Random Posts

Saturday, August 20, 2011

ചിരഞ്ജീവി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: തെലുങ്ക് സൂപ്പര്‍താരവും പ്രജാരാജ്യം പാര്‍ട്ടി നേതാവുമായ ചിരഞ്ജീവി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിയാണ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അംഗത്വം നല്‍കിയത്. ഭാവി പ്രധാനമന്ത്രിയില്‍ നിന്ന് അംഗത്വം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇനിയെന്നും നല്ല കോണ്‍ഗ്രസുകാരനായി പാര്‍ട്ടിയിലുണ്ടാകുമെന്നും ചിരഞ്ജീവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

മന്ത്രിമാരായ ഗുലാം നബി ആസാദ്, ജയ്പാല്‍ റെഡ്ഢി, മുതിര്‍ന്ന നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി, അഹമ്മദ് പട്ടേല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 2008 ആഗസ്തിലാണ് ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ ആന്ധ്രയില്‍ പ്രജാരാജ്യം പാര്‍ട്ടി രൂപീകരിച്ചത്. 294 അംഗ ആന്ധ്രാ നിയമസഭയില്‍ ഇവര്‍ക്ക് ചിരഞ്ജീവി ഉള്‍പ്പെടെ 18 എം.എല്‍.എമാരുണ്ട്. 

റായല്‍സീമ മേഖലയില്‍ ശക്തമായ ഏറെ സ്വാധീനമുള്ള പാര്‍ട്ടിയാകാന്‍ പ്രജാരാജ്യത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഢിയുടെ പുതിയ പാര്‍ട്ടി വന്നതോടെ ദുര്‍ബലമായ ആന്ധ്രാ കോണ്‍ഗ്രസിലേക്ക് ചിരഞ്ജീവി ലയിക്കാന്‍ തീരുമാനിക്കുകയാണുണ്ടായത്.