Random Posts

Tuesday, August 16, 2011

സേവനാവകാശ നിയമം പാസാക്കുമെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ ഓഫിസുകളിലെ കാര്യനിര്‍വഹണത്തിന്റെ കാലതാമസം ഒഴിവാക്കുന്നതിനായി സേവനാവകാശം പാസാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിലെ സല്യൂട്ട് സ്വീകരിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സന്ദേശത്തിലുടനീളം സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ എടുത്തുകാട്ടിയ മുഖ്യമന്ത്രി വരുന്ന സെപ്റ്റംബര്‍ 11ന് നൂറുദിന കര്‍മപരിപാടികളുടെ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്‍പാകെ സമര്‍പ്പിക്കുമെന്ന് പറഞ്ഞു. സര്‍ക്കാര്‍ പാസാക്കാനുദ്ദേശിക്കുന്ന സേവനാവകാശനിയമം വിവരാവകാശ നിയമം പോലെ വിപ്ലവകരമായ ഒന്നായിരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.

വികസനവും കരുതലും മുഖമുദ്രയായി എടുത്തുകാട്ടി ഈ സര്‍ക്കാര്‍ വിദ്യാഭ്യാസ-ആരോഗ്യമേഖലകളില്‍ വിപ്ലവം രചിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കും കുട്ടികളും സമാധാനമായി ജീവിക്കാനുതകുന്ന വിധത്തില്‍ സൗഹൃദ-സുരക്ഷിത കേരളത്തിനായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യം, മയക്കുമരുന്ന്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവക്കെതിരെ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. ആധുനിക കുറ്റകൃത്യങ്ങളെ ആധുനികമായ രീതിയില്‍ നേരിടുമെന്നും ഭരണത്തില്‍ അങ്ങേയറ്റം സുതാര്യത ഉറപ്പുവരുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവന്തപുരത്ത് ചരിത്രമ്യൂസിയം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടി ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്തുമെന്നും കേന്ദ്ര പദ്ധതികളുടെ ആവിഷ്‌കരണങ്ങളില്‍ കേരളം പിന്നോട്ടാണെന്നും ഇതു പരിഹരിക്കാന്‍ യത്‌നിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.