
തെരഞ്ഞെടുപ്പില്‍ മത്സരിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ മറ്റൊരു ചരിത്രാധ്യായമായി കെ ആര്‍ ഗൗരിയമ്മ മാറുമെന്ന കാര്യത്തില്‍ രണ്ട് പക്ഷമില്ല. ചേര്‍ത്തലയില്‍ നിന്നും താന്‍ ജനവിധി തേടുമെന്ന പ്രഖ്യാപനം ഗൗരിയമ്മ നടത്തിയതോടെ
അത് ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ തന്നെ ആര്‍ക്കും മറികടക്കാനാവാത്ത തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോര്‍ഡായി. ഏറ്റവും കൂടുതല്‍ തവണ കേരള നിയമസഭയിലേക്ക് തുടര്‍ച്ചയായി മല്‍സരിക്കുന്ന വ്യക്തിയെന്ന റെക്കോര്‍ഡുമായാണ് ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ ഇത്തവണ ചേര്‍ത്തലയില്‍ നിന്നും പോരിനിറങ്ങുന്നത്. നിയമസഭയിലെത്തിയാല്‍ കേരള നിയമസഭയിലെ ഏറ്റവും പ്രായംകൂടിയ അംഗം എന്ന റെക്കോര്‍ഡ് വരുന്ന ജൂണില്‍ 92-തികയുന്ന ഗൗരിയമ്മയ്ക്കു സ്വന്തമാകും. പി ആര്‍ കുറുപ്പിനെ 2004 ഒക്ടോബര്‍ 31 ന് 85 ാമത്തെ വയസില്‍ മറികടന്നാണ് ഗൗരിയമ്മ ഈ റെക്കോര്‍ഡ് സ്ഥാപിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ മറ്റൊരു വനിതയ്ക്കും അവകാശപ്പെടാന്‍ കഴിയാത്ത റെക്കോര്‍ഡുകളുടെ ഉടമയാണ് ഗൗരിയമ്മ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ക്കാലം നിയമസഭാംഗമായ ഇവര്‍ 2006 മാര്‍ച്ച് 31 വരെ 16,832 ദിവസം നിയമസഭാ അംഗമായിരുന്നു. ഏറ്റവും കൂടുതല്‍കാലം മന്ത്രിയായിരുന്ന ഏകവനിത. ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങി ഗൗരിയമ്മയ്ക്കു വിശേഷണങ്ങളേറെയാണെങ്കിലും മറ്റാര്‍ക്കും ഇനിയും തളളിക്കളയാന്‍ പറ്റാത്ത, എത്തപ്പെടാന്‍ പറ്റാത്ത റെക്കോര്‍ഡും ഗൗരിയമ്മയ്ക്കുണ്ട്.
തുടര്‍ച്ചയായ 16 മത്സരത്തിലൂടെ 13 വിജയം സ്വന്തമാക്കി ചരിത്രത്തില്‍ ഇടംനേടിയ കെ.ആര്‍.ഗൗരിയമ്മ 17-ാം തെരഞ്ഞെടുപ്പു പോരാട്ടത്തിനാണ് ചേര്‍ത്തലയില്‍ കച്ചമുറുക്കിയിരിക്കുന്നത്. 29-ാം വയസില്‍ കന്നി അങ്കം കുറിച്ച ചേര്‍ത്തലതന്നെയാണ്് 92-ാംവയസിലും ഗൗരിയമ്മ അങ്കത്തിനിറങ്ങുന്നതെന്നത് നിയോഗം. സ്വാതന്ത്ര്യപ്രാപ്തിക്ക് പിന്നാലെ രൂപീകരിച്ച നിയമസഭയിലേക്ക് 1948-ല്‍ നടന്ന ആദ്യ പ്രായപൂര്‍ത്തി വോട്ടെടുപ്പിലായിരുന്നു ഗൗരിയമ്മയുടെ കന്നി അങ്കം. കേരള സംസ്ഥാന രൂപീകരണശേഷം 57-ലും 60-ലും ചേര്‍ത്തലയില്‍നിന്നും വിജയം ആവര്‍ത്തിച്ചു. 65-ല്‍ തട്ടകം അരൂരിലേക്ക് മാറ്റി. അന്നുമുതല്‍ 2006-വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും അവര്‍ അരൂരില്‍ മത്സരിച്ചു. 77-ലും 96-ലും മാത്രമാണ് അരൂര്‍ അവരെ കൈവിട്ടത്. 1965-ല്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സഭ സമ്മേളിച്ചില്ല. ആകാലയളവ് ഒഴിച്ചാല്‍ കേരള നിയമസഭയുടെ 54 വര്‍ഷത്തെ ചരിത്രത്തില്‍ 46 വര്‍ഷവും ഗൗരിയമ്മ സഭയിലുണ്ടായിരുന്നു.
1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സി.പി.എം പക്ഷത്ത് നിലയുറപ്പിച്ച ഗൗരിയമ്മ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് വരെയെത്തി. 87-ല്‍ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി സി.പി.എം അവരെ ഉയര്‍ത്തിക്കാട്ടിയെങ്കിലും തെരഞ്ഞെടുപ്പിനുശേഷം വെട്ടിനിരത്തി. വെറും മന്ത്രിയായി ഒതുക്കപ്പെട്ടതിനുപിന്നാലെ തുടര്‍ച്ചയായി വേട്ടയാടുന്ന സമീപനമാണ് പാര്‍ട്ടിയില്‍നിന്നുണ്ടായത്. ഇതിന്റെ പരിണിതഫലം പുറത്താക്കലില്‍ കലാശിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്ത് വന്ന് ജെ എസ് എസ് രൂപീകരിച്ച് യു ഡി എഫിന്റെ ഭാഗമായി മാറിയ ഗൗരിയമ്മ 1996 ലും 2001 ലും ജെ.എസ്.എസ് സ്ഥാനാര്‍ഥിയായി അരൂരില്‍ നിന്നു തന്നെ വിജയിച്ചു. 1957 ലായിരുന്നു പ്രഥമ കേരള മന്ത്രിസഭയിലെ കമ്യൂണിസ്റ്റ് നേതാവും മന്ത്രിയുമായിരുന്ന ടി വി തോമസുമായുള്ള വിവാഹം നടന്നത്.നിയമസഭയിലെ മന്ത്രി ദമ്പതിമാര്‍ എന്നാണ് ഗൗരിയമ്മയും ഭര്‍ത്താവ് ടി വി തോമസും അറിയ പ്പെട്ടിരുന്നത്.1919 ജൂലൈ 14-ന് പട്ടണക്കാട് ഗ്രാമത്തില്‍ കെ എ രാമന്റേയും പാര്‍വതിയുടേയും മകളായി ജനിച്ച ഗൗരിയമ്മ ചെറുപ്പത്തില്‍ തന്നെ പൊതു പ്രവര്‍ത്തന രംഗത്തുണ്ട്.92-ാം വയസിലും ഊര്‍ജ്ജസ്വലമായി ഒരു പാര്‍ട്ടിയെ നയിക്കുന്ന വനിത ഇന്ത്യയില്‍ തന്നെ ചരിത്രമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തുടക്കം മുതല്‍ മത്സര രംഗത്തുളള ഗൗരിയമ്മ ഇത്തവണ കൂടി രംഗത്ത് വന്നതോടെ തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന വ്യക്തിയെന്ന ചരിത്രം കൂടിയായകുകയാണ് അരൂരിന്റെ കുഞ്ഞമ്മ.






