Random Posts

Friday, August 19, 2011

സിസ്റ്റര്‍ മേരിയുടെ മരണം: പയസ് ടെന്‍ത് ആവര്‍ത്തിക്കരുതേയെന്നു പ്രാര്‍ത്ഥന


കോട്ടയം: തിരുവനന്തപുരം പൂങ്കുളം ഫാത്തിമമാതാ പള്ളിയിലെ ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ അന്തേവാസിയായ കന്യാസ്ര്തീയെ കോണ്‍വെന്റ് വളപ്പിലെ വാട്ടര്‍ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്നുള്ള ഞെട്ടലില്‍ നിന്നും വിശ്വാസസമൂഹം ഉയര്‍ന്നെഴുന്നേറ്റട്ടില്ല. ലത്തീന്‍ അതിരൂപതയ്ക്കു കീഴിലുള്ളതാണ് ഫാത്തിമമാതാ ദേവാലയത്തിനു രണ്ടു കിലോമീറ്റര്‍ അകലെയായുള്ള പാലപ്പൂര് ഹോളി ക്രോസ് എല്‍.പി സ്‌കൂളിലെ അദ്ധ്യാപികയായ കോട്ടയം കല്ലറ പുല്‍പ്പറയില്‍ വീട്ടില്‍ സിസ്റ്റര്‍ മേരി ആന്‍സിയെ (48) ആണ് ഇന്നലെ രാവിലെ ഏഴരയോടെ കോണ്‍വെന്റ് വളപ്പിലെ വാട്ടര്‍ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടു മേല്‍മൂടികളുള്ള വാട്ടര്‍ ടാങ്കിന്റെ ഇടതുവശത്തെ കോണ്‍ക്രീറ്റ് മൂടി നീക്കിവച്ച നിലയിലായിരുന്നു. എട്ടടി താഴ്ചയുള്ള ടാങ്കില്‍ നിറയെ വെള്ളമുണ്ടായിരുന്നു. ടാങ്കില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മേരി ആന്‍സിയെ കണ്ടെത്തിയത്. ചെരുപ്പുകള്‍ രണ്ടും ടാങ്കില്‍ ഒരു വശത്തായി കിടക്കുകയായിരുന്നു.

പ്രാഥമിക പരിശോധനയില്‍, സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് നിഗമനമെങ്കിലും അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ മുഖത്തോ ദേഹത്തോ പരിക്കേറ്റ പാടുകളൊന്നും കാണാനില്ലായിരുന്നു. ക്രൈം ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ എസ്. രമേശ്ബാബു, ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണര്‍ രാജ്പാല്‍ മീണ, ഫോര്‍ട്ട് അസി.കമ്മിഷണര്‍ എം. രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിഭാഗം അസി. ഡയറക്ടര്‍ ഡോ. രമ, ബയോളജിസ്റ്റ് ഡോ. ഷീജ തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടാഴ്ചയായി ത്വഗ്‌രോഗ സംബന്ധമായ ചികിത്സയിലായിരുന്നു ഇവര്‍ എന്ന് പള്ളി അധികൃതര്‍ അറിയിച്ചു. സമീപത്തു തന്നെയുള്ള ചന്ദ്രാ മെഡിക്കല്‍ സെന്ററിലായിരുന്നു ചികിത്സ. കടുത്ത പ്രമേഹ രോഗിയായ ഇവര്‍ ഏതാനും ദിവസങ്ങളായി ആകെ അസ്വസ്ഥയായിരുന്നുവെന്നും പറയുന്നു. രാത്രി ഉറക്കമില്ലെന്ന് ഇവര്‍ തന്നെ പറയുമായിരുന്നെന്ന് അന്തേവാസികള്‍ പറഞ്ഞു. ചൊവ്വാഴ്ച ഇവര്‍ സ്‌കൂളിലും പോയില്ലത്രെ.

ഇന്നലെ രാവിലെ തലസ്ഥാനനഗരത്തിലെ കോസ്‌മോപൊളിറ്റന്‍ ആശുപത്രിയില്‍ വിശദമായ ചികിത്സയ്ക്കു പോകുമെന്ന് അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ആഹാരം കഴിച്ച ശേഷം മുറിയിലേക്ക് ഉറങ്ങാനായി പോയതാണ്. ഇന്നലെ രാവിലെ ആറരയോടെ മറ്റു കന്യാസ്ര്തീകളെല്ലാം പള്ളിയില്‍ പോയി. കുറച്ചുദിവസമായി ഉറക്കമില്ലെന്നു പറഞ്ഞിരുന്ന സിസ്റ്റര്‍ മേരി ആന്‍സിയെ ഉറങ്ങുന്നെങ്കില്‍ ഉറങ്ങിക്കോട്ടെ എന്നു കരുതി വിളിച്ചില്ലെന്നാണ് കന്യാസ്ര്തീകള്‍ പറയുന്നത്. പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയെത്തി ഏഴരയോടെ പ്രാതല്‍ കഴിക്കുന്നതിന് സിസ്റ്ററെ വിളിക്കാന്‍ ചെന്നപ്പോള്‍ മുറി തുറന്നുകിടക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചു നടന്നപ്പോഴാണ് വാട്ടര്‍ ടാങ്കിന്റെ മേല്‍മൂടി നീക്കിവച്ചതായി കണ്ടത്. ചെന്നുനോക്കിയ കന്യാസ്ര്തീകള്‍ നിലവിളിച്ചു. ഉടനേ പൊലീസില്‍ വിവരമറിയിച്ചു. ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. കോട്ടയത്തുനിന്ന് സഹോദരന്‍ ജോസ് ഫിലിപ്പും സഹോദരി മേരിയുടെ ഭര്‍ത്താവ് ജോസും എത്തി മൃതദേഹം ഏറ്റുവാങ്ങി.

