Random Posts

Tuesday, August 23, 2011

സിപിഎം ഓഫീസില്‍ ക്യാമറ ഒളിപ്പിച്ചത് ആരെന്ന് ഇന്നറിയാം


കൊച്ചി: മുന്‍ ജില്ലാസെക്രട്ടറിയും അഭിഭാഷകയും തമ്മിലുള്ള സ്വകാര്യനിമിഷങ്ങള്‍ ഒപ്പിയെടുക്കാന്‍ സിപിഎം എറണാകുളം ജില്ലാകമ്മിറ്റി ഓഫീസില്‍ ഒളിക്യാമറ വച്ചത് ആരെന്ന് ഇന്നറിയാം. സിപിഎമ്മിനെ പിടിച്ചുലച്ച ഒളിക്യാമറ വിവാദത്തില്‍ ഓഫീസ് സെക്രട്ടറിയുള്‍പ്പെടെയുള്ള നാല് പേര്‍ക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കുമെന്നാണ് സൂചന. സിഐടിയു നേതാവ് എം കെ പാന്ഥയുടെ നിര്യാണത്തെത്തുടര്‍ന്ന് അടിയന്തര ജില്ലാക്കമ്മിറ്റി യോഗം മാറ്റി വച്ചില്ലങ്കില്‍ നടപടി ഇന്ന് തന്നെ ഉണ്ടായേക്കും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രധാന ഓഫീസ് സെക്രട്ടറിയും മുന്‍ എസ് എഫ് ഐ നേതാവുമായ രജീഷ്, ജില്ലാക്കമ്മിറ്റി ഓഫീസിലെ ജീവനക്കാരായ രമേശ് പ്രവീണ്‍ , അരുണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി ഉണ്ടാവുക. വരുന്ന ഒന്നാം തീയതി മുതല്‍ പാര്‍ട്ടി സമ്മേനങ്ങള്‍ ആരംഭിക്കാനിരിക്കെ നടപടിയെടുത്തേ മതിയാകു എന്ന നിലയിലാണ് സംസ്ഥാന നേതൃത്വം. അത് കൊണ്ട് തന്നെ നടപടി ഉറപ്പായിക്കഴിഞ്ഞിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച വൈക്കം വിശ്വന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ജില്ലാക്കമ്മിറ്റിയില്‍ വയ്കുമെന്ന് അറിയുന്നു. ഇതില്‍ നടക്കുന്ന ചര്‍ച്ചയെ തുടര്‍ന്നായിരിക്കും നടപടി.

ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം.വി ഗോവിന്ദന്‍ മാസ്റ്ററാകട്ടെ നടപടി എടുത്തേ മതിയാകൂ എന്ന നിലയില്‍ തന്നെയാണ്. ഓഫീസ് സെക്രട്ടറിക്കും ജോലിക്കാര്‍ക്കുമെതിരെയാണ് നടപടി ഉണ്ടാകുന്നെതെങ്കിലും പിണറായി വിഭാഗത്തിന്റെ പ്രധാന ടാര്‍ജറ്റായ എസ്.ശര്‍മയെയും, കെ.ചന്ദ്രന്‍ പിള്ളയെയും വരുന്ന സമ്മേളന കാലത്ത് വെട്ടി നിരത്താനുള്ള അജണ്ടയുടെ മുന്നോടിയായിട്ടാണ് ഇപ്പോഴത്തെ നടപടി. അതേസമയം കടുത്ത നടപടിയെടുത്താന്‍ രഹസ്യം പരസ്യമാകുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ഗോപി കോട്ടമുറിക്കലിന്റെ മുറിയില്‍ നിന്നും ചീത്രീകരിച്ച ദൃശ്യങ്ങള്‍ ഇപ്പോള്‍ത്തന്നെ സിപിഎമ്മിന് തലവേദനയായിക്കഴിഞ്ഞു. വി.എസ് അച്യുതാനന്ദന്‍ വിഭാഗം ഒരുക്കിയെ കെണിയില്‍ അകപ്പെട്ട ഗോപിയെ സംരക്ഷിച്ചു നിര്‍ത്തിയാല്‍ രഹസ്യചിത്രങ്ങള്‍ പരസ്യമാകുമെന്നാണ് നേതൃത്വത്തിന്റെ ഭയം. ഇപ്പോള്‍ത്തന്നെ ചില ദൃശ്യങ്ങള്‍ ഏതാനും ചാനലുകളില്‍ എത്തിയതായും സൂചനയുണ്ട്.

