
സസ്‌പെന്‍സുകള്‍ക്ക് വിരാമമിട്ട് 'പിണറായിവധം ആട്ടക്കഥ' രണ്ടാം പര്‍വ്വവും പൂര്‍ത്തിയായി. കളി പൂര്‍ത്തിയായപ്പോള്‍ ഏറ്റവും മികച്ച ആട്ടക്കാരനുള്ള അവാര്‍ഡിനായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടത്
സി പി എം 'കുലംകുത്തി'യെന്ന് രഹസ്യമായി വിശേഷിപ്പിക്കുന്ന സാക്ഷാല്‍ വി എസ് അച്യുതാനന്ദന്‍. തുടര്‍ച്ചയായ രണ്ടാംവട്ടവും താന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സീറ്റ്‌നിഷേധ നാടകത്തിന്റെ ക്ലൈമാക്‌സില്‍ അവൈലബിള്‍ പി ബി അംഗങ്ങള്‍ ഇടങ്കോലിട്ടപ്പോള്‍ പിണറായി വിജയന്‍ വീണ്ടും അപഹാസ്യനായി. ഒടുവില്‍ ആട്ടക്കഥ പൂര്‍ത്തിയാക്കി സിറ്റിംഗ് സീറ്റായ മലമ്പുഴയെ വി എസ് വാരിപ്പുണര്‍ന്നു. ഫലത്തില്‍ പാര്‍ട്ടി തോറ്റെങ്കിലും 'കുലംകുത്തി' ജയിക്കുകയാണുണ്ടായത്. അതും ഒരു തവണയല്ല; തുടര്‍ച്ചയായ രണ്ടാം തവണ. ഇതും ചരിത്രമാണ്. പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തെ ഒറ്റിക്കൊടുത്ത ഒറ്റയാനെ മനസ്സില്ലാമനസ്സോടെ മത്സരിപ്പിക്കാന്‍ നിര്‍ബന്ധിതമായ സി പി എമ്മിന്റെ ഗതികേടിന്റെ ചരിത്രം. വി എസ് ഇപ്പോള്‍ അടക്കി ചിരിക്കുകയാണ്. കാലഹരണപ്പെട്ട പുണ്യവാളന്റെ ചിരിയല്ല; മറിച്ച് കാലഹരണപ്പെട്ട പാര്‍ട്ടിയുടെ നേതൃത്വത്തെ തുടര്‍ച്ചയായ രണ്ടാംവട്ടവും അപഹാസ്യമാക്കിയ ഒറ്റയാന്റെ കൊലച്ചിരിയാണത്. പിണറായിയും കൂട്ടരും സീറ്റ് നിഷേധിച്ചപ്പോള്‍ 'അനാരോഗ്യം കാരണമാണ് താന്‍ മത്സരിക്കാത്തതതെന്ന്' പറഞ്ഞ വി എസ് അച്യുതാനന്ദനോട് പിന്നെന്തുകൊണ്ടാണ് വീണ്ടും മത്സരിക്കാനിറങ്ങുന്നത് എന്നൊന്നും ചോദിച്ചു കളയരുത്. അത് അദ്ദേഹത്തിന്റെ നയമാണ്.
വി എസിന് ഒരു നയം, പിണറായിയ്ക്കും സംസ്ഥാന നേതൃത്വത്തിനും വേറൊരു നയം, അവൈലബിള്‍ പി ബിയ്ക്ക് ഇത് രണ്ടുമല്ലാതെ മറ്റൊരു നയം. അണികളെന്ന് പറയുന്ന വിവേക ശൂന്യരായ പാവങ്ങള്‍ക്ക് നയമെന്തെന്നറിയാത്തവരുടെ നയം. ഇതെല്ലാം ഒരുമിച്ച് ചേര്‍ന്നാല്‍ കമ്മ്യൂണിസമായെന്ന് 'മുടിയും താടിയും വടിക്കാത്ത ചില ഇടതുപക്ഷ ബുദ്ധജീവി നാട്യക്കാര്‍' വിളിച്ചുപറയും. തലശ്ശേരിയില്‍ നിന്ന് കൊടിയും പിടിച്ച് പാര്‍ട്ടിയെ നയിക്കാമെന്ന് സ്വപ്നം കണ്ട ആഭ്യന്തരമന്ത്രിയെ പാര്‍ട്ടി പ്രത്യയ ശാസ്ത്രത്തിനുള്ളിലെ ഏത് ആഭ്യന്തരനയത്തിന്റെ പേര് പറഞ്ഞ് ആശ്വസിപ്പിക്കാമെന്നും ചോദിക്കരുത്. ചോദ്യം ആവര്‍ത്തിച്ചാല്‍ പിണറായി പത്രസമ്മേളനം നടത്തി ഇങ്ങിനെ മറുപടി പറയും. 'ആര് പറഞ്ഞു നിങ്ങളോട്... വി എസ് മത്സരിക്കുന്നില്ലെന്ന്. ഇപ്പോഴല്ലെ സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ചത്. ബാക്കിയെല്ലാം നിങ്ങള്‍ മാധ്യമങ്ങളുടെ സൃഷ്ടിയല്ലേ??' എന്ന്.
