
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് രണ്ടു മന്ത്രിമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിച്ചത് വിവാദമാകുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇടതുമുന്നണിയുടെ പുതിയ നായകന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും നിയമമന്ത്രി എം.വിജയകുമാറുമാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായ യാത്രയ്ക്ക് സ്റ്റേറ്റ് കാര്‍ ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സി.പി.എം. സംസ്ഥാന സമിതി തയ്യാറാക്കിയ ആറു ഹ്രസ്വ ചിത്രങ്ങളുടെ പ്രകാശനം വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ നടന്നു. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കോടിയേരി എത്തിയത് 'കേരള സ്റ്റേറ്റ് 5' നമ്പര്‍ കാറില്‍. വിജയകുമാറാകട്ടെ 'കേരള സ്റ്റേറ്റ് 12' നമ്പര്‍ കാറിലും.
വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി, തുറമുഖ മന്ത്രി വി.സുരേന്ദ്രന്‍ പിള്ള എന്നിവരും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, അവര്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറിലാണെത്തിയത്.
പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ പാര്‍ട്ടി പരിപാടികള്‍ക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.