അപകടം സംഭവിച്ചതാണോ അതോ ആരെങ്കിലും മനഃപൂര്‍വം വരുത്തിയതാണോ എന്ന് പറയാന്‍ എനിക്കാവുന്നില്ലെന്നായിരുന്നു സിസ്റ്റര്‍ മേരി ആന്‍സിയുടെ പിതാവ് പാപ്പച്ചന്റെ ആദ്യപ്രതികരണം. രാവിലെ ഒമ്പത് മണിയോടെയാണ് ദുരന്തവാര്‍ത്ത തറവാട്ടില്‍ എത്തിയത്. കോണ്‍വെന്റിന്റെ മുറ്റത്തെ വാട്ടര്‍ ടാങ്കില്‍ വെള്ളമുണ്ടോ എന്ന് നോക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി ടാങ്കില്‍ വീണുവെന്നാണ് വീട്ടില്‍ ലഭിച്ച വിവരം. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി സിസ്റ്റര്‍ മേരി ആന്‍സി ഈ കോണ്‍വെന്റിലെ അന്തേവാസിയാണ്. ഇത്രയുംകാലത്തെ അനുഭവമുള്ള ഒരാള്‍ ഒരുദിവസം പെട്ടെന്ന് കാല്‍വഴുതി ടാങ്കില്‍ വീണു എന്ന് പറയുന്നത് അത്രകണ്ട് വിശ്വസിക്കാന്‍ ഈ വൃദ്ധ പിതാവിനാകുന്നില്ല. എങ്കിലും ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്താനോ പഴിക്കാനോ അദ്ദേഹം തയ്യാറല്ല.

അമ്മയുടെ ഓര്‍മ്മദിവസമായ ഏപ്രില്‍ 14നാണ് സിസ്റ്റര്‍ അവസാനമായി തറവാട്ടില്‍ വന്നുപോയത്. ആഴ്ചയില്‍ ഒന്നുരണ്ടു തവണയെങ്കിലും വീട്ടിലേക്ക് ഫോണ്‍ ചെയ്യാറുണ്ടായിരുന്നു. കഴിഞ്ഞദിവസം ഫോണ്‍ ചെയ്തപ്പോള്‍ പതിവിനു വിപരീതമായി അധികമൊന്നും സംസാരിച്ചിരുന്നില്ലെന്നും പിതാവ് ഓര്‍ക്കുന്നു. ഇന്നലെ രാവിലെമുതല്‍ സിസ്റ്ററെ കാണാതായെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒമ്പത് മണിയോടെ വാട്ടര്‍ടാങ്കില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയെന്നുമാണ് കോണ്‍വെന്റ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കോണ്‍വെന്റിലെ ഓവര്‍ഹെഡ് ടാങ്കിലേക്ക് പമ്പ് ചെയ്യുന്നതിന് മതിയായ വെള്ളം ടാങ്കിലുണ്ടോ എന്ന് നോക്കാനാണത്രേ സിസ്റ്റര്‍ പോയത്.

പൈപ്പില്‍ വെള്ളമില്ലാതിരുന്നിട്ടും രാവിലെ 9 മണിവരെ ഇവിടുത്തെ മറ്റ് അന്തേവാസികളാരും ടാങ്കില്‍ നോക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം സിസ്റ്റര്‍ ഒരിക്കലും ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. തറനിരപ്പില്‍ നിന്ന് കുഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത വാട്ടര്‍ ടാങ്കിലാണ് മൃതദേഹം കാണപ്പെട്ടത്. രണ്ടു മാന്‍ഹോളാണ് ഇതിനുള്ളത്. അതില്‍ ഒന്നരയടി വലിപ്പമുള്ള മാന്‍ഹോളിനുള്ളിലാണ് സിസ്റ്ററെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നല്ല തടിച്ച ശരീരപ്രകൃതമാണ് സിസ്റ്റര്‍ക്ക്, ചെറിയ മാന്‍ഹോളിലൂടെ വെള്ളത്തിലേക്ക് ചാടിയാല്‍ രണ്ടു കൈകളും മുറിയാനുള്ള സാദ്ധ്യതയുണ്ട്. എന്നാല്‍ മൃതദേഹത്തില്‍ മുറിവേ ഉണ്ടായിരുന്നില്ല. ഇതില്‍ ദുരൂഹതയില്ലേ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. തൊട്ടടുത്ത് ഒരു കിണര്‍ ഉള്ളപ്പോള്‍ എന്തിന് സിസ്റ്റര്‍ ഇടുങ്ങിയ മാന്‍ഹോളിലൂടെ ടാങ്കിലിറങ്ങി എന്ന ചോദ്യവും അവശേഷിക്കുന്നു. സിസ്റ്ററുടെ മരണം അറിഞ്ഞ ഉടനേ, അവര്‍ക്ക് കടുത്ത മാനസിക പിരിമുറുക്കം ഉണ്ടായിരുന്നുവെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചതും നാട്ടുകാരില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്.

