വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റിയംഗവുമായ എ.എം. റൈസിന്റെ നേതൃത്വത്തില്‍ 50 ഓളം പേരാണ് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചത്. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. അനിത, ലോക്കല്‍ കമ്മിറ്റിയംഗവും അഡീഷനല്‍ ഗവ. പ്ലീഡറുമായ എസ്. വിജയകുമാര്‍, എല്‍.സി അംഗങ്ങളായ കെ. സോമന്‍, എന്‍. രാജേന്ദ്ര കുമാര്‍, പി.എസ്. ഷിബു, ആര്‍.എസ്. ജയന്‍, എസ്.ആര്‍. വിനു, ജി. രാജേന്ദ്ര കുമാര്‍, ബി. വല്‍സല തുടങ്ങി പാര്‍ട്ടി വിടുന്ന 185 പേരുടെ പട്ടികയും ഹാജരാക്കി. ഇടതുപക്ഷ ആശയം ഉയര്‍ത്തിപ്പിടിച്ച് സ്വതന്ത്രരായി നില്‍ക്കാനാണ് തീരുമാനമെന്ന് റൈസ് വ്യക്തമാക്കി. ഭാവിതീരുമാനങ്ങള്‍ ആഗസ്റ്റ് 21ഓടെ തീരുമാനിക്കും.
പിണറായി പക്ഷത്തെ ശക്തനായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. 250ല്‍ കൂടുതല്‍ അംഗങ്ങളും 16ലധികം ബ്രാഞ്ചുകളുമുണ്ടെങ്കില്‍ ഒരു ലോക്കല്‍ കമ്മിറ്റിയെ വിഭജിക്കാമെന്ന സംസ്ഥാനസമിതി നിര്‍ദേശം മുതലെടുക്കാനുള്ള ഔദ്യോഗികപക്ഷ നീക്കമാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്. വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റിയെ വെഞ്ഞാറമൂട്, നെല്ലനാട് എല്‍.സികളായി വിഭജിക്കാനായിരുന്നു നീക്കം. നിലവിലെ ലോക്കല്‍ കമ്മിറ്റി ഇതിനെ എതിര്‍ത്തു.
നെല്ലനാട് പഞ്ചായത്തിന്റെയും വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിന്റെയും നിയന്ത്രണം വെഞ്ഞാറമൂട് ലോക്കല്‍ കമ്മിറ്റിയാണ് വഹിച്ചിരുന്നത്. ഇത് ഏരിയാ കമ്മിറ്റിക്ക് കീഴിലേക്ക് മാറ്റാനുള്ള നിര്‍ദേശവും പ്രകോപനമായി. പ്രാദേശിക പരിസ്ഥിതി സമരത്തില്‍ ക്രഷര്‍ ഫാക്ടറിക്കെതിരെ നിലപാടെടുത്ത ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വിഭാഗീയത മൂര്‍ച്ഛിപ്പിച്ചു.
വി.എസ് അനുകൂല നിലപാടെടുക്കുന്ന ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാന്‍ കോലിയക്കോട് കൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് വിഭജിച്ചതെന്ന് റൈസ് പറഞ്ഞു. 202 അംഗങ്ങളും 14 ബ്രാഞ്ചുകളും മാത്രമുള്ള ലോക്കല്‍ കമ്മിറ്റി വിഭജിക്കാന്‍ പാര്‍ട്ടി ഭരണഘടനാവിരുദ്ധമായ മാര്‍ഗം സ്വീകരിക്കുകയായിരുന്നു. ഇതിനായി ക്രമവിരുദ്ധമായി 50 പുതിയ അംഗത്വം ഉണ്ടാക്കി ബ്രാഞ്ചുകളില്‍ ഉള്‍പ്പെടുത്തി. ഇത് സംഘടനാതത്വങ്ങള്‍ക്ക് എതിരാണെന്നും പാര്‍ട്ടി സമ്മേളനം തീരുമാനിച്ചശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും റൈസ് ചൂണ്ടിക്കാട്ടുന്നു.
നെല്ലനാട് പഞ്ചായത്തിലെ കോട്ടുകുന്നം മല സംരക്ഷിക്കണമെന്ന എല്‍.സി നിലപാടിനെതിരെ ഏരിയാ കമ്മിറ്റി നിലപാടെടുത്തുവെന്നും അദ്ദേഹം ആക്ഷേപിച്ചു. പ്രസിഡന്റ് ഉള്‍പ്പെടെ പഞ്ചായത്തംഗങ്ങള്‍ ലോക്കല്‍ കമ്മിറ്റിയെ അനുകൂലിച്ചതും ക്രഷര്‍ ഫാക്ടറിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചതും കമ്മിറ്റി വിഭജിക്കാന്‍ കാരണമായി. മാണിക്കല്‍ പഞ്ചായത്തിലെ കോലിയക്കോട് കണ്‍സ്യൂമര്‍ സഹകരണ സംഘത്തിന്റെ ലൈബ്രറി വി.എസ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പങ്കെടുത്തതിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും റൈസ് പറഞ്ഞു.





