തിരുവനന്തപുരം: അരനൂറ്റാണ്ടു മുമ്പു നടന്ന ഒരു പ്രണയം അതേ തീവ്രതയോടെ തുടരുമ്പോഴും കാമുകനെതിരേ നിയമനടപടികളുമായി കാമുകി മുന്നോട്ട്. കഥകളില്‍പോലം കേട്ടുപരിചയമില്ലാത്തത്ര സങ്കീര്‍ണമായ ഒരു അവസ്ഥാവിശേഷത്തിലാണ് പ്രഭാഷണവേദികളില്‍ സാഗരഗര്‍ജ്ജനം മുഴക്കുന്ന ഡോ.സുകുമാര്‍ അഴിക്കോട്. സംസ്‌കൃതത്തിലേയും മലയാളത്തിലെയും ഇംഗ്ലീഷിലേയും ആയിരക്കണക്കിനു രചനകള്‍ കാണാപാഠമായ ഡോ.അഴിക്കോട് ഇതുവരെ ഒരു പുസ്തകത്തിലും കണ്ടെത്തിയിട്ടില്ലാത്തത്ര സങ്കീര്‍ണമായ കഥാപശ്ചാത്തലം.
സുകുമാര്‍ അഴീക്കോടിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഒരുകാലത്ത് അദ്ദേഹത്തിന്റെ ഇഷ്ടഭാജനമായിരുന്ന പ്രഫ. ജി. വിലാസിനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് അഴീക്കോട് ഒരു ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ആത്മകഥയില്‍ നടത്തിയത്. ഇതിനെതിരെ താനയച്ച വക്കീല്‍ നോട്ടീസിന് മറുപടി ലഭിച്ചില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നോട് പ്രേമാഭ്യര്‍ഥന നടത്തുകയും പിന്നീട് വിവാഹത്തില്‍നിന്ന് പിന്മാറുകയും ചെയ്ത അഴീക്കോട് അന്ന് പറഞ്ഞ കാരണങ്ങളില്‍നിന്ന് വിരുദ്ധമായ കാര്യങ്ങളാണ് ആത്മകഥയില്‍ പറയുന്നത്. അതിപ്പോള്‍ പുസ്തകമാക്കാന്‍ പോകുന്നുവെന്നാണറിയുന്നത്.
പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് വക്കീല്‍ നോട്ടീസില്‍ വിലാസിനി വ്യക്തമാക്കിയത്. നഷ്ടപരിഹാരത്തുക ഉപയോഗിച്ച് ചാരിറ്റിയുണ്ടാക്കി നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹത്തിന് ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു. തന്റെ മാതാവിന് വിവാഹം ഇഷ്ടമില്ലെന്ന കാരണമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കയച്ച കത്തില്‍ അഴീക്കോട് വ്യക്തമാക്കിയത്. എന്നാല്‍ ഊമക്കത്ത് ലഭിച്ചതിനെതുടര്‍ന്നാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നാണ് ലേഖനത്തില്‍ വ്യക്തമാക്കുന്നത്. താന്‍ സ്വഭാവദൂഷ്യമുള്ളവളാണെന്ന നിലയിലുള്ള പ്രചാരണങ്ങളും നടത്തി.
ഇത് സഹിക്കാന്‍ കഴിയില്ല. 45 വര്‍ഷത്തോളം അധ്യാപികയായിരുന്ന തന്നെക്കുറിച്ച് ആരും ഒരപവാദവും പറയില്ല. അഴീക്കോടിനെ താന്‍ പ്രണയിച്ചിരുന്നു. ഇപ്പോഴും പ്രണയമില്ലെന്ന് പറയില്ല. ഒരു സ്ത്രീക്ക് ഒരു പുരുഷനെ മാത്രമേ പ്രണയിക്കാനാകൂ. നിഷ്‌കളങ്കയായ സ്ത്രീയെന്ന നിലയില്‍ മരിക്കണമെന്നാണ് ആഗ്രഹം. അഴീക്കോടിനൊപ്പം തന്റെ വീട്ടില്‍ വന്ന മറ്റൊരു പ്രമുഖ സാഹിത്യകാരനുമായി ബന്ധപ്പെടുത്തിപ്പോലും തനിക്കെതിരെ ദുഷ്പ്രചാരണമുണ്ടായി. ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥശ്രമമുണ്ടായാല്‍ സഹകരിക്കും. മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ അഴീക്കോടിന് കേസിന് പോകാമെങ്കില്‍ തന്നെ ആക്ഷേപിക്കുന്നതിനെതിരെ എന്തുകൊണ്ട് നിയമനടപടി സ്വീകരിച്ചുകൂടെന്നും വിലാസിനി ചോദിച്ചു.