ഗോപിയെ സംരക്ഷിക്കാന്‍ ഔദ്യോഗികപക്ഷം ശ്രമിച്ചാല്‍ ചിത്രങ്ങള്‍ പരസ്യമാക്കാനാണ് ശ്രമം. ഇന്റര്‍നെറ്റിലൂടെ ഇവ പുറത്തുവിടുന്നതോടെ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു തെളിയിക്കാന്‍ വി.എസ് വിഭാഗത്തിനു കഴിയും. അവസാനശ്രമമെന്ന നിലയിലായിരിക്കും ഈ നടപടിയെന്നും വി.എസ് വിഭാഗത്തിന്റെ ഉന്നതകേന്ദ്രങ്ങള്‍ സമ്മതിക്കുന്നു. അതേസമയം ഗോപി കോട്ടമുറിക്കലിനെ കുടുക്കാനായി എതിര്‍പക്ഷം സ്ഥാപിച്ച ഒളികാമറയില്‍ പാര്‍ട്ടിയുടെ അതീവ രഹസ്യ യോഗങ്ങള്‍ പോലും പകര്‍ത്തിയതായാണ് സൂചന. പാര്‍ട്ടി ഓഫീസില്‍ സജീവമായിരുന്ന ഏഴംഗസംഘമാണ് ഇതിനുപിന്നിലെന്നും ഔദ്യോഗികവിഭാഗം കണ്ടെത്തിയിരുന്നു. മുന്‍ മന്ത്രിയും മുന്‍ എം.പിയും ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ സംഘത്തെക്കുറിച്ച് നേതൃത്വത്തിന് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കു പുറമേ, ഓഫീസ് സെക്രട്ടറിമാരായ രണ്ടു പേരും സംഘത്തിലുണ്ട്. അന്വേഷണ കമ്മിഷന്‍ വന്നതോടെ വിവാദ ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവിലേക്കു പകര്‍ത്താന്‍ ഉപയോഗിച്ച കംപ്യൂട്ടറും സംഘം നശിപ്പിച്ചു.

കഴിഞ്ഞ പാര്‍ലമെന്റ്-നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു നടന്ന തന്ത്രപ്രധാന യോഗങ്ങളടക്കം ചോര്‍ത്തിയിരുന്നതായാണ് നേതൃത്വത്തിന് മുന്‍പില്‍ തെളിവെത്തിയിരിക്കുന്നത്. പി.ബി അംഗങ്ങളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത അതീവ രഹസ്യ യോഗങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തി ചില ചാനലുകള്‍ക്കും പാര്‍ട്ടി വിരുദ്ധര്‍ക്കും എത്തിച്ചു നല്കിയതായാണ് സൂചന. പാര്‍ട്ടി നേതൃത്വം ഈ വിഷയം വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടി രൂപപ്പെടുത്തിയ തന്ത്രങ്ങള്‍ ഒളികാമറ വഴി ചോര്‍ന്ന് ശത്രുക്കളുടെ കൈയില്‍ എത്തിയത് പാര്‍ട്ടി വളരെ ഗൗരവമായാണ് കാണുന്നത്. ആരോപണത്തെത്തുടര്‍ന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിസ്ഥാനമൊഴിഞ്ഞ ഗോപി കോട്ടമുറിക്കല്‍ തൊട്ടടുത്തദിവസം ഡിവൈഎഫ്‌ഐ ജില്ലാ റാലിയില്‍ മുഖ്യപ്രഭാഷകനായി എത്തിയതോടെ അദ്ദേഹത്തെ കൈവിടാന്‍ ഒരുക്കമല്ലെന്ന സന്ദേശമാണ് ഔദ്യോഗികപക്ഷം നല്കുന്നത്.

