
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയാവുകയും യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്തതോടെ ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പടഹധ്വനികളുമായി പ്രവര്‍ത്തകര്‍ പടക്കളത്തിലിറങ്ങി. കോണ്‍ഗ്രസിലും യു ഡി എഫിലും റിബലുകളുടെ ചാകര പ്രതീക്ഷിച്ച് വള്ളവും വലയുമിറക്കിയ
എല്‍ ഡി എഫില്‍ നിരാശയും ആശങ്കയും ബാക്കി. യിക്കുമെന്നുറപ്പുള്ള അങ്കത്തിന്റെ ആരവവും ആഹ്ലാദവുമാണ് യു ഡി എഫിനെ അശ്വാരൂഡമാക്കുന്നതെങ്കില്‍ തോല്‍വിയുടെ ബലിതറയിലേക്ക് വലിച്ചിഴയ്ക്കുന്ന അറവുമൃഗത്തിന്റെ വിലാപമാണ് ഇടത് ക്യാംപില്‍ ഉയരുന്നത്. ചില്ലറ ഭിന്നതകളും പരിഭവങ്ങളും പരിഹരിച്ച് പതിവുപോലെ ഞങ്ങളൊറ്റക്കെട്ടാണെന്ന നിലയില്‍ യു ഡി എഫ് രംഗത്തിറങ്ങിയപ്പോള്‍ എല്‍ ഡി എഫ് ക്യാംപില്‍ ആശയുടെ അവസാനത്തെ തിരിനാളവും അണയുകയായിരുന്നു. ഒറ്റയായും കൂട്ടായും യു ഡി എഫില്‍നിന്നും വ്യക്തികളെയും പാര്‍ട്ടികളെയും അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ച സി പി എമ്മിന് സ്വന്തം തട്ടകത്ത് നിന്നുതന്നെ ചോര്‍ച്ച നേരിട്ടു. ആദ്യം ഗൗരിയമ്മയ്ക്കും ജെ എസ് എസിനും ചുവപ്പു പരവതാനി വിരിച്ച് കാത്തുനിന്നെങ്കിലും പിണ്ഡംവെച്ച് പുറത്താക്കിയ പടി വീണ്ടും കയറാന്‍ അവര്‍ തയ്യാറായില്ല. കേരള കോണ്‍ഗ്രസും കെ എം മാണിയും യു ഡി എഫില്‍ കലാപം സൃഷ്ടിച്ച് പുറത്തുവരുമെന്നും എല്‍ ഡി എഫ് കണക്കുകൂട്ടിയിരുന്നു. ഏറെ തര്‍ക്കങ്ങളില്ലാതെ കേരള കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനം യു ഡി എഫ് പൂര്‍ത്തിയാക്കിയപ്പോള്‍ സി പി എമ്മിന്റെ സ്വപ്നങ്ങള്‍ പൂവായി വിടരാതെ മൊട്ടായി തന്നെ കരിഞ്ഞുവീണു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി പി എം അപമാനിച്ചയച്ച എം പി വീരേന്ദ്രകുമാറിനും കൂട്ടര്‍ക്കും ഇതിനിടയില്‍ ഇടതുമുന്നണിയില്‍നിന്നും ക്ഷണക്കത്ത് കിട്ടിയിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി പി എം അപമാനിച്ചയച്ച എം പി വീരേന്ദ്രകുമാറിനും കൂട്ടര്‍ക്കും ഇതിനിടയില്‍ ഇടതുമുന്നണിയില്‍നിന്നും ക്ഷണക്കത്ത് കിട്ടിയിരുന്നു.
