
പാളയത്തില്‍ പടയെന്ന കലാപക്കടലിലേക്ക് മുങ്ങുന്ന കപ്പലില്‍ കപ്പിത്താനായി വി.എസിനെ വീണ്ടും നിയോഗിച്ചു.നാടകീയമായ പ്രഖ്യാപനമായിരുന്നു ഇന്നലെ പെട്ടന്ന് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പിണറായി വിജയന്‍ നടത്തിയത്.
വി.എസിനെ മത്സരിപ്പിക്കില്ല എന്ന ഉറച്ച തീരുമാനത്തോടെ ഇന്നലെ വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റിനെത്തിയ പിണറായിക്ക് പോളിറ്റ് ബ്യൂറോയില്‍ നിന്നും വന്ന വിളിക്ക് മറുപടി തലകുലുക്കല്‍ മാത്രമാവുകയായിരുന്നു.സംസ്ഥാന സെക്രട്ടറിയെ തീരുമാനമറിയിക്കുന്നതിന് മുന്‍പ് വി.എസ്.അച്യുതാനന്ദനുമായും പിബി അംഗങ്ങള്‍ കൂടിയാലോചന നടത്തി. ഇതോടെ മത്സരിക്കാന്‍ തയാറാണെന്നു വി.എസ്. അറിയിച്ചു. കേന്ദ്രത്തിലുള്ള ഏഴു പിബി അംഗങ്ങളും ഇന്നത്തെ അവയ്‌ലബിള്‍ പിബി യോഗത്തില്‍ പങ്കെടുത്തിരുന്നു.തുടര്‍ന്ന് പിബിയില്‍ നിന്നും കര്‍ശന നിര്‍ദേശം ലഭിച്ചതോടെ പിണറായി വിജയന്‍ പത്തിമടക്കുകയായിരുന്നു.അവെയ്‌ലബിള്‍ പിബി തീരുമാനമെടുത്ത് പ്രഖ്യാപിക്കുന്നതിനു തയാറെടുക്കവേയാണ് പിബിയല്ല തീരുമാനമെടുത്തതെന്ന് തോന്നിപ്പിക്കുന്നതിനായി 'ഒരുമുഴം മുമ്പേ' പത്രസമ്മേളനം വിളിച്ചത്.സ്ഥാനാര്‍ഥി പ്രഖ്യാപനമെന്നു മാത്രമായിരുന്നു അറിയിപ്പും.ശരീരഭാഷയില്‍ പോലും ഒന്നും പ്രകടമാക്കാതിരിക്കാന്‍ വ്യക്തമായ തയാറെടുപ്പുകളോടെയാണ് പിണറായി വിജയന്‍ പത്രസമ്മേളനത്തിനെത്തിയത്.
വി.എസിന്റെ സ്ഥാനാര്‍ഥിത്വം ചോദിക്കുന്നതിന് തയാറെടുത്തുകൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരെക്കൂടി ഞെട്ടിച്ചുകൊണ്ടാണ് ഭാവഭേദമില്ലാതെ ലിസ്റ്റ് വായിച്ച പിണറായി മലമ്പുഴയില്‍ വി.എസ് സ്ഥാനാര്‍ഥി എന്നു വ്യക്തമാക്കിയത്. 'വി.എസ് അനുകൂല' മാധ്യമ പ്രവര്‍ത്തകരെ പരിഹാസത്തോടെയാണ് പിണറായി നേരിട്ടതും.സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കുന്നതിന്റെ രീതി വിശദമായി വിശദീകരിച്ചാണ് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്.
കേരള ഘടകത്തില്‍ വി.എസിനെതിരെ ഒരു നീക്കവും നടന്നിട്ടില്ലെന്ന തോന്നലുണ്ടാക്കുന്ന വിധത്തിലാണ് വി.എസിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിവരം പിണറായി അറിയിച്ചതും. പിബി തീരുമാനം അംഗീകരിച്ചുകൊണ്ട് വി.എസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോഴും വി.എസിനെ ഒതുക്കുകയെന്ന ലക്ഷ്യം തന്നെയാണ് പിണറായി മനസില്‍ വച്ചിട്ടുള്ളത്.
ഇതാണ് പാര്‍ട്ടിയുടെ അനിഷേധ്യനേതാവാണ് വി.എസ് എന്നും അദ്ദേഹം എല്‍ഡിഎഫിനെ നയിക്കും എന്ന് പിണറായി ഇപ്പോള്‍ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നതും.എന്തായാലും പാര്‍ട്ടി തോല്‍ക്കും.അപ്പോള്‍ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തം നയിച്ച ആളിന്റെ പുറത്തു കെട്ടിവക്കുകയെന്നതാണ് ഈ നയം.സ്ഥാനാര്‍ഥി പട്ടികയിലും നിലപാടില്‍ നിന്നും താന്‍ പിന്നോക്കം പോകുന്നില്ലെന്ന് പിണറായി വ്യക്തമാക്കിയിട്ടുണ്ട്. പി.ശശിയെ സ്ത്രീ വിഷയത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്ത്തുന്നതിന് കാരണമായി മാറിയതില്‍ ഒരാള്‍ സി.കെ.പി പത്മനാഭനായിരുന്നു.തളിപ്പറമ്പില്‍ ആദ്യം നിശ്ചയിച്ചിരുന്നത് സി.കെ.പി.പിയെയായിരുന്നെങ്കിലും പിന്നീട് വെട്ടി നിരത്തുകയായിരുന്നു.പി.ശശിയെ സംരക്ഷിക്കും എന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ പിണറായി നല്‍കിയിരിക്കുന്നതും.സ്ഥാനാര്‍ഥി ലിസ്റ്റ് പുറത്തു വന്നതോടെ വി.എസ് ഇല്ലാത്ത അവസ്ഥയില്‍ പാര്‍ട്ടി നേരിട്ടതിനെക്കാള്‍ കടുത്ത എതിര്‍പ്പാണ് സിപിഎം ഇപ്പോള്‍ നേരിടുന്നത്.
വി.എസിനെ ഒഴിവാക്കിക്കൊണ്ട് മുന്‍കൂട്ടി നിശ്ചയിച്ച ലിസ്റ്റിലുള്ള ചിലരെ വെട്ടി നിരത്തിയതില്‍ ശക്തമായ പ്രതിഷേധമാണ് മാറ്റപ്പെട്ടവര്‍ പ്രകടിപ്പിച്ചിരിക്കുന്നത്.കടുത്ത വി.എസ് പക്ഷക്കാരനായിരുന്ന കെ.വി പ്രഭാകരനെ വി.എസിനു പകരം മലമ്പുഴയില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്നു. എന്നാല്‍ വീണ്ടും വി.എസിനെ കളത്തിലിറക്കി മലമ്പുഴയില്‍ പ്രഖ്യാപിച്ചതോടെ കുപ്പായം തയ്പ്പിച്ചിരുന്നയാള്‍ പാര്‍ട്ടിക്കെതിരേ തിരിഞ്ഞു കഴിഞ്ഞു.നിലവിലുള്ള മന്ത്രിമാരുടെ മത്സര പ്രഖ്യാപനവും ചില മേഖലകളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിക്കഴിഞ്ഞു.വി.എസ് വന്നാലും പാര്‍ട്ടി 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുമെന്നാണ് പുതിയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.






