Random Posts

Tuesday, August 16, 2011

അന്ന ഹസാരെ അറസ്റ്റില്‍


നിരോധനാജ്ഞ ലംഘിച്ച് നിരാഹാര സമരത്തിനൊരുങ്ങിയ പ്രമുഖ ഗാന്ധിയന്‍ അന്ന ഹസാരെയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ജയപ്രകാശ് നാരായണ്‍ പാര്‍ക്കില്‍ നിരാഹാരം രാവിലെ തുടങ്ങാനിരിക്കെയാണ് ഹസാരെയെ മയൂര്‍ വിഹാറിലുള്ള താമസസ്ഥലത്തെത്തി രാവിലെ 7.30 ഓടെ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന അരവിന്ദ് കജ്രിവാളും കിരണ്‍ ബേദിയും ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവിടെയുള്ള അഡ്വ.പ്രശാന്ത് ഭൂഷന്റെ വസതിയിലാണ് രണ്ട് ദിവസമായി ഹസാരെ താമസിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ച് നിരാഹാരം നടത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും അതിന് മുമ്പേ വീട്ടിലെത്തി ഹസാരെയെ അറസ്റ്റ് ചെയ്തത് അപ്രതീക്ഷ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. മയൂര്‍ വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ഡല്‍ഹിയ്ക്ക് പുറത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോകുകയാണ് ഉദ്ദേശമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും അറസ്റ്റിനെ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

അഴിമതിക്കെതിരായ ജനലോക്പാല്‍ ബില്ലിനായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച്ച മുതല്‍ ഹസാരെയും അനുയായികളും നിരാഹാരം പ്രഖ്യാപിച്ചത്. തന്നെ അറസ്റ്റു ചെയ്താന്‍ ജയിലിലും നിരാഹാര സമരം തുടരുമെന്നും താന്‍ അറസ്റ്റിലായാല്‍ തന്റെ അനുയായികള്‍ രാജ്യത്തെ ജയിലുകള്‍ നിറയ്ക്കുമെന്നും ഹസാരെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ലോക്പാല്‍ ബില്ലിന്റെ കരടില്‍ വിശ്വാസമില്ലെന്നും മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടമാണ് താന്‍ തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

തുടര്‍ന്നാണ് ഡല്‍ഹി ഭരണകൂടം ജെ.പി.പാര്‍ക്ക് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അറസ്റ്റിനെ തുടര്‍ന്ന് നൂറുകണക്കിന് ജനങ്ങള്‍ മയൂര്‍വിഹാറിലെ ഫ്ലാറ്റ് പരിസരത്ത് തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി. ഇത് ഗതാഗത തടസ്സം സൃഷ്ടിച്ചു. രാജ്യത്തെ മറ്റൊരു അടിയന്തരാവസ്ഥയിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപോകുന്നതെന്നും ഇതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും കിരണ്‍ ബേദി അറസ്റ്റിനിടെ പ്രതികരിച്ചു.