താനിപ്പോഴും സുകുമാര്‍ അഴീക്കോടിനെ താന്‍ കാത്തിരിക്കുകയാണെന്ന് ഒന്നരവര്‍ഷം മുമ്പ് സൂര്യാ ടിവിക്കു നല്കിയ അഭിമുഖത്തില്‍ വിലാസിനി ടീച്ചര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് മറവിയുടെ മാറാലപിടിച്ചു കിടന്നിരുന്ന ഒരു പ്രണയകഥ വീണ്ടും മലയാളികളുടെ ഓര്‍മയിലേക്ക് എത്തിയത്. അഴിക്കോടിനെ കണ്ടുമുട്ടിയതുമുതലുള്ള നിമിഷങ്ങളാണ് വിലാസിനിടീച്ചര്‍ അന്ന് വെളിപ്പെടുത്തിയത്. 1967 മാര്‍ച്ച് മൂന്നിന് തിരുവനന്തപുരം ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജില്‍ ബി.എഡ് വാചാപരീക്ഷയുടെ എക്‌സ്‌റ്റേണല്‍ ബോര്‍ഡ് മെമ്പറായി വന്നപ്പോഴായിരുന്നു പ്രണയത്തിന്റെ തുടക്കമെന്ന് ടീച്ചര്‍ ഓര്‍മിക്കുന്നു. പ്രണയാതുരനായ അഴിക്കോട് പിന്നെ തനിക്ക് പ്രേമലേഖനം അയക്കുകയായിരുന്നു. തന്റെ ശബ്ദവും സൗന്ദര്യവും ഇഷ്ടപ്പെട്ടതായി അദ്ദേഹം കത്തെഴുതി. വടിവൊത്ത കൈയക്ഷരം, അതിരറ്റ സ്‌നേഹം, എതിരറ്റ സംസ്‌കാരം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വര്‍ണന.
ഊരും പേരുമറിയാത്ത പെണ്ണിനോട് വിവാഹാഭ്യര്‍ഥന നടത്തിയത് ശരിയോ എന്നാരാഞ്ഞപ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ അടിമയായിപ്പോയെന്നായിരുന്നു മറുപടി. ഞാനെന്റെ കുടുംബത്തിന്റെ ദരിദ്രപശ്ചാത്തലവും ജീവിതലക്ഷ്യവുമൊക്കെ അഴിക്കോടിനോട് വിവരിച്ചതായി വിലാസിനിടീച്ചര്‍ പറയുന്നു. അഴീക്കോടിന്റെ മറുപടി ഇതായിരുന്നു: എന്റെ മനസാണ് എന്റെ പ്രമാണം. എന്റെ മനസു പറയുന്നു നീയാണെന്റെ വധു. അതുകൊണ്ട് എനിക്കോരോടും ചോദിക്കേണ്ട. ആഴ്ചയില്‍ ഒരു കത്തയയ്ക്കുമായിരുന്നു. കത്തയയ്ക്കാതിരിക്കാന്‍ പറ്റില്ലായിരുന്നു. ബംഗ്ലാവില്‍ ജീവിക്കുന്നവളാണെങ്കില്‍ പോലും നിന്നെ ഞാന്‍ വിവാഹം കഴിക്കുമെന്നായിരുന്നു പറഞ്ഞത്. ബംഗ്ലാവില്‍ ജീവിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അയോഗ്യത. ഇതേതുടര്‍ന്ന് വിവാഹം ഉറപ്പിക്കുകയും ചെയ്തു. പ്രൊഫ. എം.കെ. സാനു, പോഞ്ഞിക്കര റാഫി, ഡോ. ആര്‍. പ്രസന്നന്‍ എന്നിവരോടൊപ്പമാണ് അഴീക്കോട് പെണ്ണുകാണാന്‍ വീട്ടില്‍ വന്നത്.
വര്‍ക്കല ശിവഗിരിയില്‍വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്റെ വീട്ടില്‍വന്നു തിരിച്ചുപോയ ഉടന്‍ വിവാഹത്തോട് അമ്മയ്ക്കിഷ്ടമില്ലെന്നു പറഞ്ഞ് പിന്തിരിയുകയായിരുന്നു. തുടര്‍ന്ന് കത്തെഴുതുന്നതു പോലും വിലക്കി. ആ വര്‍ഷം എനിക്ക് എം.എ. പരീക്ഷ എഴുതാനായില്ല. എന്റെ സമനില തെറ്റി. അമ്മയുടെ അനിയത്തി പറഞ്ഞു എനിക്കു ഭ്രാന്താണെന്ന്. വിവാഹത്തില്‍നിന്നുളള അദ്ദേഹത്തിന്റെ പിന്‍മാറ്റം ഉറക്കത്തില്‍ പോലും എന്നെ വല്ലാതെ തളര്‍ത്തി. 22 വര്‍ഷം സഹിക്കാനാവാത്ത തലവേദന കൊണ്ടു ഞാന്‍ പിടഞ്ഞു. കംപ്യൂട്ടര്‍ ഡയഗ്‌നോസിസില്‍ ഡോക്ടര്‍ ഒടുവില്‍ കണ്ടെത്തി, 'ഡിസപ്പോയിന്റഡ് ലവ്'. വിലാസിനിടീച്ചര്‍ അഭിമുഖത്തില്‍ പറയുന്നു.
