
നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സി.പി.എമ്മിന് തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുതിര്‍ന്ന നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ സീതാറാം യച്ചൂരി. 2008ല്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന്റെ പ്രത്യാഘാതം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എങ്കിലും ബംഗാളില്‍ സി.പി.എം തിരിച്ചുവരവിന്റെ പാതയിലാണ് യച്ചൂരി പറഞ്ഞു. ഏഷ്യന്‍ ഏജ് എന്ന പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് യച്ചൂരിയുടെ അഭിപ്രായപ്രകടനം.
ആണവ കരാര്‍ വിഷയത്തില്‍ ഒന്നാം യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതു കൊണ്ടുണ്ടായ നഷ്ടം ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ബംഗാളില്‍ കോണ്‍ഗ്രസ്തൃണമൂല്‍ സഖ്യത്തിന് വഴിയൊരുക്കിയത് യു.പി.എക്കുള്ള പിന്തുണ പിന്‍വലിച്ച നപടിയാണെന്നും യച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞത് തിരിച്ചടിയാവുമെന്ന് പാര്‍ട്ടിയിലെ ഔദ്യോഗിക ചുമതലയുള്ളയാള്‍ തുറന്നു സമ്മതിക്കുന്നത് ഇതാദ്യമായാണ്. മറ്റൊരു പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയും ഇന്നലെ ഇതേ നിലപാട് ആവര്‍ത്തിച്ചു. പ്രകാശ് കാരാട്ടിനെതിരെ പരോക്ഷ വിമര്‍ശനം ഉള്‍കൊള്ളുന്നതായിരുന്നു യച്ചൂരിയുടെ അഭിപ്രായ പ്രകടനം.
കാരാട്ടിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് യച്ചൂരി അഭിമുഖത്തില്‍ സൂചിപ്പിച്ചു. 2008ല്‍ താന്‍ ലണ്ടനിലായിരിക്കുമ്പോഴാണ് യു.പി.എ ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇതേതുടര്‍ന്നുണ്ടായ വിശ്വാസ വോട്ടെടുപ്പില്‍ യു.പി.എ വിജയിക്കുകയും ചെയ്തു. കാര്യമായ കൂടിയാലോചനകളില്ലാതെ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതാണ് തിരിച്ചടിയായത്. അമേരിക്കയുമായുള്ള ആണവക്കരാറിനെ എതിര്‍ക്കുക എന്നതായിരുന്നു സി.പി.എം നയം. എന്നാല്‍ ഇതിന്റെ പേരില്‍ ധൃതിപ്പെട്ട് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചത് തിരിച്ചടിയായി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും പാര്‍ട്ടി നേരിട്ട നാണംകെട്ട പരാജയത്തിനു കാരണങ്ങളില്‍ ഒന്ന് ഇതായിരുന്നു. ഇടതു മുന്നണിയുടെ എതിര്‍ചേരിയിലുള്ള എല്ലാവരും ബംഗാളില്‍ ഒരേ കുടക്കീഴില്‍ വരാന്‍ ഇത് വഴിവെച്ചു. കോണ്‍ഗ്രസുമായി പിരിഞ്ഞത് ഞങ്ങളെ ബാധിക്കുമായിരുന്നില്ല. പക്ഷേ, അപ്പോഴേക്കും എതിരാളികളെല്ലാം ഒന്നിച്ചുചേര്‍ന്നിരുന്നു. പ്രധാന സീറ്റുകളിലെല്ലാം ഇത് ഞങ്ങള്‍ക്ക് തിരിച്ചടിയായി മാറി. തൃണമൂലും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യത്തിന് സൗകര്യം ചെയ്തു കൊടുക്കുന്നതായി അന്നത്തെ തീരുമാനം യച്ചൂരി വിശദമാക്കി.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് സി.പി.എം പോലും കണക്കുകൂട്ടുന്നത്. അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന് ബിമന്‍ ബോസ്, പ്രകാശ് കാരാട്ട് തുടങ്ങിയ നേതാക്കള്‍ പറയുന്നുണ്ടെങ്കിലും അവരുടെ വാക്കുകളില്‍ ആത്മവിശ്വാസമില്ലായ്മ പ്രകടമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടതായി വരെ പാര്‍ട്ടിയുടെ ഉന്നത യോഗങ്ങളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം ബംഗാളില്‍ പാര്‍ട്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണെന്നാണ് യെച്ചൂരി പറയുന്നത്. അടിസ്ഥാന വര്‍ഗവുമായുള്ള ബന്ധം പാര്‍ട്ടി വീണ്ടെടുത്തു കഴിഞ്ഞു. ഫെബ്രുവരി 23ന് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയുടെ വിജയം അതിന്റെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ ശ്രമം നടത്തിയ കേരളത്തിലെ ഔദ്യോഗിക പക്ഷത്തെ യെച്ചൂരി പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ദേശീയ നേതാക്കളില്‍ മിക്കവരും വി.എസ്സിനെ പിന്തുണക്കുന്നവരാണെന്ന് യച്ചൂരി പറഞ്ഞു. അദ്ദേഹം മത്സരിക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. സി.പി.എം പുറത്തുവിട്ട ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരുണ്ട്. ഇതുസംബന്ധിച്ച് പ്രചരിച്ച കാര്യങ്ങളൊക്കെ മാധ്യമ സൃഷ്ടിയാണെന്നും യച്ചൂരി ആരോപിച്ചു.