'വി എസ് എന്ന അനിഷേധ്യനായ നേതാവ് മത്സരിക്കുമ്പോള്‍ ആര് പാര്‍ട്ടിയെ നയിക്കുമെന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല' എന്ന പിണറായിയുടെ പ്രസ്താവന നേര്‍ത്തൊരു പരിഹാസച്ചിരിയോടെയാണ് കേരളജനത നോക്കിക്കണ്ടത്.
വി എസിന് സീറ്റില്ലെന്ന് പതിനാല് ജില്ലാകമ്മിറ്റികളെക്കൊണ്ടും പറയിപ്പിച്ച പിണറായിയുടെ നാവിന്‍ തുമ്പില്‍ നിന്ന് തന്നെ 'മലമ്പുഴയില്‍ വി എസ്' എന്ന് പ്രഖ്യാപനം വന്നതോടെ 2006 ലെ പ്രഹസന നാടകത്തിന്റെ തനിയാവര്‍ത്തനമാണ് അരങ്ങേറിയത്. കോടിയേരിയുടെ കയ്യില്‍ നിന്നും കൊടി പിടിച്ചുവാങ്ങി വി എസ് കളത്തിലിറങ്ങാനൊരുങ്ങുമ്പോള്‍ പിണറായിയ്‌ക്കൊപ്പം കോടിയേരി ബാലകൃഷ്ണനും തലയില്‍ മുണ്ടിട്ടിറങ്ങേണ്ട സ്ഥിതിയാണിപ്പോള്‍. സംസ്ഥാന നേതൃത്വത്തെ ഒറ്റിക്കൊടുത്ത വി എസിനെ പാഠം പഠിപ്പിക്കാന്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച പിണറായി വൃന്ദത്തിന് പി ബി തീരുമാനം ഇടുട്ടടിയാണെന്നതില്‍ സംശയത്തിനിടമില്ല. വി എസിന്റെ സ്ഥാനാര്‍ത്ഥിത്വം ഗതികെട്ട് അംഗീകരിച്ചെങ്കിലും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെ സ്വീകരിക്കാന്‍ മനസ്സ് കാണിക്കാത്ത ഔദ്യോഗിക നേതൃത്വം മലമ്പുഴയില്‍ കരിങ്കാലിപ്പണി ചെയ്യുമെന്ന് ഉറപ്പാണ്. ജയിച്ചാലും തോറ്റാലും മത്സരിക്കാന്‍ താന്‍ കച്ച കെട്ടിയെന്ന് 'പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന' പ്രഖ്യാപനത്തിലൂടെ വി എസ് തെളിയിക്കുകയും ചെയ്തു.
ഭരണനേട്ടമായി യാതൊന്നും അവകാശപ്പെടാനില്ലാത്ത ഇടതുമുന്നണിയിലെ വല്ല്യേട്ടന്‍ പാര്‍ട്ടി ഏതാനും ഗിമ്മിക്കുകള്‍ കാട്ടി രക്ഷപ്പെടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. വി എസിന് ആദ്യം സീറ്റ് നിഷേധിച്ചും പിന്നീട് സീറ്റ് നല്‍കിയും നടത്തിയ നാടകം ഇത്തവണയും വലിയ മാറ്റമില്ലാതെ അവതരിപ്പിക്കപ്പെട്ടതോടെ പിണറായിയ്‌ക്കൊപ്പം പ്രകാശ് കാരാട്ട് കൂടി പ്രതിനായക സ്ഥാനത്തെത്തിയിരിക്കുകയാണ്. വി എസ് മത്സരിക്കുന്നതില്‍ യോജിപ്പാണെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന സമിതിയില്‍ അറിയിക്കാതെ പൂഴ്ത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നുകഴിഞ്ഞു. സീറ്റ് പോയെന്ന സൂചന ലഭിച്ചതോടെ സംസ്ഥാനത്തെങ്ങും വി എസ് അനുകൂല പ്രകടനങ്ങള്‍ നടത്തിയ കുലംകുത്തികള്‍ രണ്ടാം വട്ടവും വിജയിച്ചതോടെ പാര്‍ട്ടിയും നേതൃത്വവും പരാജയം ഇരന്നുവാങ്ങി. പി ബിയുടെ മുന്‍തീരുമാനം സംസ്ഥാന സമിതിയ്ക്ക് മുമ്പാകെ അവതരിപ്പിക്കാന്‍ തയ്യാറാവാത്ത പ്രകാശ് കാരാട്ടിനും പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയ്ക്കുമെതിരെ പി ബി യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നത് പോളിറ്റ്ബ്യൂറോയ്ക്കുള്ളിലും വിഭാഗീയത കൊടികുത്തി വാഴുകയാണെന്ന വസ്തുത ഉറപ്പിക്കുന്നുണ്ട്.






