സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്‍റ് കമ്പനികളെ നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഗവ. ഓഫ് കേരള ഇന്‍ഡ്‌സ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്‍റ് , പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജോബ് ഫെസ്റ്റിന്റെ ഉദ്ഘാടനം കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
റിക്രൂട്ട്‌മെന്‍റിന്റെ പേരില്‍ നിരവധി കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇവയെ നിയന്ത്രിക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഐ. ടി. ഐ. രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ വഴി സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജോലി തേടി ഒരു വാതിലും മുട്ടേണ്ട അവസ്ഥയുണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. സ്വദേശത്തും വിദേശത്തുമുള്ള മികച്ച കമ്പനികളെ റിക്രൂട്ട്‌മെന്‍റ് മേഖലയിലേക്ക് കൊണ്ടു വരാനാണ് സര്‍ക്കാര്‍ ശ്രമം. ഇപ്പോള്‍ത്തന്നെ ഹ്യുണ്ടായ്, ഷെവര്‍ലേ തുടങ്ങിയ നാല് ഓട്ടോമൊബൈല്‍ കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. അവര്‍ ഐ. ടി. ഐ. യുമായി ധാരണയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിന്റെ അതിപ്രസരം ഗവ. ഐ. ടി. ഐ. കളുടെ ഭാവിയെ തകര്‍ക്കുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. രാഷ്ട്രീയം വേണ്ട എന്നു പറയുന്നില്ല, എല്ലാം മിതമാകണമെന്നു മാത്രം. ഐ. ടി. ഐ. വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്‍ഡന്‍സ് ഷോര്‍ട്ടേജ് സംബന്ധിച്ച കാര്യത്തില്‍ ഇളവ് കൊടുക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്‌ഷേ, ഈ വിഷയത്തില്‍ ഇളവ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകള്‍ പഠിക്കാന്‍ അവസരമുണ്ടായാല്‍ മാത്രമേ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. ഐ. ടി. ഐ. രംഗത്ത് സമഗ്ര മാറ്റത്തിനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ ഹൈബി ഈഡന്‍ എം. എല്‍. എ. അദ്ധ്യക്ഷത വഹിച്ചു. ഒഡിപെക് എം.ഡി. ജി. എല്‍ മുരളീധരന്‍, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനിംഗ് ബി. ശ്രീകുമാര്‍, പി. കെ. മാധവന്‍ എന്നിവര്‍ പങ്കെടുത്തു. ജോബ് ഫെസ്റ്റ് ജനറല്‍ കണ്‍വീനല്‍ സോമന്‍ എസ്. പി. സ്വാഗതവും ചെയര്‍മാന്‍ എ. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.






