Random Posts

Tuesday, March 29, 2011

യു.ഡി.എഫ് എതിര്‍ത്തത് അരിയുടെ രാഷ്ട്രീയം: ഉമ്മന്‍ചാണ്ടി


രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള തീരുമാനത്തെയല്ല, പകരം അരിയുടെ പേരില്‍ സര്‍ക്കാര്‍ കളിച്ച രാഷ്ട്രീയത്തെയാണ് യു.ഡി.എഫ് എതിര്‍ത്തതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. റേഷന്‍കടകള്‍ വഴി അപേക്ഷാ ഫോറം വിതരണം ചെയ്യണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ പാര്‍ട്ടി ഓഫീസുകളിലാണ് ഫോറങ്ങള്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളില്‍ കയറിയിറങ്ങി ഫോറം വിതരണം ചെയ്ത് വോട്ട് പിടിക്കുന്നു. കോടതിവിധി സര്‍ക്കാരിന് അനുകൂലമായിട്ടും രണ്ടു രൂപക്ക് അരി എന്തുകൊണ്ടിപ്പോള്‍ കൊടുക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. എ.പി.എല്‍ വിഭാഗത്തില്‍ ഒരാള്‍ക്ക് എത്ര കിലോ അരി കൊടുക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. മൂന്നുകിലോ അരിയെങ്കിലും കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ റേഷന്‍കടകളില്‍ കയറിയിറങ്ങുകയാണ്. രണ്ട് രൂപയ്ക്ക് അരി പ്രഖ്യാപനം വെറും തട്ടിപ്പായിരുന്നു. ഇലക്ഷന്‍ സ്റ്റണ്ട്. അരി വിതരണത്തിന് 4000 കോടി രൂപയുണ്ടെന്നാണ് ധനമന്ത്രി പറയുന്നത്. 40,000 കോടി രൂപയുണ്ടെങ്കിലും നടപടിക്രമങ്ങള്‍ പാലിക്കാതെ ധനമന്ത്രിക്ക് അത് ചെലവഴിക്കാന്‍ കഴിയില്ല. ഇതേക്കുറിച്ച് മറുപടി പറയാന്‍ ധനമന്ത്രി ഐസക്കിനെ താന്‍ വെല്ലുവിളിക്കുകയാണ്. എത്രകിലോ അരിവീതം എല്ലാവര്‍ക്കും നല്‍കുമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എല്‍.ഡി.എഫ് ഭരണം കേരളത്തെ പിന്നോട്ടടിച്ചതായും ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നതായും ചെറുപ്പക്കാര്‍ പാര്‍ട്ടിയെ പറ്റി തിരിച്ചറിയുന്നതിന്റെ തെളിവാണ് സിന്ധു ജോയിയെ പോലുളളവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.