Random Posts

Wednesday, March 30, 2011

ദൈവസന്നിധിയില്‍ അഭയം: പാര്‍ട്ടി ഓഫീസില്‍ അന്ത്യനിദ്രവേണ്ടെന്നും സിന്ധുജോയി


തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റ് വിശ്വാസവഴിയില്‍ നിന്നും ദൈവവിശ്വാസത്തിലേക്കുള്ള സിന്ധുജോയിയുടെ യാത്രയ്ക്കിടെ വെളിപ്പെടുത്തലുകള്‍ ഏറെ. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ രഹസ്യമായി കരുതിയിരുന്നുവെന്ന് സിന്ധുപറയുന്ന ബൈബിളും കൊന്തയും പരസ്യമായി കൈയിലേന്തിയാണ് ഞായറാഴ്ച രാവിലെ സിന്ധു പള്ളിയിലെത്തിയത്. തിരുവനന്തപുരം പി.എം.ജി ലൂര്‍ദ്‌ഫെറോന പള്ളിയില്‍ അവര്‍ ഇടവകാംഗമായി ചേരുകയും ചെയ്തു. രാവിലെ പള്ളിയിലെത്തിയ സിന്ധുജോയി ഫാ. ജോണ്‍ വി. തടത്തിലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാനകൊണ്ടു. അവിടെവെച്ചുതന്നെ ഇടവക അംഗത്വവും സ്വീകരിച്ചു.

പാര്‍ട്ടി പ്രത്യയശാസ്ത്രമനുസരിച്ച് ജീവിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ വിശ്വാസം സൂക്ഷിച്ചിന്നുവെന്ന് തുടര്‍ന്ന് സണ്‍ഡേസ്‌കൂള്‍ സന്ദര്‍ശനവേളയില്‍ അവര്‍ വിദ്യാര്‍ഥികളോട് പറഞ്ഞു. എന്നാല്‍ അതൊന്നും പുറത്തുപറയാന്‍ എനിക്ക് സ്വാതന്ത്ര്യം കിട്ടിയിരുന്നില്ല. മരിച്ചാല്‍ എന്റെ മൃതദേഹം സെമിത്തേരിയില്‍ അടക്കണമെന്നുണ്ട്. മൃതദേഹം ഏതെങ്കിലും പാര്‍ട്ടി ഓഫിസിന്റെ അരികില്‍ അടക്കിയാല്‍ പോരാ' അവര്‍ പറഞ്ഞു.

13 വര്‍ഷത്തിനുശേഷം കഴിഞ്ഞയാഴ്ച ഒരു മാമ്മോദീസാ ചടങ്ങിനിടെയാണു താന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്. മാമ്മോദീസയും സ്ഥൈര്യലേപന വും ആദ്യകുര്‍ബാനയും എല്ലാം സ്വീകരിച്ച ഒരു ക്രിസ്ത്യാനിയാണ്. മരിച്ചാല്‍ മൃതദേഹം പാര്‍ട്ടി ഓഫീസിനു മുന്നില്‍ വയ്ക്കരുതെന്നാണ് ആഗ്രഹം. ദൈവത്തില്‍ മാത്രമേ രക്ഷയുള്ളൂ എന്നാണു സാവൂളിന്റെ ജീവിതം പഠിപ്പിക്കുന്നത്. ഈശ്വര വിശ്വാസിയാണെന്നു വിളിച്ചു പറയണമെങ്കില്‍ ചിലതൊക്കെ ഉപേക്ഷിക്കേണ്ടിവരും. താനായിരുന്ന തരത്തിലുള്ള ഒരു കൂട്ടായ്മയില്‍നിന്നു പുറത്തു വരിക അത്ര എളുപ്പമല്ല. വിശ്വാസിയാണെ ന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം ദൈവമാണു തന്നതെന്നും സിന്ധുജോയി പറഞ്ഞു. ദൈവത്തിന്റെ കൃപയാണ് എല്ലാം എന്നും-അവര്‍ കൂട്ടിച്ചേര്‍ത്തു.

രാവിലെ പ്രാര്‍ഥനക്കെത്തിയ സിന്ധുവിനെ പള്ളി ഭാരവാഹികളും വിശ്വാസികളും സ്വീകരിച്ചു. കുട്ടികളും സ്ത്രീകളും അവരെ കാണാന്‍ തടിച്ചുകൂടി. പ്രാര്‍ഥനക്കുശേഷം എല്ലാവരോടും സൗഹൃദം പങ്കുവച്ചാണ് സിന്ധു മടങ്ങിയത്. ദീര്‍ഘകാലത്തിനുശേഷം വിശ്വാസത്തിലേക്കു മടങ്ങുന്നതിനുള്ള തീരുമാനം സിന്ധു തന്നെയാണെടുത്തത്. തീരുമാനം ലൂര്‍ദ് പള്ളി അധികൃതരെ അറിയിക്കുകയായിരുന്നു. സിന്ധുവിന്റെ പ്രവര്‍ത്തന മേഖല തിരുവനന്തപുരമായതിനാലാണു ലൂര്‍ദ് പള്ളി തന്നെ തെരഞ്ഞെടുത്തത്. കുര്‍ബാനയ്ക്കുശേഷം ലൂര്‍ദ് മാതാ കെയര്‍ ഓഫീസിലെത്തിയ അവരെ അംഗങ്ങള്‍ സ്വീകരിച്ചു. സിന്ധു തന്റെ സഹായങ്ങള്‍ ലൂര്‍ദ് മാതാ കെയറിനു വാഗ്ദാനം ചെയ്തു. തെരഞ്ഞെടുപ്പിനു ശേഷം ലൂര്‍ദ് മാതാ കെയറിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്ന് അവര്‍ പറഞ്ഞു. ഇടവകാംഗങ്ങള്‍ക്കൊപ്പം കുറച്ച സമയം ചെലവഴിച്ച ശേഷമാണു സിന്ധു മടങ്ങിയത്.

