര്‍മാണമേഖലയില്‍ പൊതുസ്വകാര്യ -പഞ്ചായത്ത് - സഹകരണ രംഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. ഹരിതനിര്‍മാണത്തിന് പ്രോല്‍സാഹനം നല്‍കും. ചെലവ് കുറഞ്ഞ ഭവനനിര്‍മാണത്തിന് പുതിയ സങ്കേതങ്ങള്‍ കണ്ടെത്തും. ചെലവുകുറഞ്ഞ പാര്‍പ്പിട നിര്‍മാണം പ്രോല്‍സാഹിപ്പിക്കും.

നഗരങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി നഗരപ്രാന്തങ്ങള്‍ വികസിപ്പിക്കും. ഭവനനിര്‍മാണ മേഖലയില്‍ തൊഴിലാളികളുടെ കഴിവ് പരിപോഷിപ്പിക്കുന്നതിനായി പരിശീലനം സംഘടിപ്പിക്കും. പാര്‍പ്പിട നിര്‍മാണത്തിനാവശ്യമുള്ള ഭൂമി, സാങ്കേതികവിദ്യ തുടങ്ങിയവയില്‍ ഗുണഭോക്താക്കള്‍ നേരിടുന്ന തടസ്സങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. ഭൂപ്രദേശങ്ങളുടെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ദുരന്ത നിവാരണ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കും. പാര്‍പ്പിട പൈതൃകം സംരക്ഷിക്കും. സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിനെയും സംസ്ഥാന നിര്‍മിതി കേന്ദ്രത്തെയും ശക്തിപ്പെടുത്തും. ഭവനനിര്‍മാണ മേഖലയിലെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെയും ഏകോപിപ്പിക്കും. സംസ്ഥാനത്ത് ആവശ്യമുള്ള 12 ലക്ഷം വീടുകളില്‍ 60 ശതമാനവും ദുര്‍ബലവിഭാഗങ്ങളില്‍പെട്ടവര്‍ക്കാണ്. 1994 ലാണ് സംസ്ഥാനത്ത് അവസാനമായി പാര്‍പ്പിടനയം ഉണ്ടായത്. പുതിയ പാര്‍പ്പിടനയം നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് മുഴുവനാളുകള്‍ക്കും വീട് ലഭ്യമാക്കുമെന്നും മന്ത്രി കെ.എം. മാണി പറഞ്ഞു.