Random Posts

Wednesday, March 16, 2011

യു.ഡി.എഫ് സീറ്റ് ധാരണയായി

തിരുവനന്തപുരം: യു.ഡി.എഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി.  18 ന് നടക്കുന്ന ചര്‍ച്ചയിലെ മണ്ഡലങ്ങള്‍ നിശ്ചയിക്കുകയുള്ളൂ. കേരള കോണ്‍ഗ്രസ് എം, സോഷ്യലിസ്റ്റ് ജനതാ വിഭാഗങ്ങളുമായി നിലനിന്ന തര്‍ക്കങ്ങള്‍ ഇന്നലെ രാത്രി അവസാനിച്ചതോടെയാണ് സീറ്റ് വിഭജനം സാധ്യമായത്.
കോണ്‍ഗ്രസ് 81 മണ്ഡലങ്ങളില്‍ മല്‍സരിക്കും. മുസ്‌ലിം ലീഗ് 24 ലും കേരള കോണ്‍ഗ്രസ് എം 15 മണ്ഡലങ്ങളിലും ജനവിധി തേടും. സോഷ്യലിസ്റ്റ് ജനത ഏഴിടത്തും ജെ.എസ്.എസ് നാല് മണ്ഡലങ്ങളിലും സി.എം.പിയും കേരള കോണ്‍ഗ്രസ് ജേക്കബും മൂന്ന് മണ്ഡലങ്ങളില്‍ വീതവും മല്‍സരിക്കും. കേരള കോണ്‍ഗ്രസ് ബിക്ക് രണ്ടും ആര്‍.എസ്.പി ബിക്ക് ഒന്നും ലഭിക്കും.
രണ്ട് ദിവസമായി മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി  കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എം നേതാക്കളുമായി നടത്തിയ ചര്‍ച്ചകളിലാണ് ധാരണക്ക് വഴിയൊരുങ്ങിയത്. ഇന്നലെ രാവിലെ കെ.പി.സി.സി ആസ്ഥാനത്തെത്തിയ കുഞ്ഞാലിക്കുട്ടി മധ്യസ്ഥന്റെ റോള്‍ വഹിച്ചു. സോഷ്യലിസ്റ്റ് ജനത, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെ.പി. സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍ വീനര്‍ പി.പി. തങ്കച്ചന്‍ എന്നിവരും ആദ്യാവസാനം ചര്‍ച്ചകളിലുണ്ടായിരുന്നു.
ചില മണ്ഡലങ്ങളെ സംബന്ധിച്ചാണ് തര്‍ക്കമുള്ളതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. 18 ന് സീറ്റ് വിഭജനം പൂര്‍ണമാകും. ഇന്നും നാളെയും ദല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് സ്‌ക്രൂട്ടിനിങ് കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പോകുന്നത് മൂലമാണ് ചര്‍ച്ച മാറ്റിയത്.
കേരള കോണ്‍ഗ്രസ് എം 22 സീറ്റാണ് ആവശ്യപ്പെട്ടിരുന്നെങ്കിലും 13ല്‍  കൂടുതല്‍ കൊടുക്കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. പിന്നീട് മാണി 18 ലേക്ക് പിന്‍വാങ്ങിയെങ്കിലും കോണ്‍ഗ്രസ് വിട്ടുവീഴ്ചക്ക് തയാറായിരുന്നില്ല. ഇന്നലെ അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് 15 സീറ്റില്‍ ധാരണയിലെത്തിയത്. കഴിഞ്ഞ തവണ 11 സീറ്റിലാണ് മാണി വിഭാഗം മല്‍സരിച്ചത്. മുന്നണിയിലെ പുതിയ കക്ഷിയായ സോഷ്യലിസ്റ്റ് ജനത തുടക്കത്തില്‍ 12 സീറ്റാണ് ആവശ്യപ്പെട്ടത്. എട്ട് സീറ്റെങ്കിലും വേണമെന്നായിരുന്നു അവസാനം വരെയുള്ള ഡിമാന്‍ഡ്. നിലവിലുള്ള മൂന്ന് സിറ്റിങ് മണ്ഡലങ്ങള്‍ക്ക് പുറമെ  പാലക്കാട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലായി  നാല്‌സീറ്റുകള്‍ നല്‍കാനാണ് ധാരണ.