സഭാ നേതൃത്വത്തിനെതിരേ നികൃഷ്ടജീവി പ്രയോഗം നടത്തിയവരുടെ നാട്ടിലാണു നാം ജീവിക്കുന്നതെന്നു സിന്ധുവിനെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപത തെക്കന്‍ മേഖല വികാരി ജനറാളും ലൂര്‍ദ് ഫൊറോന വികാരിയുമായ ഫാ.ജോണ്‍ വി.തടത്തില്‍ പറഞ്ഞു. വിശ്വാസത്തില്‍ മരിക്കുന്നതിനായി ആവശ്യപ്പെട്ടപ്പോള്‍ മത്തായി ചാക്കോയ്ക്കു രോഗീലേപനം കൊടുക്കാന്‍ സമ്മതിച്ചതാണ് അന്നു ബിഷപ് ചെയ്ത തെറ്റ്. ക്രൈസ്തവ കൂട്ടായ്മയിലേക്കു സിന്ധുവിനെ സ്വീകരിച്ചതാ യും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയുടെ ഔദ്യോഗിക മതബോധന ഗ്രന്ഥം ഫാ. ജോണ്‍ വി.തടത്തില്‍ സിന്ധുവിനു കൈമാറി. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. റോണി മാളിയേക്കല്‍ വിശ്വാസോത്സവത്തിന്റെ ബ്രോഷര്‍ സിന്ധുവിനു നല്കി പ്രകാശനം ചെയ്തു.

അതേസമയം സിന്ധുജോയിയോടുള്ള പാര്‍ട്ടി പ്രതികരണം തല്‍ക്കാലം ഉണ്ടാകില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പുകഴിഞ്ഞ ശേഷം ഇക്കാര്യത്തില്‍ മറുപടി നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം. സിന്ധു ജോയിയുടെ ആരോപണയുദ്ധം ഏതറ്റംവരെ പോകുമെന്നു നിരീക്ഷിച്ചശേഷം മാത്രം പ്രതികരണം മതിയെന്നാണ് തത്വത്തിലുള്ള തീരുമാനം. ആരോപണങ്ങള്‍ അവഗണിക്കാനും തെരഞ്ഞെടുപ്പു കഴിയുംവരെ പ്രതികരണങ്ങള്‍ ഒഴിവാക്കാനും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. നേതൃത്വങ്ങളോടും പാര്‍ട്ടി നിര്‍ദേശിച്ചു. സി.പി.എം. ഔദ്യോഗികപക്ഷത്തിന്റെ തണലില്‍ വളര്‍ന്ന സിന്ധു തെരഞ്ഞെടുപ്പുകാലത്തു പാര്‍ട്ടിക്കു പാരവച്ചെന്ന നിലപാടാണു വി.എസ്. പക്ഷത്തിനുള്ളത്. ഈ സാഹചര്യത്തില്‍, സി.പി.എം. തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗമായിരുന്ന സിന്ധു ഉയര്‍ത്തിയ വിവാദം തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ സംസ്ഥാനസമിതിയില്‍ ചര്‍ച്ചയ്‌ക്കെത്തും.

വി.എസ്. പക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു സിന്ധുവിനെ എസ്.എഫ്.ഐ. സംഘടനാനേതൃത്വത്തില്‍ ഔദ്യോഗികപക്ഷം അവരോധിച്ചത്. എറണാകുളം ജില്ലക്കാരിയായ സിന്ധുവിനെ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റാക്കുന്നതില്‍ വി.എസ്. പക്ഷത്തുള്ള ജില്ലാ കമ്മിറ്റിയുടെ പിന്തുണയുണ്ടായിരുന്നില്ല. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തേയും ജില്ലാകമ്മിറ്റി എതിര്‍ത്തിരുന്നു. കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക് പങ്കെടുത്ത ജില്ലാകമ്മിറ്റി യോഗത്തില്‍ ഏറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ സംസ്ഥാനസമിതിയുടെ സമ്മര്‍ദപ്രകാരമായിരുന്നു സിന്ധുവിന്റെ സ്ഥാനാര്‍ഥിത്വം.

രാജിവച്ചശേഷം സി.പി.എമ്മിനെതിരേ ഗുരുതരമായ ആരോപണങ്ങളാണു സിന്ധു ഉന്നയിക്കുന്നത്. സ്ത്രീകള്‍ക്കു സി.പി.എമ്മില്‍ രക്ഷയില്ലെന്നും മതസ്വാതന്ത്ര്യത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും സിന്ധു തുറന്നടിച്ചു. സിന്ധുവിനെതിരേ വി.എസ്. അച്യുതാനന്ദന്‍ രൂക്ഷമായി പ്രതികരിച്ചെങ്കിലും ഔദ്യോഗികപക്ഷ നേതാക്കളോ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എല്ലാം തെരഞ്ഞെടുപ്പിനുവേണ്ടി അടക്കിപ്പിടിച്ചുനിര്‍ത്തിയിരിക്കുകയാണ് നേതൃത്വം.