തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഓണത്തിനു മുമ്പ് സംസ്ഥാനത്തെ 14 ജില്ലകളിലായി 20,000 പേര്‍ക്കു പട്ടയവും വനാവകാശരേഖകളും വിതരണം ചെയ്യുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ആദിവാസികള്‍ ഉള്‍പ്പെടെ പാവപ്പെട്ട കുടുംബങ്ങള്‍ക്കു പട്ടയവും കൈവശാവകാശരേഖകളും ഇതോടൊപ്പം നല്‍കും. സംസ്ഥാനത്ത് പട്ടയം ലഭിക്കാത്ത അര്‍ഹതപ്പെട്ടവര്‍ക്കു സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ കര്‍മപരിപാടിയുടെ ഭാഗമായി പട്ടയം വിതരണം ചെയ്യുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പട്ടയവിതരണമേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് 19 നു രാവിലെ പത്തുമണിയ്ക്കു തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും. ജില്ലയില്‍ ഏകദേശം 2,900 പേര്‍ക്കാണ് പട്ടയവും വനാവകാശരേഖകളും നല്‍കുന്നത്. ഇതോടൊപ്പം 1373 പേര്‍ക്ക് 10,000 രൂപ കുടുംബക്ഷേമ ധനസഹായവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 75 പേര്‍ക്ക് 15 ലക്ഷം രൂപയുടെ ധനസഹായവും വിതരണം ചെയ്യും. രാവിലെ എട്ടു മുതല്‍ ഗുണഭോക്താക്കളുടെ പേര് രജിസ്റ്റര്‍ ചെയ്തശേഷം ടോക്കണ്‍ വിതരണം ചെയ്യും. പട്ടയവും സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യവും ലഭിക്കുന്ന വ്യക്തികളുടെ പേരുവിവരം ഗുണഭോക്താക്കളെ അറിയിക്കണമെന്നു തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച പട്ടിക വില്ലേജ് ഓഫിസുകളില്‍ പ്രദര്‍ശിപ്പിക്കണം







