Random Posts

Thursday, March 24, 2011

പാര്‍ട്ടി നിരസിച്ച മുഖ്യമന്ത്രിയെ നാടിന് ആവശ്യമില്ല: ഉമ്മന്‍ ചാണ്ടി

ഹരിപ്പാട്: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളജനതയെ ഇടതുമുന്നണി സര്‍ക്കാര്‍ ബന്ദികളാക്കിവെച്ചെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഹരിപ്പാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ
തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെയും നാടിനെയും മറന്ന സര്‍ക്കാര്‍ കേന്ദ്രപദ്ധതികള്‍ പോലും ഇല്ലാതാക്കി. സ്മാര്‍ട് സിറ്റിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും യു ഡി എഫ് നയത്തില്‍ മാറ്റമില്ല. കൊട്ടിഘോഷിച്ച് ശിലാസ്ഥാപനം നടത്തിയശേഷം അതിനുമുകളില്‍ ഒരുകല്ലുപോലും വയ്ക്കാന്‍ ഇടതു സര്‍ക്കാരിനായില്ല. യു ഡി എഫ് സര്‍ക്കാര്‍ നടത്തിയ സുനാമി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പോലും നേരെചൊവ്വെ ഇടതുസര്‍ക്കാരിന് തുടരാനായില്ല. ഭരണ നേട്ടം നിരത്താന്‍ ഇടതുമുന്നണിക്ക് കഴിയുമായിരുന്നുവെങ്കില്‍ എന്തിന് മുഖ്യമന്ത്രിയെ മത്സരരംഗത്തുനിന്നും പാര്‍ട്ടി മാറ്റി. പലതവണ പാര്‍ട്ടി നടപടിക്ക് വിധേയനായ ആളാണ് മുഖ്യമന്ത്രി. പി ബിയില്‍ നിന്നും തരംതാഴ്ത്തി. പാര്‍ട്ടിക്കുവേണ്ടാത്ത മുഖ്യനെ ജനത്തിനുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. യോഗത്തില്‍ ബാബു പ്രസാദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എം പി, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ഷാനിമോള്‍ ഉസ്മാന്‍, അമ്പലപ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി എം ലിജു, കായംകുളത്തെ യു ഡി എഫ് സ്ഥാനാര്‍ഥി എം മുരളി എം എല്‍ എ, അഡ്വ. സി ആര്‍. ജയപ്രകാശ്, എം എം ബഷീര്‍, എം കെ വിജയന്‍, ജേക്കബ് തോമസ് അരികുപുറം, ജോണ്‍ തോമസ്, കെ എം രാജു, എം കെ വിജയന്‍, വിമല കാരണവര്‍, എസ് ദീപു തുടങ്ങിയവര്‍ സംസാരിച്ചു. രമേശ് ചെന്നിത്തല തനിക്ക് ആദ്യമായി നിയമസഭയിലെത്താന്‍ അവസരമൊരുക്കിയ ഹരിപ്പാട് മണ്ഡലത്തെക്കുറിച്ച് പ്രസംഗിക്കുമ്പോള്‍ വികാരാധീനനായി. ഇവിടുത്തെ ജനങ്ങള്‍ തനിക്ക് നല്‍കിയ സ്‌നേഹ പരിലാളനങ്ങളാണ് വീണ്ടും ഹരിപ്പാട് നിന്നും ജനവിധി തേടാന്‍ ധൈര്യം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.