ഗുരുതര ഗതാഗത പ്രശ്‌നം നേരിടുന്ന വയനാട് ചുരം വീതി കൂട്ടുന്നതിനുള്ള ആദ്യഘട്ട സര്‍വേ ദേശീയപാത വിഭാഗം പൂര്‍ത്തിയാക്കി. ഒമ്പത് മുടിപിന്‍ വളവുകളിലെ ആറെണ്ണം വീതികൂട്ടി ഇന്റര്‍ലോക്ക് ചെയ്യുന്നതുള്‍പ്പെടെ പ്രവൃത്തികളുടെ സര്‍വേയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കിയത്.
ആറു വളവുകളുടെ പുനര്‍നിര്‍മാണത്തിന് 20 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാവുന്നത്. ഇപ്പോഴത്തെ സര്‍വേ പ്രകാരം അഞ്ച് വളവുകള്‍ വീതി കൂട്ടുന്നതിന് 1.25 ഹെക്ടര്‍ വനഭൂമി വിട്ടുകിട്ടണം.
ഇതിനുള്ള അപേക്ഷ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കോഴിക്കോട് ഡി.എഫ്.ഒക്ക് ഈ ആഴ്ചതന്നെ കൈമാറും. മറ്റൊരു വളവ് വീതികൂട്ടാന്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കും. സ്ഥലമുടമ ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചതായി ദേശീയപാത അധികൃതര്‍ വെളിപ്പെടുത്തി.
ലക്കിടിമുതല്‍ അടിവാരം വരെ 14 കി. മീറ്റര്‍ വരുന്ന റോഡിന്റെ നവീകരണത്തിനുള്ള രണ്ടാം ഘട്ട സര്‍വേ തിങ്കളാഴ്ച തുടങ്ങും.
പുതിയ സര്‍വേ പ്രകാരം ബൃഹത്തായ നിര്‍മാണ പ്രവര്‍ത്തികളാണ് ദേശീയപാത 212ല്‍ വരിക. ഏഴാം വളവില്‍ മാത്രം 32 മീറ്ററിലധികം റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഉയര്‍ത്തേണ്ടി വരും. പ്രവൃത്തി നടക്കുമ്പോള്‍ ഗതാഗത തടസം പരമാവധി ഒഴിവാക്കും. ശരാശരി 10 മീറ്ററാണ് ഇപ്പോള്‍ റോഡിന്റെ വീതി. വളവുകള്‍ വീതി കൂട്ടുന്നതോടെ 17 മീറ്റര്‍വരെ വീതി ഉണ്ടാകും.
ചുരം റോഡിന് പല സ്ഥലങ്ങളിലും നേരത്തെ വനഭൂമി ചെറിയ തോതില്‍ എടുത്തിട്ടുണ്ട്. വനംവകുപ്പിന്റെ മൗനാനുവാദത്തോടെയായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴത്തെ പ്രവൃത്തിക്ക് രേഖാമൂലം അനുമതി ആവശ്യമായി വരും. ഇതേ സമയം സര്‍വേക്ക് കഴിഞ്ഞയാഴ്ച റോഡിന് സമീപത്തെ വനഭൂമിയിലെ കാട്‌വെട്ടിയതിന് വനംവകുപ്പ് ദേശീയ പാത അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.
ചുരത്തിലെ ഗതാഗത തടസം പൊലീസിന് സ്ഥിരം തലവേദനയായിട്ടുണ്ട്. കണ്ടയിനര്‍ ലോറികളാണ് പലപ്പോഴും ഗതാഗത തടസത്തിന് കാരണമാകുന്നത്. ഓരോ തവണയും ് ഗതാഗത കുരുക്ക് മണിക്കുറുകള്‍ നീളുന്നു.
കൊടുവള്ളിക്കടുത്ത് വാവാടു മുതല്‍ ചുരം ഉള്‍പ്പെടെ ലക്കിടിവരെ റോഡ് ടാറിങിന് 17 കോടി രൂപയുടെ കരാര്‍ ഇതിനകം നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രവൃത്തിയും ഉടന്‍ തുടങ്ങും. ഇതിന് പുറമെയാണ് 20 കോടി യുടെ എസ്റ്റിമേറ്റ് തയാറാവുന്നത്.
എന്നാല്‍ പ്രവൃത്തി എങ്ങനെ നല്‍കണമെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചുരം അവലോകന യോഗത്തിന്റെ മിനിടുസില്‍ വ്യക്തമാക്കിയിട്ടില്ല. പുതിയ ടെണ്ടര്‍ വേണ്ടിവരുമെന്നാണ് സൂചന.






