Random Posts

Wednesday, August 17, 2011

കേന്ദ്ര സര്‍വകലാശാല ജില്ല കടത്താന്‍ വി.സി കൂട്ടുനിന്നതിന് തെളിവ്

പിന്നാക്ക ജില്ലയായ കാസര്‍കോട്ട് അനുവദിച്ച കേന്ദ്രസര്‍വകലാശാല ജില്ലക്ക് പുറത്ത് മാറ്റാന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍തന്നെ കൂട്ടുനിന്നതിന് രേഖ. സര്‍വകലാശാല ജില്ലയില്‍ ആരംഭിച്ച കാലം മുതല്‍തന്നെ അത് തെക്കന്‍ കേരളത്തിലേക്ക് മാറ്റണമെന്ന നിലയില്‍ സര്‍വകലാശാല സ്ഥലം നിര്‍ണയ കമ്മിറ്റി കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടാണ് പുറത്തായത്.

കേന്ദ്ര സര്‍വകലാശാലയും അനുബന്ധ മെഡിക്കല്‍ കോളജും എന്‍ഡോസള്‍ഫാന്റെ പേരില്‍ ജില്ലയില്‍നിന്ന് മാറ്റാന്‍ ശ്രമം നടന്നുകൊണ്ടിരിക്കെയാണ് കേന്ദ്ര സര്‍വകലാശാല ജില്ലയില്‍നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസ് ഉള്‍പ്പെട്ട കമ്മിറ്റി 2009ല്‍ നല്‍കിയ റിപ്പോര്‍ട്ട് വിവാദമാകുന്നത്.

കേന്ദ്ര സര്‍വകലാശാല ആക്ട് 2009 പ്രകാരമാണ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള (സി.യു.കെ) 2009 ജനുവരിയില്‍ കാസര്‍കോട്ട് സ്ഥാപിതമാകുന്നത്. അതേവര്‍ഷം രൂപവത്കരിച്ച സ്ഥല നിര്‍ണയ സമിതി കാസര്‍കോട്ടുനിന്ന് സര്‍വകലാശാല മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേന്ദ്ര സെക്രട്ടറി സുനില്‍കുമാര്‍, കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസ്, യു.ജി.സി ജോയന്റ് സെക്രട്ടറി രേണു ബത്രെ, കേരള സര്‍ക്കാര്‍ ജോയന്റ് സെക്രട്ടറി എന്നിവരടങ്ങിയ സ്ഥല നിര്‍ണയ സമിതി 2009 ഒക്‌ടോബര്‍ 21ന് കാസര്‍കോട് സന്ദര്‍ശിച്ചിരുന്നു. ഈ സമിതിയാണ് ജില്ലക്ക് പുറത്തെ കൂടുതല്‍ വികസിത മേഖലകളിലേക്ക് സര്‍വകലാശാല മാറ്റണമെന്ന് നിര്‍ദേശിച്ചത്. മൂന്നു പേജുകളിലായി എട്ട് നിര്‍ദേശങ്ങളാണ് കമ്മിറ്റി കേന്ദ്രസര്‍ക്കാറിന് നല്‍കിയത്. എല്ലാ നിര്‍ദേശങ്ങളും കാസര്‍കോട്ട് എങ്ങനെ കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കാമെന്നല്ല, മറിച്ച് എന്തുകൊണ്ട് മാറ്റണമെന്ന നിഷേധ സമീപനം ഉള്‍ക്കൊള്ളുന്നതായിരുന്നു.

ഈ റിപ്പോര്‍ട്ടിന്‍മേലുള്ള സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ ആദ്യ ഏഴ് നിര്‍ദേശങ്ങളിലും പ്രതികൂല അംശങ്ങള്‍ ഉള്‍പ്പെടുത്തുകയും അവസാന നിര്‍ദേശത്തില്‍ ഇത് വികസിത ജില്ലകളിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നുപറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്യുന്നു. ഗതാഗതം, ജില്ലാ ആസ്ഥാനം, ദേശീയപാത, വിമാനത്താവളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെടുത്തി പെരിയയിലെ പ്ലാന്‍േറഷന്‍ ഭൂമിയാണ് സര്‍വകലാശാലക്ക് നല്‍കിയത്. ഈ മണ്ണില്‍ പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല. മണ്ണില്‍ എന്‍ഡോസള്‍ഫാന്‍ കലര്‍ന്നിട്ടില്ലെന്ന ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂവെന്നാണ് വി.സിയുടെ നിലപാട്. മണ്ണ് പരിശോധന വേണമെന്ന നിലപാട് കേന്ദ്രത്തിന്‍േറതായിരുന്നില്ല. വി.സി ഉള്‍പ്പെട്ട സ്ഥല നിര്‍ണയ കമ്മിറ്റിയുടേതാെണന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. കോഴ്‌സുകളിലേക്ക് അപേക്ഷകര്‍ ഉണ്ടായിട്ടും സീറ്റുകള്‍ ഒഴിച്ചിടുന്ന സമീപനവും സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായതായി ആക്ഷേപമുണ്ട്. കോഴ്‌സുകള്‍ക്ക് ഇവിടെ അപേക്ഷകര്‍ ഉണ്ടാകുന്നിെല്ലന്ന റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കി സര്‍വകലാശാല മാറ്റാനുള്ള കാരണം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നു. കേന്ദ്രസര്‍വകലാശാല അനുബന്ധ മെഡിക്കല്‍ കോളജ് പത്തനംതിട്ടയിലേക്ക് മാറ്റുമെന്ന മാനവ വിഭവശേഷി വികസന സഹമന്ത്രി പുരന്ദേശ്വരിയുടെ പ്രസ്താവനക്കുശേഷം പ്രക്ഷോഭത്തിന് ജനപ്രതിനിധികള്‍ മുന്‍കൈയെടുത്തിരിക്കുകയാണ്.