Random Posts

Sunday, August 21, 2011

കോട്ടയത്തെ ചുറ്റി എം-25 വരുമോ; വീരേന്ദ്ര ശര്‍മ്മ എം.പി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തുമ്പോള്‍ നാടിന്റെ വികസനസ്വപ്നങ്ങള്‍ക്ക് നിറം കൂടുന്നു

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലെ കരുത്തനായ ലേബര്‍ എം.പിയും മലയാളി സമൂഹവുമായി ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളുമായ ശ്രീ വീരേന്ദ്ര ശര്‍മ്മ എം.പി കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തുവാന്‍ പോകുന്ന ചര്‍ച്ച മധ്യകേരളത്തിന്റെ വികസനസ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ നിറം പകരും. യു.കെ കേരളാ ബിസിനസ് ഫോറം ചെയര്‍പേഴ്‌സണ്‍ കൂടിയായ വീരേന്ദ്രശര്‍മ്മ എം.പി ആഗസ്റ്റ് 22 തിങ്കളാഴ്‌ച്ചയാണ് ഒരാഴ്‌ച്ചത്തെ പര്യടനത്തിനായി കേരളത്തിലേയ്ക്ക് യാത്ര തിരിക്കുന്നത്. ആന്റോ ആന്റണി എം.പിയും മോന്‍സ് ജോസഫ് എം.എല്‍.എയും കൂടിയാണ് വീരേന്ദ്ര ശര്‍മ്മ എം.പിയുടെ കേരളാപര്യടനം കോര്‍ഡിനേറ്റ് ചെയ്യുന്നത്.

            മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി അദ്ദേഹം കേരളത്തിന്റെ വികസനം സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. ഈ വരുന്ന ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ യു.കെ-കേരള ബിസിനസ് ഫോറം കേരളത്തിന്റെ വികസനസ്വപ്നങ്ങളെ മുന്‍നിര്‍ത്തി സംഘടിപ്പിക്കാന്‍ പോകുന്ന ഇന്‍വെസ്റ്റേഴ്‌സ് മീറ്റിലേയ്ക്ക് മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരേയും ഔദ്യോഗികമായി ക്ഷണിക്കുന്നതിനു കൂടി ഈ അവസരം വീരേന്ദ്ര ശര്‍മ്മ എം.പി വിനയോഗിക്കും.

യു.കെ-കേരള ബിസിനസ് ഫോറവും കോട്ടയം പ്രവാസി ഫെഡറേഷന്‍ യു.കെയും സംയുക്തമായിട്ടാണ് എം.പിയുടെ കേരളാ പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ രാജ്യാന്തരനിലവാരത്തിലുള്ള ഇന്‍ഫ്രാസ്ട്രക്‌ചറല്‍ വികസനം, വെയിസ്റ്റ് മാനേജ്‌മെന്റ്, വിദ്യാഭ്യാസം എന്നിവ നടപ്പില്‍ വരുത്തുന്നതിനായുള്ള വിവിധ പദ്ധതികളുടെ പ്രൊപ്പോസലും ഇതോടൊപ്പം ഫോറം സമര്‍പ്പിക്കും.

ഇതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് കോട്ടയം ജില്ലയെ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തുന്ന ഒരു റിങ് റോഡാണ്. ലണ്ടന്‍ നഗരത്തെ ചുറ്റിയുള്ള എം-25 മോട്ടോര്‍ വേ പോലെ വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയില്‍ നിലവിലുള്ള പ്രധാന റോഡുകളെ റിങ് റോഡുമായി യോജിപ്പിക്കുന്നതിന് പദ്ധതിയുണ്ട്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകള്‍ക്ക് കൂടി പ്രാധാന്യം ലഭിക്കുന്ന തരത്തിലാണ് ഈ പദ്ധതിയുടെ കരട് രൂപം.

പത്തനതിട്ടയെ അന്താരാഷ്ട്ര വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ്. ആന്റോ ആന്റണി എം.പിയാണ് ഇതിന് ചുക്കാന്‍ പിടിയ്ക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന യു.കെയിലെ വിവിധ വിദ്യാഭ്യസ സ്ഥാപനങ്ങളുടെ ഉള്‍പ്പെടെ സെന്ററുകള്‍ ഒരു കാമ്പസിലേയ്ക്ക് കൊണ്ടുവരുന്നതിനാണ് പദ്ധതി.

മറ്റൊന്ന് കോട്ടയം പട്ടണത്തിനു സമീപം കോടിമതയില്‍ കൊണ്ടുവരുന്നതിനായി വിഭാവനം ചെയ്യുന്ന മൊബിലിറ്റി ഹബ് ഹബ്ബാണ്. തീ­വ­ണ്ടി, ബസ്‌, ബോ­ട്ട്‌ എന്നീ മൂ­ന്നി­നം വാഹനങ്ങളുടെ­യും ഹബ്‌ ആയി മാ­റ്റണമെന്ന ഉത്സാഹത്തോടെ ആദ്യം നീങ്ങിയത് ജോസ് കെ മാണി എം.പിയാണ്.

ഇതോടൊപ്പം വന്‍കിട വെയ്‌സ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം തന്നെയും പ്ലാന്‍ ചെയ്യുന്നു. വെയിസ്റ്റില്‍ നിന്നും വൈദ്യുതിയും ഗ്യാസും ഉല്പാദിപ്പിക്കുന്ന തരത്തിലുള്ള പദ്ധതിയും ഈ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോ അതിവേഗം പൂര്‍ത്തീകരിക്കുന്നതിന്‌ ആവശ്യമായുള്ള പിന്തുണയും ഫോറം നല്‍കുന്നതാണ്.

ഒരാഴ്‌ച്ചത്തെ കേരളാ സന്ദര്‍ശനത്തിനിടയില്‍ വീരേന്ദ്രശര്‍മ്മ എം.പി തേക്കടി, കുമരകം, തിരുവനന്തപുരം ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രം എന്നിവ സന്ദര്‍ശിക്കുന്നതാണ്.

വെസ്റ്റ് ലണ്ടനിലെ ഈലിങ്-സൗത്താള്‍ പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വീരേന്ദ്ര ശര്‍മ്മ എം.പി പഞ്ചാബില്‍ ജനിച്ച്‌, ബ്രിട്ടണിലേയ്ക്ക് കുടിയേറിയതാണ്. അദ്ദേഹത്തിന്റെ പിതാവ് ഡോ.ലേഖ് രാജ് ശര്‍മ്മ സ്വാതന്ത്രസമരസേനാനിയും പഞ്ചാബിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്നു