Random Posts

Monday, August 29, 2011

രാജാവ് പായസപാത്രത്തില്‍ സ്വര്‍ണം കടത്തിയിട്ടില്ലെന്ന് പാര്‍ട്ടി: വി.എസ് വീണ്ടും വെട്ടില്‍


തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ പരിശോധിക്കുന്നത് സംബന്ധിച്ച് പഴയ തിരുവിതാംകൂര്‍ രാജകുടുംബം ഉയര്‍ത്തുന്ന വാദങ്ങള്‍ക്കെതിരായ വി.എസ്. അച്യുതാനന്ദന്റെ നിലപാടുകള്‍ക്ക് പാര്‍ട്ടി പിന്തുണയില്ല. 26 ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് വി.എസ് നടത്തിയ പ്രസ്താവനയെ കുറിച്ച് നടന്ന ചര്‍ച്ചകള്‍ നല്‍കുന്ന സൂചനയിതാണ്. മുന്‍ കാലങ്ങളില്‍ അന്യസംസ്ഥാന ലോട്ടറി അടക്കമുള്ള വിവാദ വിഷയങ്ങളിലും വി.എസും പാര്‍ട്ടിയും രണ്ട് തട്ടില്‍ നിന്നത് ഏറെ ചര്‍ച്ചക്കിടയാക്കിയിരുന്നു. ക്ഷേത്രത്തില്‍ നിന്നുള്ള സ്വര്‍ണം പാത്രത്തിലിട്ട് മാര്‍ത്താണ്ഡവര്‍മ കൊണ്ടുപോയെന്ന വി.എസിന്റെ പ്രസ്താവനക്കെതിരെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് രംഗത്തെത്തിയത്. വി.എസ് ഇത്തരത്തില്‍ മാര്‍ത്താണ്ഡവര്‍മയെ കുറ്റപ്പെടുത്തിയത് ശരിയായില്ലെന്ന പരാതി ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

തുടര്‍ന്ന് വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് വി.എസിന്റെ പ്രസ്താവന ശരിയായില്ലെന്ന് വിലയിരുത്തി. എന്നാല്‍ ക്ഷേത്രത്തിലെ പരിശോധനയുമായി ബന്ധപ്പെട്ടും മുന്‍ രാജകുടുംബം എടുത്ത നിലപാടുകളെ കുറിച്ചും വി.എസ് കൈക്കൊണ്ട നിലപാടുകള്‍ ശരിയാണെന്ന വിലയിരുത്തലും യോഗത്തില്‍ ഉണ്ടായി. ക്ഷേത്രത്തില്‍ അഴിമതി നടക്കുന്നത് സംബന്ധിച്ച പരാതികളിലും ആക്ഷേപത്തിലും ജനാധിപത്യപരമായ നിലപാടുകള്‍ വി.എസ് കൈക്കൊള്ളുമ്പോള്‍ 'രാജഭക്തി' നിലപാട് ജില്ലാ കമ്മിറ്റി എടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്. രാജവാഴ്ചയോടും സാമ്രാജ്യത്വത്തോടുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായ അഭിപ്രായമാണ് ജില്ലാ കമ്മിറ്റിയുടേതെന്നും ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രത്തിലെ മുന്‍ ശ്രീകാര്യക്കാരനും വിവിധ ചുമതലകള്‍ വഹിച്ചിരുന്ന മുന്‍ മിലിട്ടറി ഉദ്യോഗസ്ഥരും തനിക്ക് നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവന നടത്തിയതെന്ന് വി.എസ് വ്യക്തമാക്കിയിരുന്നു. എന്നിട്ടും ക്ഷേത്രാചാരങ്ങളുടെ പേരില്‍ കോടതി നടപടികളെ മറികടക്കാനും രാജഭക്തി പുനരുജ്ജീവിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമത്തിനെതിരെ വി.എസ് എടുത്ത നിലപാടുകളെ അട്ടിമറിച്ച് അപ്രസക്തമാക്കുന്നതാണ് ജില്ലാ നേതൃത്വത്തിന്റെ പരാതിയെന്ന ആക്ഷേപവും ജില്ലയില്‍ തന്നെയുണ്ട്.

ജില്ലാ കമ്മിറ്റിയുടെ നിലപാട് പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ തമസ്‌കരിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ 'നിറപുത്തരി' ചടങ്ങിനായി പുത്തരിക്കണ്ടം മൈതാനത്ത് നഗരസഭ നെല്‍കൃഷി നടത്തി, സി.പി.എമ്മിന്റെ മേയര്‍ അടക്കം തലച്ചുമടായി കൊണ്ടുപോയി മാര്‍ത്താണ്ഡവര്‍മക്ക് സമര്‍പ്പിച്ചത് വിവാദമായതിന് പിന്നാലെയാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ പരാതി. സംസ്ഥാന കമ്മിറ്റിയംഗമായ എം. വിജയകുമാര്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ വി. ശിവന്‍കുട്ടി, സി. ജയന്‍ബാബു തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മേയറും പാര്‍ട്ടിയംഗങ്ങളായ കൗണ്‍സിലര്‍മാരും പഴയ ജന്മിത്തരാജവാഴ്ചയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ നെല്ല് തലച്ചുമടായി ക്ഷേത്രത്തിന് കൈമാറിയത്. ഇക്കാര്യത്തില്‍ ജില്ലാ നേതൃത്വം ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ല.

സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ക്ഷേത്രത്തിലെ പരിശോധന തുടങ്ങിയ ശേഷം ചില ഹിന്ദുത്വ ശക്തികളുടെ സഹായത്തോടെ അതിനെ തടയിടാനുള്ള ശ്രമം മുന്‍ രാജകുടുംബം ആരംഭിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം മൃദുഹിന്ദുത്വ രാഷ്ട്രീയ നിലപാടാണ് ജില്ലാ കമ്മിറ്റി സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. ക്ഷേത്ര നിലവറ പരിശോധനയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സി.പി.എമ്മില്‍ നിന്ന് വി.എസ് മാത്രമാണ് ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ പ്രതികരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചപ്പോഴൊക്കെ സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അതേസമയം സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ കഴിഞ്ഞദിവസം വക്കാലത്ത് കൊടുത്ത് വി.എസ് ഒരുപടി കൂടി മുന്നോട്ട്‌പോയിട്ടുണ്ട്.

അതിനിടെ രാജകുടുംബാംഗങ്ങള്‍ കാലോചിതമായി പേരുകളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്നവര്‍ സഖാവ് വിളി ഒഴിവാക്കണമെന്ന് കെ. മുരളീധരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. സഖാവ് എന്ന സംബോധന പഴകിയ വിപ്ലവത്തിന്റെ അവശിഷ്ടമാണ്. അതു കാലഹരണപ്പെട്ടു കഴിഞ്ഞു. പകരം സുഹൃത്തെന്നോ സഹപ്രവര്‍ത്തകനെന്നോ വിളിക്കുന്നതാകും ഉചിതം. യൂത്ത്‌കോണ്‍ഗ്രസ് നോര്‍ത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വേങ്ങേരി യുപി സ്‌കൂളില്‍ നടന്ന റംസാന്‍ ഓണ കിറ്റ് വിതരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുരളീധരന്‍.

അതേസമയം രാജാവ് പായസപാത്രത്തില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണത്തിനു തൊട്ടുപിന്നാലെ രാജകുടുംബത്തിനെതിരേ രൂക്ഷവിമര്‍ശനമായി വീണ്ടും വിഎസ് രംഗത്തെത്തിയിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബം വളഞ്ഞവഴിയിലൂടെ ജനങ്ങളില്‍ മാനസിക അടിമത്തം അടിച്ചേല്‍പ്പിക്കുകയാണെന്നു വിഎസിന്റെ ആരോപണം. നക്ഷത്രങ്ങളുമായി ബന്ധപ്പെടുത്തി നാമകരണം ചെയ്യുന്നതില്‍ അസ്വാഭാവികതയില്ല. എന്നാല്‍ അതൊരു തിരുനാളായി രേഖപ്പെടുത്തുകയും ആളുകളെക്കൊണ്ട് അങ്ങനെ വിളിപ്പിക്കുകയും ചെയ്യുമ്പോള്‍ വളഞ്ഞവഴിക്കു മാനസികമായ അടിമത്തം അടിച്ചേല്‍പ്പിക്കുകയാണ്. ഉത്രാടം തിരുനാള്‍, മൂലം തിരുനാള്‍, അശ്വതി തിരുനാള്‍ എന്നെല്ലാമുള്ള പേരുകള്‍ക്കു പകരം ജനാധിപത്യ കാലഘട്ടത്തിന്റെ പേരുകള്‍ സ്വീകരിക്കണമെന്നു പറഞ്ഞാല്‍ അതും മഹാ അപരാധമായി ആക്ഷേപിക്കപ്പെട്ടേക്കാമെന്നു വിഎസ് പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരവും ജനാധിപത്യ കേരളവും' എന്ന വിഷയത്തില്‍ സോഷ്യല്‍ സയന്‍സസ് റെയിന്‍ബോ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവറ തുറന്നു ഡോക്യുമെന്റേഷന്‍ നടത്തണമെന്ന സുപ്രീം കോടതി വിധി മറികടക്കാനാണ് ദേവപ്രശ്‌നം നടത്തിയത്. ജ്യോതിഷത്തിലുടെ സുപ്രീം കോടതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതിനു തുല്യമാണിത്. നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയാണിത്. മുന്‍പ് ഒന്നിലേറെ തവണ നിലവറ തുറന്നു ഫോട്ടോയെടുത്തിട്ടുണ്ട്. അന്നു ദേവപ്രശ്‌നം നടന്നില്ല. അതുമായി ബന്ധപ്പെട്ട് ആരുടെയെങ്കിലും കുടുംബം മുടിഞ്ഞതായും അറിയില്ല. ഇപ്പോള്‍ കേസ് നിര്‍ണായകഘട്ടത്തില്‍ എത്തിയപ്പോള്‍ ദേവപ്രശ്‌നം വന്നത് നേരായ മാര്‍ഗത്തിലല്ല. ഗുരുവായൂര്‍ ക്ഷേത്ര ഭരണസമിതിയെ പോലെ വിശ്വാസികളുടെ ഭരണസമിതിയെ പദ്മനാഭസ്വാമി ക്ഷേത്രത്തിലും നിയോഗിക്കണം. നിധിശേഖരം എങ്ങനെ സംരക്ഷിക്കണമെന്ന കാര്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നിധിശേഖരം കണക്കാക്കുക, ചോര്‍ച്ച തടയുക, സംരക്ഷണ നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് ഇപ്പോള്‍ ആവശ്യം.

പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേള്‍ക്കുമ്പോള്‍ ഇതു ജനാധിപത്യ കേരളമാണോ എന്നു സംശയിച്ചുപോകും. മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും ഭയഭക്തി ബഹുമാനത്തോടെ പറയുന്നത് മഹാരാജാവിനോട് ചോദിച്ചേ എന്തും ചെയ്യൂ എന്നാണ്. 1950 ജനുവരി 26ന് കേരളം ഒരു ജനാധിപത്യ റിപ്പബ്ലിക്കായെന്ന കാര്യം മറന്നുകൊണ്ടാണ് അവര്‍ സംസാരിക്കുന്നത്. തലേക്കെട്ടഴിച്ച് വാപൊത്തി കുനിഞ്ഞുനിന്നാണ് അവര്‍ രാജാവിനോട് സംസാരിക്കുന്നത്. പണ്ട് മഹാഭൂരിപക്ഷം ജനങ്ങളും രാജാധിപത്യത്തെ അങ്ങേയറ്റം പേടിച്ചുവിറച്ചാണ് കഴിഞ്ഞത്. അന്ന് അടിമത്ത ബോധം വ്യാപകമായിരുന്നു. എന്നാല്‍ ഇന്നും ഉത്തരവാദപ്പെട്ടവര്‍ പോലും മഹാരാജാവ് തിരുമനസ്, മഹാ തമ്പുരാന്‍ എന്ന് ഭക്ത്യാദരങ്ങളോടെ അടിയന്‍ എന്ന വിനീത ഭാവത്തില്‍ വിളിക്കുന്നതിന്റെ കാരണമിതാണ്.

രാജാധിപത്യം ഇല്ലാതായി ആറു പതിറ്റാണ്ട് കഴിഞ്ഞിട്ടും ചിലരുടെ മനസില്‍ നിന്ന് അതിന്റെ പുളി പൂര്‍ണമായി പോയിട്ടില്ല. അവസാനത്തെ രാജാവായ ചിത്തിരതിരുനാളിനോടോ അദ്ദേഹത്തിന്റെ കുടുംബത്തോടോ പ്രത്യേക വിരോധം കൊണ്ടു പറയുന്നതല്ല. തിരുവനനന്തപുരത്തിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെ അടിത്തറ പാകി എന്ന നിലയക്കെല്ലാം ചിത്തിരതിരുനാള്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. മറ്റു മുന്‍ രാജവംശങ്ങളില്‍നിന്നു വ്യത്യസ്തമായ ഒരു സ്ഥിതി വിശേഷം ഭൗതികമായും മാനസികമായും തിരുവിതാംകൂര്‍ രാജവംശവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നു. രാജകീയമായ പ്രൗഢികളും പ്രഭാവവും എല്ലാം നിലനില്‍ക്കുന്നെന്ന് അവര്‍ക്കിപ്പോഴും തോന്നുന്നു.

അയല്‍ രാജ്യങ്ങളെ കീഴ്‌പ്പെടുത്തിയതിലൂടെ കൈവന്ന അതിരറ്റ സമ്പത്താണ് മാര്‍ത്താണ്ഡവര്‍മ പദ്‌നാഭന് അടിയറ വച്ചത്. തന്റെ ആധികാരികത ദൈവദത്തമാണെന്നു വരുത്താനും എതിര്‍പ്പ് കുറയ്ക്കാനും എതിര്‍ക്കുന്നവരുടെ വാ അടപ്പിക്കാനുമായിരിക്കാം തൃപ്പടിദാനം. ഫ്രാന്‍സില്‍ ലൂയി പതിനാലാമന്‍ അധികാരം ദൈവദത്തമാണെന്ന് പ്രഖ്യാപിച്ച് സ്വേച്ഛാധിപത്യ വാഴ്ചയ്ക്ക് രക്ഷാകവചമാക്കിയതാണ് തൃപ്പടിദാനത്തിനു പ്രചോദനം എന്നും വിഎസ് അഭിപ്രായപ്പെട്ടു