Random Posts

Wednesday, August 17, 2011

ബക്കറ്റ് പിരിവിലൂടെ ബംഗാളിലേയ്ക്ക് മൂന്നരക്കോടി രൂപ; ഷെയര്‍ മാര്‍ക്കറ്റ്‌ നിക്ഷേപവും സി.പി.എം വരുമാനമാര്‍ഗം


തിരുവനന്തപുരം: ബക്കറ്റ് പിരിവ്. എന്തിനുമേതിനും സി.പി.എം നേതൃത്വം കണ്ടെത്തുന്ന പരിഹാരമാണിത്. സന്തോഷം വന്നാലും സങ്കടം വന്നാലും ബക്കറ്റുമായി നേതാക്കള്‍ തെരുവിലേക്കിറങ്ങുകയായി. ഏറ്റവുമൊടുവില്‍ പശ്ചിമബംഗാളിലെ സഖാക്കള്‍ക്കുവേണ്ടിയായിരുന്നു പിരിവ്. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും കടന്നാക്രമണത്തിനു വിധേയരാകുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കാന്‍ സി.പി.എം രണ്ടു ദിവസമായി നടത്തിയ ബക്കറ്റ് പിരിവില്‍ 3.54 കോടി രൂപയാണ് പിണറായിയും കൂട്ടരും കേരളത്തില്‍ നിന്നും കോരിയെടുത്തത്. ഏറ്റവുമധികം തുക ലഭിച്ചത് ആലപ്പുഴയിലാണ് – 41.59 ലക്ഷം രൂപ. രണ്ടാമത് കൊല്ലം – 40 ലക്ഷം. മൂന്നാമത് തിരുവനന്തപുരം – 39.67 ലക്ഷം. രക്തസാക്ഷിത്വം വരിച്ചവരുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുമാണ് പിരിവ് നടത്തിയത്.

മറ്റു ജില്ലകളില്‍ പിരിച്ച തുകയുടെ കണക്ക് ഇങ്ങനെയാണ്:കാസര്‍കോട് – 9,00,000, കണ്ണൂര്‍ – 38,15,740, വയനാട് – 4,00,000, കോഴിക്കോട് – 30,00,000, മലപ്പുറം – 10,00,000, പാലക്കാട് 31,68,368, തൃശൂര്‍ – 33,28,373, എറണാകുളം – 31,17,813, ഇടുക്കി – 23,00,000, കോട്ടയം – 10,25,000, പത്തനംതിട്ട – 12,50,000. യഥാര്‍ത്ഥത്തില്‍ ബ്ക്കറ്റ് പിരിവിലൂടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയായി സിപിഎം വളര്‍ന്നത് എന്ന് ചരിത്രം പഠിച്ചാല്‍ മനസിലാക്കാം. കണ്ണൂരിലെ പാലോറ മാതാ എന്ന സ്ത്രീ തന്റെ ആടിനെ വിറ്റു കിട്ടിയ കാശാണ് ദേശാഭിമാനിയ്ക്കുള്ള ആദ്യ സംഭാവനയായി പാര്‍ട്ടിക്കു നല്‍കിയതെന്നാണ് ചരിത്രം. ബാക്കി ബക്കറ്റു പിരിവിലൂടെ ഉണ്ടാക്കുകയും ചെയ്തുവെന്നത് പറയാതെ പറഞ്ഞ ചരിത്രം. പിന്നെ ദേശാഭിമാനി നിലംതൊടാതെ വളര്‍ന്നപ്പോള്‍ പാലോറ മാതായെ മാത്രമല്ല, പാടുപെട്ടവരെയൊക്കെ മറന്നേ പോയി. ലിസ് ചാക്കോയും ചാക്ക് രാധാകൃഷ്ണനുമായി ബന്ധുക്കള്‍. ബോണ്ടിലും ചെക്കിലുമായി കണ്ണ്. അങ്ങനെ കോടികള്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തുകയും ചെയ്തു. ഇപ്പോള്‍ തൃണമൂലുകാരുടെ ശല്യം കാരണം ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ചിലവു കാശാണ് ബക്കറ്റു നീട്ടി പിരിക്കുന്നത്.

അണികളില്‍ ആവേശമുണ്ടാക്കാന്‍ പാര്‍ട്ടി സെക്രട്ടറി നേരിട്ടെത്തിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരളത്തിലെ ജനങ്ങളുടെ കാശുകൊണ്ടു വേണം ഇനി കേന്ദ്രകമ്മിറ്റിയും ബംഗാള്‍ ഘടകത്തിനുമൊക്കെ ഇനി കഴിഞ്ഞുകൂടാന്‍ എന്നാണ് ഇതേക്കുറിച്ച് ചാലക്കമ്പോളത്തില്‍ കേട്ട കമന്റ്. കേരളത്തില്‍ ഭരണം ഇല്ലാത്തതിനാലാണ് ബക്കറ്റുമായി നേതാക്കള്‍ തെരുവിലേക്കിറങ്ങിയതെന്നാണ് യാഥാര്‍ത്ഥ്യം. ഭരണപക്ഷത്തായിരുന്നെങ്കില്‍ പാക്കിസ്ഥാന് ദുരിതാശ്വാസം കൊടുത്തപോലെ ഖജനാവില്‍ നിന്നെടുത്ത് കൊടുക്കുമായിരുന്നു. ബക്കറ്റ് പിരിവിനു പകരം പാര്‍ട്ടിയുടെ കൈവശമുള്ള പണം കൊണ്ട് ബംഗാള്‍ സഖാക്കളെ ചികിത്സിക്കാന്‍ പാടില്ലേയെന്നും ഒരു വിഭാഗം ചോദിച്ചു.

എന്നാല്‍ ആ തുക മുഴുവന്‍ സ്‌റ്റോക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിരിക്കുകയാണെന്ന് പാവം സഖാക്കള്‍ക്ക് അറിയില്ലല്ലോ? സ്‌റ്റോക്ക് മാര്ക്കറ്റില്‍ നിക്ഷേപങ്ങളുള്ള പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം ഈയിടെ പറയുകയുണ്ടായി. അതിന്റെ ചുവടു പിടിച്ച് നടത്തിയ അന്വേഷണത്തില്‍ ഓരോ കൊല്ലവും നിക്ഷേപങ്ങളില്‍ നിന്ന് പാര്‍ട്ടി രണ്ടു കോടി രൂപ വരുമാനമുണ്ടാക്കുന്നതായി ഇന്‍ഡ്യന്‍ എക്‌സ്പ്രസ് പത്രം കണ്ടെത്തുകയും ചെയ്തിരുന്നു. പാര്‍ട്ടി 2002 മുതല്‍ 2006 വരെയുള്ള കാളയളവില്‍ ഫയല്‍ ചെയ്ത ആദായ നികുതി റിട്ടേണ്‍സ് അനുസരിച്ച് പലിശ, ഡിവിഡന്റ് എന്നീ ഇനങ്ങളിലെ അതിന്റെ വരുമാനം ഇപ്രകാരമായിരുന്നതായി പത്രം വെളിപ്പെടുത്തി: 2002 രൂ. 1.88 കോടി ,2003 രൂ. 1.17 കോടി, 2004 രൂ. 2.10 കോടി , 005 രൂ. 2.15 കോടി, 2006 രൂ. 1.92 കോടി എന്നിങ്ങനെയാണ് പുറത്തുവന്ന കണക്കുകള്‍