പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെത്തുടര്‍ന്ന് സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു മലയാളികള്‍ക്ക് ശിക്ഷയിളവ് ലഭിച്ചു. തിരുവനന്തപുരം പെരിങ്ങമ്മല സ്വദേശി സക്കീര്‍ ഹുസൈന്‍, കണ്ണൂര്‍ സ്വദേശി ഫസലു റഹ്മാന്‍, മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ, പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് മുസ്തഫ എന്നിവര്‍ക്കാണ് ശിക്ഷയില്‍ ഇളവ് ലഭിച്ചത്.
സാമ്പത്തികമായി വളരെയധികം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ അത്താണിയായിരുന്ന ഇവര്‍ മൂന്നുവര്‍ഷമായി സൗദി ജയിലില്‍ മരണവും മുന്നില്‍ കണ്ട് കഴിയുകയായിരുന്നു.
2008ല്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മംഗലാപുരം സ്വദേശി മുഹമ്മദ് അഷറഫ് കൊല്ലപ്പെട്ട കേസിലാണ് നാല് മലയാളികള്‍ക്ക് സൗദി കോടതി വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് അഷറഫിന്റെ പിതാവ് വധശിക്ഷ ഇളവുചെയ്യുന്നതില്‍ ആദ്യം വിസമ്മതിച്ചെങ്കിലും എണ്‍പത് ലക്ഷം രൂപ മോചനദ്രവ്യം നല്‍കിയാല്‍ മാപ്പുനല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ ശ്രമഫലമായി വിദേശമലയാളികള്‍ ഇടപെട്ടതാണ് ശിക്ഷയിളവ് ലഭിക്കാന്‍ സഹായകമായത്. ഒ.ഐ.സി.സി. പ്രവര്‍ത്തകനും പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകനുമായ ഷിഹാബ് കൊട്ടുകാടാണ് സൗദിയില്‍ കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രമുഖ വ്യവസായിയായ സി.കെ. മേനോനാണ് 80 ലക്ഷം രൂപ നല്‍കിയത്.
കഴിഞ്ഞ 19ന് സുപ്രീംകോടതി വധശിക്ഷ ഇളവ് അംഗീകരിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈക്കോടതി വധശിക്ഷ ഇളവ് ചെയ്തത്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പ്രതിപക്ഷനേതാവ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ശിവദാസിനെ റിയാദില്‍ അയച്ചിരുന്നു. ശേഷിക്കുന്ന നടപടിക്രമങ്ങള്‍ക്ക് ശേഷം ഇവര്‍ നാട്ടിലേക്ക് മടങ്ങിയെത്തും.