പാര്‍ട്ടി ഓഫിസില്‍ ഒളിക്യാമറ വച്ചതടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വം കടുത്ത നടപടികളിലേക്കു കടക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും ഓഫിസുകളില്‍ വനിതകളടക്കമുള്ളവര്‍ക്കു ധൈര്യമായി പോകാനാവാത്ത സ്ഥിതിയാണെന്ന് ഔദ്യോഗിക വിഭാഗം പരാതിയുയര്‍ത്തിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് വീഡിയോ പരസ്യപ്പെടുത്തുന്നതിലേക്ക് വി.എസ് വിഭാഗത്തിന്റെ ആലോചന എത്തുന്നത്.  സംസ്ഥാനത്തെ സി.പി.എം ഓഫീസുകളില്‍ നിലവിലുള്ള ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പരിശോധന തുടങ്ങി. കംപ്യൂട്ടറുകള്‍, വെബ് കാമറകള്‍, മറ്റ് ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ എന്നിവ സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയാണ് പരിശോധിക്കുന്നത്. ജില്ലാ കമ്മിറ്റി ഓഫീസുകളില്‍ തുടങ്ങിയ പരിശോധന താഴേതട്ടില്‍ വരെ വ്യാപിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. എറണാകുളത്ത് ജില്ലാ സെക്രട്ടറിയുടെ വിശ്രമമുറിയില്‍ വിദേശ നിര്‍മ്മിത ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയ സാഹചര്യത്തിലാണിത്.  പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കേ, നേതാക്കള്‍ 'ഡിറ്റക്ടീവു'കളായി മാറുന്നതും എറണാകുളത്ത് ജില്ലാ സെക്രട്ടറിയെ കുടുക്കാന്‍ നടത്തിയ നീക്കവും ഏറെ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് സംസ്ഥാന കമ്മിറ്റി നിയോഗിച്ച കമ്മിഷന് സ്വഭാവദൂഷ്യ ആരോപണവും, ആരോപണത്തിലേക്ക് നയിച്ച സംഭവങ്ങളും, ഒളികാമറ പ്രയോഗവും അന്വേഷിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

പിറവത്തിനടുത്ത് ആരക്കുന്നം എ.പി വര്‍ക്കി മിഷന്‍ ആശുപത്രി ട്രസ്റ്റില്‍ നടന്നതായി ആരോപിക്കപ്പെടുന്ന അഴിമതി സംബന്ധിച്ച് വിശദമായ പരാതി ജില്ലയിലെ പിണറായി വിഭാഗം സംസ്ഥാന നേതൃത്വത്തിന് നല്‍കിക്കഴിഞ്ഞു. ആശുപത്രി ചെയര്‍മാന്‍ എസ്. ശര്‍മ്മ അടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണവുമായാണ് പിണറായി വിഭാഗം രംഗത്തെത്തിയത്. 2002 ല്‍ ബക്കറ്റ് പിരിവെടുത്തും പാര്‍ട്ടി ഭരിച്ച സഹകരണ സംഘങ്ങളില്‍ നിന്ന് ഓഹരി സ്വരൂപിച്ചുമാണ് ആശുപത്രി തുടങ്ങിയത്. തുടക്കത്തില്‍ 15 ഏക്കര്‍ റബര്‍ കൃഷിയുള്ള സ്ഥലമാണ് വാങ്ങിയത്. പിന്നീട് 12 ഏക്കര്‍ കൂടി വാങ്ങി. ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് കെട്ടിടം നിര്‍മ്മിച്ചത്. ബാങ്കിന് അടച്ചുതീര്‍ക്കേണ്ട ബാധ്യതയായ എട്ടുകോടി രൂപ വീണ്ടും പിരിച്ചെടുക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തെ എതിര്‍ത്തതാണ് മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരായ ആരോപണത്തിലേക്ക് എത്തിച്ചതെന്നാണ് പിണറായി വിഭാഗത്തിന്റെ വാദം. 2002ല്‍ തുടങ്ങിയ ട്രസ്റ്റിന്റെ ചെയര്‍മാന്‍ എസ്. ശര്‍മ്മയും വൈസ് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലുമായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമാണ്. ട്രസ്റ്റിന്റെ കണക്കുകള്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ 2010 ല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം ഗോപി കോട്ടമുറിക്കലും ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം കെ.എം. സുധാകരനും രാജിവച്ചിരുന്നു