കൊച്ചി: സ്ത്രീ സുഹൃത്തുമൊത്ത് പാര്‍ട്ടി ഓഫീസിലെ സ്വകാര്യമുറിയില്‍ അരുതാത്തത് ചെയ്ത സി പി എം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കലിനെ പാര്‍ട്ടിയില്‍ തുടരാന്‍ നേതൃത്വം അനുവദിക്കുന്നു. ഗോപിയെ പാര്‍ട്ടി ഏരീയാ കമ്മിറ്റിയിലേക്കു തരംതാഴ്ത്താനാണ് നീക്കം. അതേസമയം ഗോപിക്കെതിരേ പരാതി നല്കിയ ജില്ലാകമ്മിറ്റിയംഗത്തെ ലോക്കല്‍കമ്മിറ്റിയിലേക്കു മാറ്റാനും തീരുമാനമായിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന പി ശശിക്കു പിറകെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ മറ്റൊരു കരുത്തന്‍കൂടി ഇതോടെ സിപിഎമ്മിന്റെ അച്ചടക്ക നടപടിക്കു വിധേയനാവുകയാണ്. അടുത്ത മാസം ആദ്യവാരം ചേരുന്ന സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനമെടുക്കും.
ജില്ലാ സെക്രട്ടറിയുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ജീവനക്കാരെ മൂന്നുപേരെയും പുറത്താക്കുമെന്നാണു സൂചന. ഗോപി, ചാക്കോച്ചന്‍, ജീവനക്കാരായ രജീഷ്, രമേശന്‍, പ്രവീണ്‍ എന്നിവരെ സമിതി വിശദമായി ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ തിരുത്തി പാര്‍ട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്ന സദുദ്ദേശപരമായ നീക്കമല്ല ചാക്കോച്ചന്‍ നടത്തിയതെന്ന വിലയിരുത്തല്‍ നേരത്തേതന്നെയുണ്ട്. സമിതിയുടെ കണ്ടെത്തലും അതുതന്നെയാണ്. അതുകൊണ്ടാണ് പരാതിക്കാരനെയും തരംതാഴ്ത്തുന്നത്. സദുദ്ദേശപരമായിരുന്നെങ്കില്‍ അത് ബന്ധപ്പെട്ട കമ്മിറ്റിയെ അറിയിക്കുകയായിരുന്നു വേണ്ടത്. പകരം ഗൂഡാലോചന നടത്തി തെളിവു ശേഖരിച്ചു. ഇതാണ് ചാക്കോച്ചനു വിനയാകുന്നത്.
എറണാകുളത്തെ അഭിഭാഷകയുമായി ഗോപി കോട്ടമുറിക്കലിന് അവിഹിത ബന്ധമുണ്ടെന്നും അതിന് അദ്ദേഹം ജില്ലാ കമ്മിറ്റി ആസ്ഥാനമായ ലെനിന്‍ സെന്ററിലെ ജില്ലാ സെക്രട്ടറിയുടെ മുറി ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി. ഇതു സംബന്ധിച്ച തെളിവായി ഒളി ക്യാമറയില്‍ പകര്‍ത്തിയ രംഗങ്ങളും മൂന്നംഗ സമിതിക്ക് കൈമാറിയിരുന്നു. ക്യാമറ ഉള്‍പ്പെടെ ഇപ്പോള്‍ സമിതിയുടെ പക്കലാണുള്ളത്. അഭിഭാഷകയും ഗോപിയും തമ്മിലുള്ള ബന്ധത്തിന് പാര്‍ട്ടി ഓഫിസ് ഉപയോഗിച്ചതും ജില്ലാ സെക്രട്ടറിയെ കുടുക്കാന്‍ ഒളി ക്യാമറ വെച്ചതും അതിനു കൂട്ടുനിന്നതുമാണ് പ്രധാന കുറ്റങ്ങളായി സമിതി കണ്ടെത്തിയതെന്നാണു സൂചന. വി എസ് പക്ഷക്കാരനായിരുന്ന ഗോപി ഔദ്യോഗിക പക്ഷത്തേക്ക് മാറിയതിനു തുടര്‍ച്ചയായി പക തീര്‍ത്തതാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എങ്കിലും അത് ഗോപിയുടെ തെറ്റിനു ന്യായീകരണമാകുന്നില്ലെന്നാണ് വിലയിരുത്തല്‍.
ആരോപണം ഉയര്‍ന്നപ്പോള്‍തന്നെ കമ്മിറ്റികളില്‍ ഗോപി കോട്ടമുറിക്കല്‍ അത് തുറന്നു സമ്മതിച്ചിരുന്നുവെന്നത് സമിതി പരിഗണിച്ചു. മാത്രമല്ല, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിയുടെ കാര്യത്തിലെന്നപോലെ സ്ത്രീയുടെ ഭാഗത്തുനിന്നുള്ള പരാതി ഗോപിയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. വി എസ് പക്ഷക്കാരനായിരുന്ന ഗോപി ഔദ്യോഗിക പക്ഷത്തേക്ക് മാറിയതിനു തുടര്‍ച്ചയായി പക തീര്‍ത്തതാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എങ്കിലും അത് ഗോപിയുടെ തെറ്റിനു ന്യായീകരണമാകുന്നില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം പാര്‍ട്ടി ഓഫീസില്‍ അനാശാസ്യം നടത്തിയയാള്‍ക്കൊപ്പം അത് നേതൃത്വത്തിനു ചൂണ്ടിക്കാണിച്ചയാള്‍ക്കെതിരേയും നടപടി സ്വീകരിച്ച് കുറ്റവും ശിക്ഷയും സംബന്ധിച്ച് സിപിഎം പുതിയ ചരിത്രം സൃഷ്ടിക്കുകയാണെന്ന വാദവും അണികളില്‍ ഒരുവിഭാഗം ഉയര്‍ത്തുന്നു.
