Random Posts

Monday, March 28, 2011

ഹെലികോപ്റ്റര്‍ ഉപയോഗിക്കേണ്ടെന്ന് അച്യുതാനന്ദന്‍ ബംഗാള്‍ നേതാക്കളോട് പറയട്ടെ: രമേശ് ചെന്നിത്തല

സി പി എമ്മിന്റെ പ്രചാരണം സാന്റിയാഗോ മാര്‍ട്ടിന്റെ ചെലവില്‍
കണ്ണൂര്‍: സര്‍ക്കാര്‍ ചെലവില്‍ ഏറ്റവും കൂടുതല്‍ വിമാനയാത്ര നടത്തിയിട്ടുള്ള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പാര്‍ട്ടി ചെലവില്‍ പ്രചരണത്തിനായി ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കാന്‍ ധാര്‍മികമായ
അവകാശമില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ്‌ചെന്നിത്തല. ദേശീയ നേതാക്കള്‍ക്കും സംസ്ഥാനത്തെ പ്രധാന നേതാക്കള്‍ക്കും പ്രചരണത്തിനായി ഹെലികോപ്റ്റര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അനുവദിച്ചതില്‍ യാതൊരു തെറ്റുമില്ല. ബംഗാളില്‍ ഹെലികോപ്റ്ററില്‍ പ്രചരണത്തിന് പോകുന്ന ബുദ്ധദേവ് ഭട്ടാചാര്യയോടും സി പി എം നേതാവ് ബിമന്‍ബോസിനോടുമൊക്കെ ഹെലികോപ്റ്റര്‍ യാത്ര നിര്‍ത്താന്‍ വി എസ് ആവശ്യപ്പെടുമോയെന്ന് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ രമേശ്‌ചെന്നിത്തല ആരാഞ്ഞു. സാന്റിയാഗോ മാര്‍ട്ടിന്റെ ചെലവിലാണ് സി പി എമ്മിന്റെ പ്രചാരണം. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെ എതിര്‍ത്തവരാണ് സി പി എം നേതാക്കള്‍. അടുത്ത തെരഞ്ഞെടുപ്പാകുമ്പോള്‍ സി പി എം നേതാക്കളും ഹെലികോപ്റ്ററില്‍ യാത്ര ചെയ്ത് പ്രചാരണം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമാണ് നിലനില്‍ക്കുന്നത്. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. അഞ്ച് വര്‍ഷത്തെ ദുരിതങ്ങളില്‍ നിന്നുള്ള മോചനമാണ് കേരളം ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതുപക്ഷത്തിന് ഭരണ നേട്ടങ്ങളൊന്നും പറയാനില്ല. ഭരണത്തിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയെ തന്നെ ഒഴിവാക്കാന്‍ നോക്കിയത് പറയാന്‍ നേട്ടങ്ങളൊന്നും ഇല്ലാത്തത് കൊണ്ടാണ്. അഞ്ച് വര്‍ഷം ഒന്നും ചെയ്യാതിരുന്ന ഇടതുപക്ഷത്തിന് വോട്ടുചോദിക്കാനുള്ള അര്‍ഹതപോലും ഇല്ലാതായിരിക്കുന്നു. അഞ്ച് വര്‍ഷത്തെ വരാനിരിക്കുന്ന ഭരണ രൂപരേഖയാണ് യു ഡി എഫിന്റെ പ്രകടന പത്രിക. കേരളത്തിന്റെ വികസനമാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്.
 
കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ, മത ന്യൂനപക്ഷങ്ങളെ പിന്നോക്കവിഭാഗക്കാരെ കൂടുതല്‍ പരിഗണിക്കാനും യു ഡി എഫ് പ്രതിജ്ഞാ ബദ്ധമാണ്. ഭരണത്തിന്റെ അവസാന നാളിലല്ല, ആദ്യനാളുകളില്‍ തന്നെ യു ഡി എഫ് വാഗ്ദാനം ചെയ്തിട്ടുള്ള ഒരു രൂപ അരി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രവുമായി യോജിച്ചുപോകുന്ന സംസ്ഥാന സര്‍ക്കാറുണ്ടായാലെ കേരളത്തിന്റെ വികസനത്തിന് പ്രയോജന പെടുകയുള്ളു. കേരളത്തിന്റെ സമഗ്രവും സമ്പൂര്‍ണവുമായ പുരോഗതി കേന്ദ്ര സഹായത്തോടെ സാധ്യമാകും. ബംഗാളിലും കേരളത്തിലും വലിയ തിരിച്ചടിയായിരിക്കും സി പി എമ്മിനുണ്ടാകുക. ഈ രണ്ട് സംസ്ഥാനങ്ങളിലും ഭരണം നഷ്ടപ്പെടുന്നതോടെ ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടും. കേരളത്തില്‍ നൂറില്‍ കൂടുതല്‍ സീറ്റ് യു ഡി എഫ് നേടുമെന്നും ചെന്നിത്തല പറഞ്ഞു. യു ഡി എഫ് അധികാരത്തിലേറിയാല്‍ പാവപ്പെട്ട ലോട്ടറി തൊഴിലാളികളെ സഹായിക്കാന്‍ സത്വര നടപടിയുണ്ടാകുമെന്നും ആത്മഹത്യയുടെ വക്കിലെത്തിനില്‍ക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഗൗരവത്തോടെ കാണുമെന്നും രമേശ്‌ചെന്നിത്തല വ്യക്തമാക്കി. കെ പി സി സി ജന.സെക്രട്ടറി കെ സുധാകരന്‍ എം പി, ഡി സി സി പ്രസിഡന്റ് പി രാമകൃഷ്ണന്‍, വി കെ അബ്ദുള്‍ ഖാദര്‍ മൗലവി, കെ പി നൂറുദ്ദീന്‍, എന്‍ രാമകൃഷ്ണന്‍, വി എ നാരായണന്‍, എ ഡി മുസ്തഫ, സജീവ് മാറോളി, അഡ്വ.ടി.ഒ മോഹനന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, കെ പ്രമോദ് എന്നിവരും സംബന്ധിച്ചു.