Random Posts

Thursday, March 17, 2011

കോണ്‍ഗ്രസ് കരട് പട്ടിക ഇന്ന്; പാതി പുതുമുഖങ്ങള്‍, സ്ത്രീകള്‍


കോണ്‍ഗ്രസിന്റെ 81 സ്ഥാനാര്‍ഥികളില്‍ പകുതിയില്‍ കൂടുതല്‍ യുവാക്കള്‍, പുതുമുഖങ്ങള്‍, സ്ത്രീകള്‍ എന്നിവരായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. സ്‌ക്രീനിങ് കമ്മിറ്റി കരട് പട്ടികക്ക് വ്യാഴാഴ്ച അന്തിമ രൂപം നല്‍കും. കേന്ദ്ര തെരഞ്ഞെപ്പ് സമിതി അംഗീകാരത്തോടെ 21ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കും. പ്രകടന പത്രിക 19ന് പുറത്തിറക്കും. സി.എം.പിക്ക് നല്‍കേണ്ട സീറ്റിന്റെ കാര്യത്തില്‍ ഒഴികെ, ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഒരു മണ്ഡലത്തിലേക്ക് രണ്ടും മൂന്നും പേരുകളുള്ള ലിസ്റ്റുമായി ദല്‍ഹിയില്‍ എത്തിയ ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ എന്നിവര്‍ ബുധനാഴ്ച രാത്രി സ്‌ക്രീനിങ് കമ്മിറ്റിക്ക് ലിസ്റ്റ് കൈമാറി. ധനമന്ത്രി പ്രണബ് മുഖര്‍ജി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി, നേരത്തെ ചുമതലവഹിച്ച മുഹ്‌സിനാ കിദ്വായ് എന്നിവരും ഉമ്മന്‍ചാണ്ടി, ചെന്നിത്തല എന്നിവരും ഉള്‍പ്പെട്ടതാണ് സ്‌ക്രീനിങ് കമ്മിറ്റി.
രാത്രി ആരംഭിച്ച ചര്‍ച്ചകള്‍ വ്യാഴാഴ്ച പൂര്‍ത്തിയാക്കും. തുടര്‍ന്ന് ലിസ്റ്റ് തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും. പ്രവര്‍ത്തക സമിതി അംഗം എ.കെആന്റണി ഉള്‍പ്പെടെ, കേന്ദ്രനേതാക്കള്‍ ഉള്‍പ്പെട്ട സമിതി 20ന് ലിസ്റ്റ് അംഗീകരിക്കും.
തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ 'വികസനം, കരുതല്‍' എന്നീ വിഷയത്തിന് ഊന്നല്‍ നല്‍കാനാണ് ഉദ്ദേശ്യമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സമഗ്ര വികസനമാണ് ലക്ഷ്യമാക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍, കുടിയൊഴിയേണ്ടി വരുന്നവരെ പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കളാക്കി മാറ്റാന്‍ ശ്രദ്ധിക്കും. മൂലമ്പള്ളി അടക്കമുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നിലപാട്.
സംസ്ഥാനത്തിന്റെ സമ്പത്തും വായ്പാ തുകയും വീതം വെച്ചു കൊടുക്കുന്ന നിലവിലെ പ്രവര്‍ത്തന രീതി മാറ്റി, ഉല്‍പാദന-നിക്ഷേപ വര്‍ധനവിന് ശ്രദ്ധിക്കും. പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും ശ്രദ്ധിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.