എ.പി വര്‍ക്കിയുള്‍പ്പെടെ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സഖാക്കളുടെ അതേ കസേരയില്‍ ഇരിക്കുമ്പോഴാണു മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ അസാന്മാര്‍ഗീകപ്രവര്‍ത്തികള്‍ കാണിച്ചത്. അതും പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസില്‍. ഇതു ചൂണ്ടിക്കാട്ടിയവരുടെ പേരിലും പാര്‍ട്ടി നടപടിക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്ത സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ മൂക്കത്തുവിരല്‍വച്ചാണ് സ്വീകരിക്കുന്നത്. ഗോപി കോട്ടമുറിക്കലിനെതിരെ തെളിവുകള്‍ ശക്തമായിരിക്കെ, പാര്‍ട്ടി നടപടി ഉണ്ടായില്ലെങ്കില്‍ അത് പിണറായി വിഭാഗത്തിന്റെ പിന്‍ബലം കൊണ്ടാണെന്ന വ്യാഖ്യാനത്തിന് വഴിവെക്കും. പാര്‍ട്ടി ഓഫീസില്‍ സ്വഭാവദൂഷ്യ നടപടികള്‍ നടന്നെന്ന് തെളിവുള്ള സാഹചര്യത്തില്‍ നടപടിയെടുക്കാതെ മറ്റു മാര്‍ഗമില്ല. എന്നാല്‍ തനിക്കെതിരെ ഗൂഢാലോചന നേരത്തേതന്നെ നടന്നിട്ടുണ്ടെന്നും അപായപ്പെടുത്താനുള്ള നീക്കം നേരത്തേ ഉണ്ടായിട്ടുണ്ടെന്നും ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുളന്തുരുത്തിക്കടുത്തുവെച്ച് താന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത് ടയര്‍ നേരത്തെ ഇളക്കിവെച്ചതുകൊണ്ടാണെന്നും അതിനു പിന്നില്‍ ലെനിന്‍ സെന്റര്‍ കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണെന്നും അദ്ദേഹം അന്വേഷണ കമ്മീഷനെ ധരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നുവെന്ന ആരോപണം ശക്തമായിട്ടുള്ളതിനാല്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് എതിരെയും നടപടി ഉണ്ടാകും. നാലു ജീവനക്കാര്‍ക്കെതിരെയും നടപടിക്ക് സാധ്യത തെളിഞ്ഞിട്ടുണ്ട്. പാര്‍ട്ടി ഓഫീസില്‍ ഒളിക്യാമറ വെച്ചത് ഒരു ജീവനക്കാരനാണെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. അടുത്ത മാസം മുതല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കുന്നതിനാല്‍ അച്ചടക്ക നടപടി വേഗത്തില്‍ ഉണ്ടായേക്കും. സമ്മേളനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ സംഘടനാ കീഴ്‌വഴക്കമനുസരിച്ച് അച്ചടക്ക നടപടികള്‍ സാധിക്കില്ല. അതിനാല്‍ വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തകയായ അഭിഭാഷകയുമായി ചേര്‍ത്താണ് ഗോപീകോട്ടമുറിക്കലിനെതിരേ തെളിവുകള്‍ സഹിതം നേതൃത്വത്തിനു മുന്നില്‍ പരാതി എത്തിയത്. അതും ഹൈടെക് രൂപത്തില്‍. എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസ് ഇരുവരും കൂടിക്കാഴ്ചയ്ക്കും ബന്ധം നിലനിര്‍ത്താനും വേദിയാക്കിയതാണ് പ്രശ്‌നമായത്. അതിനെതിരേ ചാക്കോച്ചന്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയായിരുന്നു. എറണാകുളം ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എന്ന തരത്തില്‍ മൂടിവച്ചാണ് ലൈംഗികാപവാദം പുറത്തുവന്നത്. എന്നാല്‍ ഗോപി കോട്ടമുറിക്കലിനെതിരേയാണ് പരാതിയെന്നും അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അടിയന്തരമായി ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വി എസ് പക്ഷത്തെ ചില നേതാക്കള്‍ നേരത്തെതന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പക്ഷേ, തുടക്കത്തില്‍ പി ശശിയുടെ കാര്യത്തിലെന്നപോലെ കോട്ടമുറിക്കലിന്റെ പേരും ഇതുവരെ പുറത്തുവന്നിട്ടില്ല. വി എസ് പക്ഷത്തുനിന്ന് ഉടക്കിപ്പിരിഞ്ഞ നേതാവ് എന്ന നിലയിലാണ് ഗോപിക്കെതിരായ വിവാദം അവര്‍ കത്തിച്ചത്






