തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കട്ടു കടത്തുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
മാര്‍ത്താണ്ഡവര്‍മ ക്ഷേത്ര ദര്‍ശനത്തിനെത്തുമ്പോള്‍ പായസം കൊണ്ടുപോകുന്നു എന്ന വ്യാജേന നിലവറകളിലെ സ്വര്‍ണമാണ് കടത്തുന്നതെന്ന് വി.എസ് ആരോപിച്ചു. വി.എസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാര്‍ത്താണ്ഡവര്‍മയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. മാര്‍ത്താണ്ഡവര്‍മക്ക് ഡബിള്‍ റോളാണുള്ളതെന്നും ഇത് പൊതുജന സമക്ഷമെത്തിക്കാന്‍ ശ്രമിക്കണമെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. മാര്‍ത്താണ്ഡവര്‍മ സ്വര്‍ണം കടത്തുന്നത് തടയാന്‍ ശ്രമിച്ച മുന്‍ശാന്തിക്കാരനെ അദ്ദേഹം കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. തിളച്ചവെള്ളം പുറത്തേക്കൊഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി ഈ ശാന്തിക്കാരന്‍ തന്നോട് പറഞ്ഞിട്ടുണ്ട്. നിലവറകള്‍ തുറക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍ അത് മറികടക്കാനാണ് ദേവപ്രശ്‌നം നടത്തിയത്. സര്‍പ്പചിഹ്നമുള്ള നിലവറ മാര്‍ത്താണ്ഡവര്‍മ നേരത്തെ തുറന്ന് ഫോട്ടോയെടുത്തിട്ടുണ്ട്. അന്നൊന്നും ആരും മരിച്ചില്ല. ആരുടെയും കുടുംബത്തിന് നാശമുണ്ടായതുമില്ല. അദ്ദേഹത്തിന് ഏതുനിലവറയും തുറക്കാം. ഒരു ശാപവുമേല്‍ക്കില്ല. മാര്‍ത്താണ്ഡവര്‍മക്ക് രാജാവിന്റെ സ്ഥാനമില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. സുപ്രീംകോടതി നിയോഗിച്ച കമ്മീഷനെ ഭീഷണിപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.