Random Posts

Sunday, March 27, 2011

ചെങ്കൊടിയേന്തി കുമ്പസാരിച്ച് അരമനകളിലേക്ക്; 'നികൃഷ്ടജീവി'കളെ അടുപ്പിക്കില്ലെന്ന് സഭ

കൊച്ചി: ഒരുകൈയില്‍ ചെങ്കൊടിയും മറുകയ്യില്‍ മാപ്പപേക്ഷയുമായി അരമനകളിലേക്ക് സിപിഎം നേതാക്കളുടെ ഒഴുക്ക്. ലത്തീന്‍ മേഖലകളില്‍ സിപിഎമ്മും സീറോ മലബാര്‍ മേഖലകളില്‍ സിപിഐയും മറ്റ് സഭാ ആസ്ഥാനങ്ങളില്‍ ഒറ്റക്കെട്ടായുമാണ് ഇടതു നേതാക്കള്‍ കയറിയിറങ്ങുന്നത്.കഴിയുന്നത്ര ബിഷപ്പുമാരുമായി കൂടിക്കാഴ്ചകള്‍ നടത്തി പുറത്തിറങ്ങി പ്രശ്‌ന പരിഹാരമായി എന്നു ജനങ്ങള്‍ക്ക് മുന്നില്‍ പറയുക എന്നതാണ് ഇടതു അജണ്ട. വികസന മുന്നേറ്റ ജാഥ നടത്തി സീറോ മലബാര്‍ ആസ്ഥാനത്ത് കര്‍ദ്ദിനാളിനെ സന്ദര്‍ശിച്ച കോടിയേരിയും മന്ത്രി ദിവാകരനും സംഘവും എല്ലാം പൊറുക്കണം, സഹായിക്കണം എന്ന് അപേക്ഷിച്ചതായാണ് വിവരം. വോട്ടുബാങ്കു രാഷ്ട്രീയത്തിന് ഇറങ്ങിത്തിരിച്ച് വാഗ്ദാനങ്ങള്‍ നല്‍കിയും നിലപാട് തിരുത്തിയുമാണ് നേതാക്കള്‍ പിന്തുണയ്ക്കായി അരമനകളില്‍ കയറിയിറങ്ങുന്നത്.

 കോടിയേരി ബാലകൃഷ്ണനെയാണ് സിപിഎം ഇതിനായി പ്രത്യേകം നിയോഗിച്ചിരിക്കുന്നത്.മലങ്കര സഭാ ആസ്ഥാനത്തേക്ക് മന്ത്രി എം വിജയകുമാറിനെയും നിയോഗിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കലുമായി കോടിയേരി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭകള്‍ക്ക് ഇടതുപക്ഷത്തോട് ശത്രുതയില്ലെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്. ക്രൈസ്തവ സഭകളുമായുള്ള തെറ്റിദ്ധാരണകളെല്ലാം പരിഹരിച്ചുവെന്നാണ് കോടിയേരിയുടെ പ്രസ്താവന.കഴിഞ്ഞകാല നിലപാടുകളെ തിരുത്തുമെന്നാണ് കോടിയേരിയുടെ വാഗ്ദാനം. കെസിബിസി പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായി മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പനും മന്ത്രി കെ.പി രാജേന്ദ്രനും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.ലത്തീന്‍ സഭ സമദൂരവും മറ്റു സഭകള്‍ വ്യക്തമായ മാര്‍ക്‌സിസ്റ്റ് വിരോധവും പ്രഖ്യാപിച്ചിരിക്കെ വോട്ടിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറെന്നാണ് ഇടതു പക്ഷത്തിന്റെ നിലപാട്.

അതേസമയം മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് സഭയുടെ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ക്രൈസ്തവനേതൃത്വം എത്തിയത് ഇടതുതന്ത്രത്തിന് തിരിച്ചടിയായി. ക്രൈസ്തവ സഭകളെ കൂടെനിര്‍ത്താനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ഇടത് നേതാക്കള്‍ അരമനകളില്‍ സന്ദര്‍ശനം നടത്തിയതെന്ന് നേതൃത്വം തിരിച്ചറിഞ്ഞുകഴിഞ്ഞു. വിശ്വാസത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ മുന്‍ തെരഞ്ഞെടുപ്പുകളില്‍ പുറത്തിറക്കിയ ഇടയലേഖനം വിസ്മരിക്കരുതെന്ന ചങ്ങനാശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ പ്രസ്താവന ഇതിന് ഉദാഹരണം. മതമേലധ്യക്ഷന്മാരുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ ലക്ഷ്യം നേടാന്‍ ആഗ്രഹിക്കുന്നവരുടെ തന്ത്രം വിലപ്പോവില്ല. ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നവരെ തിരിച്ചറിഞ്ഞ് വിശ്വാസികള്‍ മനഃസാക്ഷി വോട്ട് ചെയ്യണമെന്നായിരുന്നു ഇടയലേഖനം.

ഇതില്‍ മാറ്റംവരുത്തേണ്ട സാഹചര്യം ഇല്ലെന്നും ആര്‍ച്ച്ബിഷപ് വ്യക്തമാക്കി. ഇടത് വിരുദ്ധ നിലപാടില്‍ മാറ്റമില്ലെന്നും സഭാ വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരുടെ 'കാപട്യം' ബോധ്യപ്പെടുത്താനുമാണ് സഭ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നികൃഷ്ട ജീവി പ്രയോഗവും വിദ്യാഭ്യാസ മേഖലയില്‍ സമുദായത്തെ എതിര്‍ത്തതും പാഠപുസ്തക വിവാദവുമൊക്കെ അത്ര പെട്ടന്ന് മറക്കാന്‍ തയാറാല്ലെന്നു തന്നെയാണ് സഭയുടെ നയം.ചിലയിടങ്ങളില്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാടെടുക്കാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്ന് ഒന്നോ രണ്ടോ ബിഷപ്പുമാര്‍ പറയുന്നുണ്ടെങ്കിലും മുന്‍ ഇടയലേഖനത്തിലെ പ്രഖ്യാപനങ്ങളില്‍ മാറ്റമില്ലെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ വ്യക്തമാക്കിയത് ഇടതിന് തിരിച്ചടിയായിരിക്കുകയാണ്. ആര്‍ച്ച് ബിഷപ് പവ്വത്തിലിനെ കയ്യിലെടുക്കാന്‍ മറ്റു സഭാധ്യക്ഷന്‍മാരുടെ സഹകരണം തേടാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.