സി പി ഐയുടെ വിലാസത്തില്‍ വന്ന ആ കത്ത് തുറന്നു നോക്കുകപോലും ചെയ്യാതെ വീരേന്ദ്രകുമാര്‍ തിരിച്ചയച്ചു. സീറ്റ് വിതരണം പൂര്‍ത്തിയാകുമ്പോള്‍ നിരാശപട കോണ്‍ഗ്രസ് വിട്ടുപുറത്തുവരുമെന്നുള്ള പ്രതീക്ഷയോടെ വിളക്കണക്കാതെ സി പി എം ഉമ്മറപ്പടിയില്‍ വഴിക്കണ്ണുകളുമായി കാത്തുനിന്നു; പക്ഷെ നിരാശയായിരുന്നു ഫലം. യു ഡി എഫില്‍നിന്നും വിമതരെയും നിരാശരെയും കാത്തിരുന്ന സി പി എമ്മിന് സ്വന്തം വീട്ടകത്ത് നിന്നും ശാപം ചൊരിഞ്ഞിറങ്ങി പോകുന്നവരെ തടയാന്‍ സാധിച്ചില്ല. പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സിറ്റിംഗ് എം എല്‍ എ കണ്ണന്താനം ചുവപ്പന്‍ ഉടയാടകള്‍ വലിച്ചുകീറി ഡല്‍ഹിയില്‍പോയി കാവി പുതച്ചത് തെരഞ്ഞെടുപ്പ് വേളയില്‍ സി പി എമ്മിനേറ്റ കനത്ത തിരിച്ചടിയാണ്. ആ പ്രഹരത്തിന്റെ ചൂടാറുംമുമ്പാണ് പാര്‍ട്ടിയിലെ തീപ്പൊരിത്താരം സിന്ധു ജോയി ഇരുമ്പുമറ തകര്‍ത്തു പുറത്തുചാടിയത്.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കേറ്റ കനത്ത പരാജയം മറികടക്കാന്‍ പൊടിക്കൈകളേറെ പ്രയോഗിച്ചിട്ടും ജനമനസ്സുകളെ സ്വാധീനിക്കാന്‍ പറ്റിയിട്ടില്ലെന്നാണ് സി പി എം സംഘടനാതലത്തില്‍ നടത്തിയ രഹസ്യ സ്ഥിതിവിവര കണക്കെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടും സംസ്ഥാന ബജറ്റിലെ വാരിക്കോരിയുള്ള വാഗ്ദാനങ്ങളും സി പി എം പ്രതീക്ഷിച്ചത്ര സ്വാധീനം ചെലുത്തിയിട്ടില്ലെന്നാണ് താഴെത്തട്ടില്‍നിന്നുള്ള റിപ്പോര്‍ട്ട്.
പ്രതിപക്ഷ നേതാക്കളെ കേസില്‍ കുടുക്കാന്‍ അവസാനനാളില്‍ കാണിച്ച ഉത്സാഹം ഏറെദിവസം വാര്‍ത്തകളില്‍ ഇടം നേടിയെങ്കിലും അതിന്റെപേരില്‍ യു ഡി എഫിനെ തളര്‍ത്താനായില്ല. തുടരെ തുടരെയുള്ള ഈ നടപടിയില്‍ ജനങ്ങള്‍ കണ്ടത് വൈരനിര്യാതന ബുദ്ധിയാണ്. ഇത് അച്യുതാനന്ദന് ആദര്‍ശവാദിയുടെ വിശുദ്ധ വേഷമല്ല നല്‍കിയത്, മറിച്ച് പ്രതികാരദാഹിയുടെ കരിവേഷമാണ് നല്‍കിയത്. പൊതുസമൂഹത്തില്‍ കപട ആദര്‍ശവാദിയും പാര്‍ട്ടിക്കകത്ത് ഒറ്റയാനും ആയി ചിത്രീകരിക്കപ്പെട്ടപ്പോഴാണ് സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച നാടകത്തിന്റെ രണ്ടാം ഭാഗത്തിന് വി എസ് തിരശീല ഉയര്‍ത്തിയത്. പാര്‍ട്ടിക്കകത്തെ ചില വികാര ജീവികളെ മാത്രം സ്വാധീനിച്ച ഈ നാടകത്തിന് പൊതുസമൂഹത്തില്‍ ഏറെ കാണികളെയും കയ്യടിക്കാരെയും കിട്ടിയില്ല. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ വി എസ് തന്നെ മുഖ്യമന്ത്രിയാകുമോ എന്ന സന്ദേഹം പരക്കെയുണ്ട്. ഈ അവസ്ഥയില്‍ മലമ്പുഴയില്‍ 1996-ലെ മാരാരിക്കുളം ആവര്‍ത്തിച്ചാലും അത്ഭുതപ്പെടാനില്ല. പാര്‍ട്ടിക്കകത്തെയും പുറത്തെയും പ്രതിയോഗികളെ പ്രഹരിച്ചും തന്റെ പ്രതിച്ഛായക്ക് നിറം പകര്‍ന്നുമുള്ള ആത്മപ്രശംസ നിറഞ്ഞ അച്യുതാനന്ദന്റെ പ്രചരണ പ്രസംഗം കേള്‍ക്കുന്നവര്‍ക്ക് മാത്രമല്ല; പാര്‍ട്ടിക്കകത്തും ദഹനക്കേട് സൃഷ്ടിച്ചിരിക്കയാണ്.