തലേന്ന് രാത്രി 7നാണ് കോണ്‍വെന്റിലെ മറ്റു അന്തേവാസികള്‍ അവസാനമായി സിസ്റ്ററെ കണ്ടതെന്നാണ് മഠത്തിലെത്തിയ പുരോഹിതന്മാര്‍ പറഞ്ഞത്. അടുത്ത ദിവസം രാവിലെ 7 കഴിഞ്ഞപ്പോഴാണ് സിസ്റ്ററെ അന്വേഷിച്ചതെന്നുള്ള മൊഴി പൊലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നുതന്നെയാണ് പൊലീസിന്റെ നിഗമനം. അസ്വാഭാവിക മരണത്തിന് സി.ആര്‍.പി. സി 174 -ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇടവക വികാരി ആന്റണി റിബല്ലോ, മഠത്തിലെ 9 അന്തേവാസികള്‍, സെക്യൂരിറ്റി, സിസ്റ്റര്‍ പഠിപ്പിച്ചിരുന്ന ഹോളിക്രോസ് സ്‌കൂളിലെ അദ്ധ്യാപകര്‍ എന്നിവരില്‍ നിന്നെല്ലാം പൊലീസ് ഇന്നലെ മൊഴിയെടുത്തു.

പോസ്റ്റുമോര്‍ട്ടത്തിന്റെയും ഫോറന്‍സിക് പരിശോധനയുടെയും റിപ്പോര്‍ട്ടു വരുമ്പോള്‍ കേസിനെ അത് കൂടുതല്‍ സഹായിക്കുമെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന അസി. കമ്മിഷണര്‍ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഫോറന്‍സിക് പരിശോധനയും പോസ്റ്റുമോര്‍ട്ടവും വീഡിയോയില്‍ റെക്കാഡ് ചെയ്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം ചെയ്തതിനു ശേഷമുള്ള പ്രാഥമിക വിലയിരുത്തലില്‍ സിസ്റ്റര്‍ വെള്ളം കുടിച്ചതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സിസ്റ്റര്‍ കന്യകയാണെന്നും വ്യക്തമായിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് പിന്നീടു മാത്രമേ ലഭിക്കൂ.

കോട്ടയം പയസ്‌ടെന്‍ത് കോണ്‍വെന്റില്‍ 1992 മാര്‍ച്ച് 27 ന് സിസ്റ്റര്‍ അഭയ എന്ന 19 കാരിയായ കന്യാസ്ത്രീയുടെ ജഡം കണ്ടെത്തിയതുസംബന്ധിച്ച കേസില്‍ ഇപ്പോഴും കോടതി നടപടികള്‍ അവസാനിച്ചിട്ടില്ല. അതിനാല്‍ പുതിയ സംഭവത്തില്‍ ഏറെ ജാഗ്രതയോടെയാണ് തുടര്‍നടപടികള്‍. കോട്ടയം അരീക്കരയില്‍ അയ്ക്കരക്കുന്നേല്‍ വീട്ടില്‍ പരേതനായ എം. തോമസിന്റെ മകളായിരുന്നു അഭയ. മരണമടയുന്ന സമയത്ത് ബി.സി.എം. കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു ഇവര്‍. അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ 2008 നവംബര്‍ 18നു 2008 ഒക്‌ടോബര്‍ 18, 19 തീയ്യതികളിലായി ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തിരുന്നു. സിസ്റ്റര്‍ അഭയയെ കൊല്ലാന്‍ മുഖ്യ പങ്ക് വഹിച്ച പ്രതി തോമസ് കോട്ടൂര്‍ ആണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

കൊലപാതകം, കൊല ചെയ്യാന്‍ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണു സി.ബി.ഐ. ഇദ്ദേഹത്തിന്റെ മേല്‍ ചുമത്തിയിട്ടുള്ളത്. സിസ്റ്റര്‍ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സി.ബി.ഐ ആരോപിക്കുന്നു. ഫാ. തോമസ് കോട്ടൂര് ബി.സി.എം. കോളജില്‍ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. അതിനുശേഷം അമേരിക്കയിലേക്കു പോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഫാ. തോമസ് കോട്ടൂര്‍ കോട്ടയം അതിരൂപതാ ചാന്‍സലറായി പ്രവര്‍ത്തിക്കുകയായിരുന്നു