വിവാഹത്തിന് എല്ലാ യോഗ്യതകളുമുളള യുവതിയായിരുന്നു നാന്‍. അദ്ദേഹത്തിനു വിവാഹം വേണ്ടെങ്കില്‍ എനിക്കും വേണ്ടെന്ന നിലപാടാണു കൈക്കൊണ്ടത്. അഴിക്കോടിന് മാനസാന്തരം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അല്ലെങ്കില്‍ നിയതിക്കു നീതിയില്ലാതാകുമെന്നും താന്‍ ഇപ്പോഴും അദ്ദേഹത്തെ കാത്തിരിക്കുകയാണെന്നും വിലാസിനി ടീച്ചര്‍ പറഞ്ഞിരുന്നു. അതേസമയം സ്ത്രീകളുമായുള്ള തന്റെ ഇടപെടലുകളെക്കുറിച്ച് തൊട്ടുപിന്നാലെ അദ്ദേഹം ആത്മകഥയില്‍ തുറന്നെഴുതിയിരുന്നു. ഇന്നോളം ഞാന്‍ ഒരു സ്ത്രീയെയും ശാരീരികമായ ലൈംഗികബന്ധത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് ഈശ്വരനെ സാക്ഷിനിര്‍ത്തിയാണ് അഴിക്കോട് ആത്മകഥയില്‍ വെളിപ്പെടുത്തുന്നത്.
സ്ത്രീ എന്റെ ജീവിതത്തില്‍ എന്ന അധ്യായത്തില്‍ വിവാഹം വേണ്ടെന്നു തീരുമാനിച്ചതിന്റെ സന്തോഷവും അഴിക്കോട് പങ്കുവയ്ക്കുന്നു. അവിവാഹിതനായി തുടരാന്‍ കഴിഞ്ഞ ഭാഗ്യത്തില്‍ സന്തോഷിക്കുന്നു. വന്ദ്യവയോധികനായ എന്നെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍ ഇപ്പോഴും ഉണ്ട്. അവരുടെ സ്വത്വത്തെ ബഹുമാനിക്കാന്‍ എനിക്ക് കഴിയണം. ഈശ്വരന്‍ സാക്ഷിയായി പറയട്ടെ, ഇന്നോളം ഞാന്‍ ഒരു സ്ത്രീയെയും ശാരീരികമായ ലൈംഗികബന്ധത്തിന് ഉപയോഗിച്ചിട്ടില്ല. എന്നോട് സഹതപിക്കുന്നവരും ഒന്നിനും കൊള്ളാത്തവന്‍ എന്ന് പരിഹസിക്കുന്നവരും ഉണ്ടാകും. സ്ത്രീയെ ലൈംഗിക ഉപകരണമായി മാത്രം കണ്ട് അവളുടെ അന്യസൗന്ദര്യങ്ങളെ കാണാതെ മാംസദാഹം തീര്‍ക്കുന്ന പുരുഷനോട് എനിക്കുള്ള സഹതാപത്തിന്റെ ആഴം അവര്‍ അറിയുന്നില്ലഅഴീക്കോട് എഴുതുന്നു.
കര്‍മ്മങ്ങളില്‍ വ്യാപൃതനായിരുന്നുകൊണ്ട് ഭൗതികങ്ങളായ മോഹങ്ങള്‍ക്ക് കീഴടങ്ങാതെ ധീരമായി ജീവിക്കാനുള്ള വാഗ്ഭടാനന്ദഗുരുവിന്റെ ആത്മീയ പ്രഭാഷണങ്ങള്‍ക്ക് ഞാന്‍ നന്ദി പറഞ്ഞേ തീരൂ. ആ ഉപദേശം സ്വാഭാവികമായി എന്റെ മനസിനെ അവിവാഹിക ജീവിതത്തിന്റെ ശാന്തതയിലേക്ക് നയിച്ചുകൊണ്ടുപോയി. ഇന്നും വലിയ ഇടര്‍ച്ചകളൊന്നും കൂടാതെ വിവാഹസുഖത്യാഗത്തില്‍ നേരിയൊരു സ്വസ്ഥത അനുഭവിച്ചുകൊണ്ട് തുടരുന്നു. ഇന്നോളം അവിവാഹിതന്‍ എന്ന നിലയില്‍ സങ്കടപ്പെടാന്‍ എനിക്ക് ഇടവന്നിട്ടില്ല സുകുമാര്‍ അഴീക്കോട് വ്യക്തമാക്കിയിരുന്നു. അതിനുശേഷമുള്ള ലക്കത്തിലാണ് വിലാസിനി ടീച്ചറെ ചൊടുപ്പിച്ച വിവാദപരാമര്‍ശങ്ങള്‍






